Sunday, July 14, 2013

കവിത/സഫലമീ യാത്ര

കവിത/സഫലമീ യാത്ര
ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിരവരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്​പര്‍ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?

ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.

ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്​പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.

പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു
പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍ .

മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?
ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.

കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര.
-1981

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...