"റബ്ബി...........
അങ്ങ് ദൈവപുത്രൻ... ലാസറെ ഉയർപ്പിച്ച മഹാ വൈദ്യൻ,
ആറടി അകലം!
വീഞ്ഞു വിളമ്പുന്ന പെസഹാ, എങ്കിലും, ഗുരോ, ഓള് പറയുന്നു, വാതിലടച്ചു സംഹാര ദൂദനെ തടയുവാൻ.
മാളിക മുകളിലെ അങ്ങിന്റെ വിരുന്നിന് പോകാതെ പോകാതെ എന്നവൾ... ശിഷ്യരാം ഞങ്ങൾ നിരാലംബ്ബർ...
വരാതെ വരാനാകാതെ...
ഗുരോ, വീഞ്ഞും അപ്പോം ഒക്കെ കൊള്ളാം, വീഞ്ഞില്ലാതെ ഞങ്ങൾ ശിഷ്യർ മാസം ഒന്നിന് മേലെയായി തള്ളി നീക്കുന്നത്.
അങ്ങേക്കാണെങ്കിൽ, ഞങ്ങളാരും ഇല്ലാത്ത നേരം നോക്കി, കുറച്ചു വെള്ളം എടുത്തു വീഞ്ഞാക്കി ഒറ്റ തട്ടു തട്ടാം. പാവം ഞങ്ങളോ... ഇതിന്റെ വിദ്യ ഒന്ന് ചൊല്ലിത്തരാൻ എത്രവട്ടം കേണതാ.... 'സമയമായില്ല... എല്ലാത്തിനും ഒരു സമയമുണ്ട്'
പണ്ടു പണ്ട് ശലോമോൻ എഴുതിയ വാക്യം ഉദ്ധരിച്ച്, കുറേ സാരോപദേസോം കുറേ ഉപമകളും ഒക്കെ കോർത്തിണക്കി പറഞ്ഞ്,, ഞങ്ങളെ നിരാശരാക്കി വെറും കയ്യാലെ മടക്കി അയക്കും!
'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്'..!
ഇതു തന്നെയാ ഞങ്ങളും പറേണേ... ഇവിടെ അപ്പം വേണ്ടോളം ഉണ്ട്. ഇല്ലാത്തത് ജീവന്റെ ഇച്ചിരി നീരാ...
ഒഴിച്ചു തരാൻ പറയണില്ല. എന്നാ ആ വിദ്യയെങ്കിലും ഒന്ന് ചൊല്ലിത്താ. എത്ര നാളായീ പുറകെ നടന്ന് അടിയും തുപ്പും ഏൽക്കണു.
പകൽ മുഴുവൻ അങ്ങിന്റെ കൂടെ. വെയിലൊന്നാറുമ്പോൾ കുടിയിൽ വന്നാ അവളുടെ ആവലാതീം, ഉപദേസോം, കണ്ണീരും... "
"ഇതിയാനേ.. നിങ്ങ എന്തോരും മീനൂട്ടായിട്ട് കരയിൽ വരാരാ പണ്ട്.. 'ഞാൻ നിങ്ങേ മനുഷ്യന്മാരെ പിടിക്കണോരാക്കാം' എന്ന് മോഹിച്ച് ഓളേം കൊച്ചിനേം ഇട്ടിട്ട് ഒറ്റ പോക്കല്ലാർന്നോ! എന്നിട്ടിപ്പോ ഏതാണ്ട് കാണാത്ത ഒരു കുന്തത്തേയും പേടിച്ച് വന്നേക്കണ്... വലേം എടുത്തോണ്ട് ഇപ്പൊ തന്നെ
പൊക്കോണം, കടലമ്മേനെ തൊഴുത് ... "
ഗുരോ, കടലിൽ ചാടാൻ പോവ്വാ... തിര കാണുമ്പോൾ വല്ലാത്ത പേടിയാ.. ഒത്തിരി ആയി വലയെറിഞ്ഞിട്ട്..
ഒരു ധൈര്യത്തിന്, കാനാവിലെ ആ വിദ്യ ഒന്നു കൂടി...
ഇപ്പോൾ കണ്ടോ?! ആവശ്യ സമയത്ത് ശിഷ്യന്മാരെല്ലാം ഇട്ടേച്ച് പോയത്?! മാളിക മുകളിൽ, നല്ല ഒന്നാന്തരം വീഞ്ഞും ചൂടപ്പവും വിളമ്പുന്ന അത്താഴ വിരുന്നിനു, അങ്ങ് തലമൂത്ത 'പത്രോസേ, നീ പാറയാകുന്നു' നെ വിട്ടു പ്രത്യേകം വിളിപ്പിച്ചിട്ടും സന്തത സഹചാരികളായിരുന്ന ഞങ്ങൾ ഒറ്റയാളും 'ആറടി അകലം' പാലിച്ച് അടുക്കാതിരിക്കണത്!
ആർഭാടമായി, ഞങ്ങടെ ഇടയിൽ ഇരുന്നു പുളിപ്പില്ലാത്ത അപ്പം മുറിച്ച്, വീഞ്ഞ് മൊന്തയിൽ നിറച്ചു തന്ന് 'പുതിയ കൽപ്പന' വിളംബരം ചെയ്യാൻ അങ്ങേക്ക് ഞങ്ങളെ കൂട്ടിനു വേണം.
ഞങ്ങൾ വെറും കോൺട്രാക്ട് ലേബേഴ്‌സ്!!!
മാസം ഒന്നിന് മേലെയായീ തൊണ്ണ നനച്ചിട്ട്. ഒരു തുള്ളി കിട്ടാനില്ല എന്ന് അങ്ങേയ്ക്കറിയാം. ഇതുവരേം ഒരു കരുണയും കാട്ടിയില്ല അങ്ങ്....
ഒരുപാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നല്ലോ ന്യായപ്രമാണം.....
'ആറടി അകലം', വാരാനാകില്ല ഗുരോ...
കുടിയിലെ ഓള് ഒച്ചവെക്കുന്നു.
"അങ്ങേര് മരിച്ചവരെ ഉയർപ്പിച്ചായിരിക്കാം...
അങ്ങിന്റെ വിളികേട്ട് മാളികയിൽ വന്നു കൂട്ടം കൂടി, സുറിയാനീം പറഞ്ഞു 'വസന്ത'യുമായീ കുടിയിൽ വന്നാലേ... എന്നിട്ട് മ്മടെ പുന്നാര മോനിന് കൊണ്ടോന്ന് കൊടുക്കരുത്... റെസിസ്റ്റ്ൻസ് തീരെയില്ല പൊന്നിന്. ഒത്തിരി നേർച്ച നേർന്ന് ഉണ്ടായ ഒരു തരിയാ.. മ്മള് സൂക്ഷിച്ചാ മ്മക്ക് കൊള്ളാം.. പറഞ്ഞില്ലാന്നു വേണ്ടാ, ഞാൻ മടുത്തു നിങ്ങളേം കൊണ്ട്........"
ഗുരോ, വീട്ടിലെ വാമഭാഗം കണ്ണീ ചോരയില്ലാതെ അവസാന വാണിംഗ് തന്നേക്കാ....
"വീഞ്ഞടിച്ച്, പൂസായീട്ട്, മത്തനായി വൈകുന്നേരം ഇങ്ങു കേറി വന്നേരെ, അറടി അകലെ, തിണ്ണയില് ഓലമറിച്ച് ഏകാന്തവാസം രണ്ടാഴ്ച!
സ്ട്രിക്ട് കോറൻ്റെയിൻ! നോ എസ്ക്യൂസ്സ്... മനസ്സിലായോ!
അങ്ങേര് ലാസറെ ഉയർപ്പിച്ച വല്യ മാന്ത്രികൻ..
കോവിടല്ല, അവന്റെ മുതു മുത്തച്ഛൻ സാക്ഷാൽ കൊറോണ കൂട്ടരെല്ലാം കൂടി, വല്യ സൈന്യം കൂട്ടി വളഞ്ഞാലും പത്മവ്യൂഹം തകർത്ത് സ്വയം രക്ഷപ്പെടാൻ അങ്ങേർക്കു നല്ലോണം അറിയാം.
നിങ്ങളോ... ചുമ്മാ കിടന്നു പപ്പപ്പാ വെക്കും!...
ഞഞ്ഞപിഞ്ഞ പറഞ്ഞട്ടൊന്നും പിന്നെ കാര്യോല്ലാട്ടോ..
എത്ര കെഞ്ചിയിട്ടും 'വീഞ്ഞി'ന്റെ വിദ്യ ഇതുവരെ പഠിപ്പിച്ചോ നിങ്ങളെ?
നിങ്ങളോ, രാത്രി കടലിൽ പോയി രണ്ട് വല വീശി വല്ലോം കിട്ടിയാൽ അടുപ്പു പുകയുo, മറക്കണ്ട മണ്ട ശിരോമണികളെ! "
കയ്യിലിരുന്ന ചൂല് മിറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ടു മുഖം വീർപ്പിച്ചു അവൾ അകത്തേയ്ക്ക് പോയി. അടുക്കളയിൽ മൺചട്ടി ഉടയുന്നു. അടുപ്പത്തിരുന്നു
ആവികേറികൊണ്ടിരിക്കുന്ന പെസഹാപ്പത്തിന്റെ ഗന്ധം വരാന്തയിലേക്ക് അടിച്ചുവന്നു. അവൾ ദ്വേഷ്യപ്പെട്ടു പുറം വാതിലൂടെ അത്തിമരത്തിന്റെ ചോട്ടിലേക്കു പോയി. ഇനി 'അയ്യോ പോറ്റി' പറഞ്ഞു തണുപ്പിച്ചോണ്ട് വരണം.
പുളിപ്പില്ലാത്ത പെസഹാപ്പം ഗൃഹനാഥന്‍ തന്നെ മുറിക്കണമെന്നല്ലോ അങ്ങ് പഠിപ്പിച്ചത്.
ഞങ്ങക്ക് ഞങ്ങടെ കാര്യം നോക്കണം, ഗുരോ....
അറടി അകലം എന്ന് വൈദ്യശാസ്ത്രം! വേദശാസ്ത്രം ഉറക്കത്തിലാണല്ലോ... ഈ ഒന്നാന്തരം പെസഹാ പെരുന്നാളിലും ഒരനക്കവും ഇല്ലാല്ലോ, പൊന്നു ഗുരോ...
സോറി, ഗുരുജി... we are very very sorry... we are very helpless to celebrate with you... പ്ലീസ്... ഗുഡ് ബൈ...
മാളിക മുകളിൽ ഏകനായ് ഇരുന്ന് എല്ലാം കേട്ടിട്ട് നസ്രായനൊന്ന് ഇരുത്തി മൂളീ... നിറച്ചു വെച്ചിരിക്കുന്ന വീഞ്ഞു ഭരണികളിലേക്കും അപ്പക്കൊട്ടകളിലേക്കും കണ്ണയച്ചു.
പിന്നെ ഒരു പുഞ്ചിരി... ഒരു ചിരി... ഒരു പൊട്ടിച്ചിരി...
ആറടി മണ്ണുമാത്രം മതിയെന്നിരിക്കെ വെട്ടിപ്പിടിച്ചു, വെട്ടി നശിപ്പിച്ചു നശിപ്പിച്ച് പ്രപഞ്ചം മരുഭുമിയാക്കിയ നിങ്ങൾ.
'ഇവർ ചെയ്യന്നത് എന്തെന്ന് അറിയായ്ക കൊണ്ട്......'
അപ്പവും വീഞ്ഞുമായി മാളികയുടെ പടവുകൾ ഇറങ്ങി മഹാനഗരത്തിന്റെ നിശബ്ദമായ വീഥികളിൽ കൂടി നസ്രായൻ നടന്നു... കാൽവറിയിലെ തന്റെ പീഡിത രൂപം മുക്കിലും മൂലയിലും കൊത്തിവച്ചിരിക്കുന്നതു കണ്ടു സ്തംഭിച്ചുപൊയി, സ്മാർട്ട് മാർക്കറ്റിങ്ങു തന്ത്രം!.. ഉള്ളിൽ വന്ന ചിരി പുറത്തു കാട്ടാതെ നടന്നു.
ശീതികരിച്ച മണിമന്ദിരങ്ങളിൽ സ്വർണം വിളഞ്ഞു നിൽക്കുന്നു. കണ്ണെത്താത്ത ഉയരമുള്ള കുരിശു തൊട്ടികൾ, കനകം കുമിഞ്ഞു കൂടിയ ഭണ്ണാരങ്ങൾ!
തന്നെ ഇത്രയും വല്യ 'ബ്രാൻഡ് വാല്യൂ' ആക്കി വളർത്തിയ കൂർമ്മ ബുദ്ധികളെ ഓർത്തു പുഞ്ചിരിച്ചു.
ഭൂമിയിലെ ഏറ്റവും വില കൂടിയ ബ്രാൻഡ് നെയിം!!!...
ദലാൽ സ്ട്രീറ്റിൽ തന്റെ സ്റ്റോക്കിന്റെ വില നിമിഷം പ്രതി കുതിച്ചു കയറുന്നത് കണ്ടു അവൻ അമ്പരന്നു... വീഥിയിലെ വലിയ ഒരു അംബരചുംബിയിൽ വെച്ചിരിക്കുന്ന ഫലകത്തിൽ മിന്നിയും മറിഞ്ഞും വന്നു കൊണ്ടിരിക്കുന്ന സ്റ്റോക്ക് നിലവാര സൂചികയിൽ അവന്റെ കണ്ണുകൾ ഉടക്കി..
ഓഹരി വിപണി പൊടിപൊടിക്കുന്നു!
ദി മോസ്റ്റ് വാല്യൂബിൾ ആൻഡ് സെയ്‌ഫു് ഇൻവെസ്റ്റ്മെന്റ്! ഗണിത സ്രേണികളിൾ തോൽക്കുന്ന ചാട്ടം.
ഹാ ... തന്റെ പേരിൽ പുതിയ ഒരു ഓഹിരി വില്പനക്ക്!
മോസ്റ്റ് പ്രോഫിറ്റബിൾ ആൻഡ് സേഫസ്റ്റ് ഇൻവെസ്റ്റ്മെന്റ്! കൊറോണ കഴിഞ്ഞാൽ ആലയങ്ങളുടെ ഭണ്ണാരങ്ങൾ നിറഞ്ഞുകവിയും എന്ന
കമ്പ്യൂട്ടർ മാത്തമാറ്റിക്കൽ അനലിറ്റിക്കൽ
പ്രെഡിക്ഷൻ!!!
നിർമിതബുദ്ധിയുടെ അപാരതയിലേക്ക് കണ്ണയച്ച് നസ്രായൻ ഒരു നിമിക്ഷം നിന്നു. പിന്നെ ഉള്ളിൽ ഒരു ചിരി..
BUY!! BUY!! BUY!! BUY THAT STOCK!!!
ജനക്കൂട്ടം ആർത്താർത്ത് വിളിക്കുന്നു...
ആ ഓഹിരി വാങ്ങുക.. വാങ്ങുക.. വാങ്ങുക... !!
നസ്രായൻ ഒന്നു കൂടെ മന്ദഹസിച്ചു...
നാളെയിവർ തന്നെ ക്രൂശിലേറ്റും! പിന്നെ ഉയർത്തും...
ബ്രാൻഡ് വാല്യൂ കുറയരുതല്ലോ!
ദി മോസ്റ്റ് വാല്യൂബിൾ ആൻഡ് സെയ്‌ഫു് ഇൻവെസ്റ്റ്മെന്റ്!
ഹാ.. സമാധാനമായീ.. കീർത്തന ആരവങ്ങൾ ഇല്ലാതെ ആലയങ്ങൾ അടഞ്ഞു കിടക്കുന്നു... പരിവാരങ്ങളുടെ ബഹളമില്ലാതെ കാൽവറിയിൽ ഒന്ന് പോയിവരാം. തന്നെ തൂക്കിലേറ്റേണ്ട മരകുരിശുകൾ പരീശന്മാർ
അലങ്കരിച്ചു മോടി പിടിപ്പിക്കുകയായിരിക്കും. സ്വർണ്ണ കുരിശുകൾ ലോക്കറിൽ ഭദ്രമായി പൂട്ടി വെച്ച്, താക്കോൽ മഹാപുരോഹിതന്മാരുടെ അരയിൽ കെട്ടികൊടുത്തിട്ടുണ്ടാകും.
മഹാനഗരം ശൂന്യം.. പാലും തേനും ഒഴുകുന്ന കാനാനിലെ വിലക്കപ്പെട്ട കനികളുടെ വിശാലമായ, വിജനമായ നിരത്തുകളിൽ കൂടി നസ്രായേൻ നടന്നു....
സംഹാരദൂതൻ അദൃശ്യനായ് സൂക്ഷ്മാണു രൂപേണ നിർദ്ദാക്ഷ്യണ്യം മഹാനഗരത്തിൽ കൂടി വേട്ടനായയെപ്പോലെ ഓരിയിട്ടു നടന്നു.
മരണ മണി മുഴങ്ങുന്ന അപാര തീരങ്ങൾ, കർക്കിടകത്തിലെ കാർമേഘങ്ങൾ പോലെ അലയടിച്ചു വരുന്ന കഴുകന്മാർ ആകാശത്തിൽകൂടി വട്ടമിട്ടു പറന്ന് സൂര്യനെ മറച്ചു. ഭൂമി ഇരുട്ടിൽ മുങ്ങി. ശവശരീരങ്ങൾ വലിച്ചു കൊണ്ടുവരുന്ന തേരുകൾ നഗരവീഥികളിൽ നിറഞ്ഞു. തുണികളിൽ പൊതിഞ്ഞ നാറുന്ന ശരീരങ്ങൾ കഴുകന്മാർക്കു എറിഞ്ഞുു കൊടിത്തിട്ട് തേരുകൾ തിരികെ കൂടുതൽ ശരീരങ്ങളെ തേടി പോയി...
കഴുകന്മാർ മഹാനഗരം കീഴടക്കിയിരിക്കുന്നു. കൂട്ടത്തോടെ അവർ മനുഷ്യ മാംസങ്ങളുടെ പറുദീസയിൽ താണ്ഡവമാടുന്നു...
ഒരിക്കിലും ഉറങ്ങാത്ത നഗരത്തിന്റെ തെരുവീഥികളിൽ കഴുകന്മാർ ഉപേക്ഷിച്ച മനുഷ്യ ശരീ രാവിശിഷ്ടങ്ങളിൽ തെരുവു നായ്ക്കൾ യഥേഷ്ടം വിഹരിക്കുന്നു..
അഴുകിയ മാംസത്തിന്റെ ദുർഗന്ധം കാനാനിൽ കൂടി അടിച്ചു വരുന്ന പടിഞ്ഞാറൻ കാറ്റിൽ നദി കടന്നു അടുത്ത തീരങ്ങളിലേക്ക് ഒഴുകിയെത്തി...
കത്രീഡലിന്റെ മുൻപിൽ മാർബിളിൽ കൊത്തിവച്ചിരിക്കുന്ന ആകാശംമുട്ടെയുള്ള ക്രൂശിത രൂപത്തിന്റെ മുൻപിൽ നിന്ന് നസ്രായേൻ മന്ദഹസിച്ചു.
അതാ.. മഗ്‌ദലന...... ദേവാലയത്തിന്റെ പടവുകളിൽ കൂടി ഓടിചാടി ഇറങ്ങി വരുന്നു... അവൾ ആകെ അസ്വസ്ഥയായീ അലറിക്കൊണ്ടാണ് വരുന്നത്! കിതപ്പിൽ അവൾക്കു വാക്കുകൾ മുറിഞ്ഞു പോകുന്നു...
"ഗുരോ.... അങ്ങെന്താണീ ചെയ്യുന്നത്?!"
അവളുടെ ശബ്ദത്തിൽ ദേഷ്യവും ഒപ്പം ശാസനയും..
"മുഖാവരണം എവിടെ?!!! അയ്യോ... വിഷാണുക്കളാ ഇവിടെല്ലാം..."
"മഗ്ദലന........." നസ്രായൻ പുഞ്ചിരിച്ചു.
"ഞാൻ എവിടെയെല്ലാം അന്യേഷിച്ചു നടന്നു..... മാളികമുകളിൽ പോയി നോക്കി... എല്ലാ ദേവാലയങ്ങളിലും കയറിയിറങ്ങി..."
"മഗ്ദലന......... ഞാൻ ഏകനാണ്...."
"ഗുരോ... ഇതാ.. ഇതു ധരിക്കൂ ..."
അവൾ ധരിച്ചിരുന്ന മുഖാവരണം വിയർപ്പിൽ നനഞ്ഞു കുതിർന്നിരുന്നു. അതവൾ ഊരിയെടുത്ത് നസ്രായന്റെ മുഖത്തുകൂടി ധരിപ്പിച്ചിട്ട് പിറകിൽ കെട്ടിക്കൊടുത്തു.
"ഇത് എടുത്തുമാറ്റരുത് , ഗുരോ "
"ങ് വും.. മഗ്ദലന... ഭവതിക്ക്?!..... 'മാസ്‌ക്കു'കൾ ധരിക്കാത്തതാണു എന്റെ പരാജയം, മഗ്‌ദലന.... "
"എനിക്കോ .. എനിക്കിത് ഇനി എന്തിനാ ഗുരോ . കല്ലെറിഞ്ഞു കൊല്ലാനായി പരീശർ ഈ സമയത്തും പരതി നടക്കുന്നുണ്ട്... അവർ ഏതുനിമിഷവും എന്നെ കണ്ടെത്തും.. ഈ മഹാമാരിക്ക് കാരണക്കാരി ഞാനാണ്
എന്നവർ പറഞ്ഞു പരത്തിയിരിക്കായാ ഗുരോ.... "
"മഗ്ദലന.... ഒപ്പം ഞാനും എന്നവർ നഗരത്തിലെ നിയോൺ ഫലകങ്ങളിൽ എഴുതികാണിച്ചിരിക്കുന്നതു കണ്ടില്ലയോ?"
"അങ്ങയെ കാണാഞ്ഞു നഗരം മുഴുവൻ ഇതുവരെ അന്വേക്ഷിച്ചു നടക്കുകയായിരുന്നു..... ആ പരീശരുടെ കയ്യിൽ നിന്നും ഞാൻ ഓടി രക്ഷപ്പെടെട്ടെ ഗുരോ..."
"മഗ്ധലന... ധൈര്യമായിരിക്കു... ഇവിടെ എന്റെ അടുത്ത് നിൽക്കു... അവർ നമ്മെ രണ്ടു പേരെയും ഒരുമിച്ചു കല്ലെറിയട്ടെ.. ഈ മുഖാവരണം നിനക്ക് തിരികെ തരുന്നു.. അവർ എന്റെ മുഖം ശരിയായി കാണട്ടെ..."
"ഗുരോ ... അങ്ങ് ... ഞാനോ മഹാപാപി, പാപത്തിന്റെ ചെളിവെള്ളക്കടലിൽ മുങ്ങിത്താണിരിക്കുന്ന ഒരു വഞ്ചിയാണല്ലോ ഇവൾ... എന്നെ കല്ലിറിഞ്ഞു കൊന്നോട്ടേ.. ഗുരോ .. അങ്ങ് രക്ഷപ്പെട്ടാലും...."
"മഗ്ദലന... നീ എത്രയോ വിശുദ്ധയാണ്... കപടത നിറഞ്ഞ ആ പരീശർ നിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലാത്തവർ എന്ന് നീ അറിയുന്നില്ലയോ...
നിന്റെ ഇരിപ്പടം സ്വർഗ്ഗത്തിലെ പിതാവിന്റെ വലത്തു ഭാഗത്തായിരിക്കും എന്നറിയുക...."
"ഗുരോ...............ഞാനോ ഒരു കൊടുംപാപി.... കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ടവൾ... എന്നെ കല്ലെറിഞ്ഞു കൊല്ലാൻ കൂട്ടം കൂടി വരുന്ന ആ പരീശർ രാവിന്റെ മറവിൽ എന്റെ കുടിലിന്റെ നിത്യസന്ദർശകരും!"
"മുഖംമൂടികൾ നമുക്ക് എരിഞ്ഞടക്കം മഗ്ദ്ധലന... എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു, മഗ്ദ്ധലന.....
ഏന്റെ അരുമ ശിക്ഷ്യൻ എന്നെ ഒറ്റിക്കൊടുക്കാൻ ശട്ടം കൂട്ടുന്നു... സ്നേഹിച്ചവരിൽ നിന്നും മരണപ്പെടുന്നതിലും എത്രയോ സൗഭാഗ്യമാണ് ജനക്കൂട്ടത്തിന്റെ കല്ലേറിൽ മരണപ്പെടുക.. അതും വിശുദ്ധയായ നിന്റെ ഒപ്പം... "
"ഗുരോ ... അതാ പരീശരുടെ ആരവം.. അങ്ങ് മാറി ഒളിച്ചോളൂ... അങ്ങിനെ വിഷം ബാധിച്ചിരിക്കുന്ന രോഗികൾക്ക് വേണം.... ഞാനോ... വെറുമൊരു മഹാപാപി..."
"എന്റെ ഓരത്ത് നിൽക്കൂ മഗ്ദ്ധലന... ഞാൻ നിനക്ക് കവചമായിരിക്കട്ടേ.....
പരീശരുടെ കല്ലേറിൽ ആദ്യം പിടഞ്ഞു വീഴുന്നത് ഞാനാകട്ടെ... അല്ലെങ്കിൽ അനേക തലമുറകൾ നിന്റെ ശാപത്തിന്റെ തീക്കാറ്റിൽ കത്തി ചാമ്പലാകും..."
പരീശരുടേയും മഹാപുരോഹിതരുടേയും ആരവം അടുത്തടുത്തു വരുന്നു....
നസ്രായേൻ അപ്പവും വീഞ്ഞും മഗ്‌ദലനയുടെ കൈകളിൽ ഏൽപ്പിച്ചു.. ക്രൂശിത രൂപത്ത്ന്റെ മുൻപിൽ മുട്ടുകുത്തി, സ്വർഗ്ഗത്തിലേക്കു കണ്ണുകൾ അയച്ച്, കൈകൾ ആകാശത്തിലേക്ക് ഉയർത്തി....
"ഇവർ ചെയ്യന്നത് എന്തെന്ന് അറിയായ്ക കൊണ്ട്......'"
ഒന്നുകൂടി ഇരുത്തി മൂളി, മഗ്ദലനയുടെ കൈകൾ ഗ്രഹിച്ച്, നസ്രായേൻ 'മനുഷ്യരെ പിടിക്കുന്നവരുടെ' പുതിയ ശിഷ്യഗണങ്ങളെ തേടി ഭൂമിയിൽ മുഴുവൻ അലഞ്ഞു നടന്നു....
**
പെസഹായാൽ പെസഹാ കുഞ്ഞാടിനെ നീക്കിയ മിശിഹാ
ഈക്കൊറോ വല് റൂഹോദ് ക്കുദിശോ സെഗുത്തോ റുമ്റോമോ...
ലോക്മോർ തെശുബുഹത്തോ ലാബൂക്ക്
ഈക്കൊറോ വല് റൂഹോദ് ക്കുദിശോ സെഗുത്തോ റുമ്റോമോ...
(പെസഹായിൽ 'ഏകനായ ക്രിസ്തു'വിന്റെ ചിത്രത്തിനോട് കടപ്പാട്)