അത്താഴപ്പകര്ച്ചയുംകൊണ്ട് മൊര്‍ദെഖായിയുടെ വളര്‍ത്തുമകള്‍ എസ്തേര്‍ ദരിദ്രനായ യോഹാന്റെ വീട്ടിലേക്കു പുറപ്പെട്ടു. ഇരുട്ടോ വെളിച്ചമോ അല്ലാത്ത മങ്ങൂഴമായിരുന്നു. എസ്തേര്‍ ഒരു കൈയില്‍ അപ്പം പൊതിഞ്ഞുകെട്ടിയതും മറുകൈയില്‍ വിളക്കുമെടുത്തിരുന്നു. കതകും ഓടാമ്പലും അന്താഴവുമിണക്കിയ വലിയ പടിപ്പുരവാതില്‍ തുറക്കാന്‍ അവള്‍ക്കു പ്രയാസപ്പെടേണ്ടിവന്നു. വാതിലിന്റെ സാക്ഷ നീക്കണമെങ്കില്‍ ആദ്യം അതിനെ അടിയില്‍നിന്ന് മുകളിലേക്കു തള്ളണമെന്ന സൂത്രം അവള് എപ്പോഴത്തെയുംപോലെ മറന്നുപോയി.
മൊര്‍ദെഖായി വീടിന്റെ സുരക്ഷിതത്വം ബലവത്താക്കിയിരുന്നു. അവനു ചുറ്റും ശത്രുക്കളുണ്ട്. ഏറെ നേരത്തെ ശ്രമത്തിനുശേഷം വാതില്‍ അതിന്റെ തിരികുറ്റിയില്‍ ഞരക്കത്തോടെ തിരിയുകയും വലിയ വാതിലിനുള്ളിലെ കുറുവാതില് അവള്‍ക്കു തുറന്നുകിട്ടുകയും ചെയ്തു. വിളക്കും ഭക്ഷണപ്പൊതിയും വാതില്‍പ്പടിയില്‍ വെച്ചശേഷം എസ്തേര്‍ കുറുവാതില് നൂഴ്ന്നുകടന്നു.
തണുത്ത കാറ്റ് അവളുടെ ശിരോവസ്ത്രത്തെ പുറകോട്ടു പറപ്പിച്ചു. നേര്‍മയേറിയ വെളുത്ത വസ്ത്രങ്ങളാണ് അവള് ധരിച്ചിരുന്നത്. അവളുടെ തലമുടി കറുത്തു തിളങ്ങുന്നതും ഭാരമേറിയതും നനവു വിടാത്തതുമായിരുന്നു. സുഖകരമായ ഒരീറന്‍ മണം അവളില്‍നിന്ന് പുറപ്പെട്ടു. വെള്ളത്തിന്റെയും ഒലിവെണ്ണയുടെയും മീറയുടെയും മണമായിരുന്നു അത്. തെരുവിനു കന്നുകാലികളുടെ മണമാണ്. പകല്‍ മുഴുവന്‍ കുതിരകളും കഴുതകളും ഒട്ടകങ്ങളും ചെമ്മരിയാടുകളും അതിലേ അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം കനത്തുവിങ്ങി നില്ക്കുന്നു. വീടുകളില്‍നിന്ന് വെണ്ണപുരട്ടി അപ്പം ചുടുന്ന മണം തെരുവിലേക്കെത്തുന്നുണ്ട്. സന്ധ്യാസമയത്തെ സുഗന്ധധൂപങ്ങളുടെ മണം അതിനോടിടകലരും.
തെരുവിലപ്പോഴും കുട്ടികള്‍ കളിക്കുന്നുണ്ട്. സായാഹ്നവെളിച്ചം അവരുടെ തലമുടിയെ തിളക്കുന്നു. എണ്ണക്കച്ചവടക്കാരന്റെ വൃദ്ധനും പുറത്താക്കപ്പെട്ടവനുമായ കഴുത ദുഃഖഭാരത്തോടെ തല കുമ്പിട്ട് അഴുക്കുചാലിനരികിലൂടെ കടന്നുപോയി. ഇടയ്ക്കു നിന്നും ഇടയ്ക്കു നടന്നും. ജീവിതം മുഴുവന്‍ ചുമന്ന ഭാരങ്ങളുടെ കണക്കെടുപ്പില്‍ ആയുസ്സെന്ന വലിയ നഷ്ടക്കച്ചവടത്തെപ്പറ്റി ചിന്താധീനനായി ഭൂമിയില്‍ മുഖമുരച്ചുകൊണ്ടാണ് അവന് നടക്കുന്നത്.
നഗരം പതുക്കെ കുന്നുകളിലേക്കു ചാഞ്ഞ് കയറിപ്പോകുന്നു. യോഹാന്റെ വീട് കുന്നിനു മുകളില്‍ ദരിദ്രര്‍ താമസിക്കുന്ന തെരുവിലാണ്. വീടുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതോടെ വഴി വിജനമായി. കയറ്റം പ്രയാസമുള്ളതെങ്കിലും ഏകാകിത എസ്തേറിനു പ്രിയങ്കരമായിത്തോന്നി. സായാഹ്നവര്ണങ്ങളുടെ ആകാശം ഇപ്പോള്‍ മുഴുവനായും എസ്തേറിനു മുന്നില്‍ തുറന്നുകിടക്കുന്നു. ഒലിവുമരങ്ങള്‍ക്കിടയിലൂടെ ഒരു വിശുദ്ധവെളിച്ചം കടന്നുവരുന്നുണ്ട്. കാറ്റിലാടിയുലയുന്ന മരങ്ങളുടെ മര്‍മരം അവളെ ആനന്ദിപ്പിച്ചു. മറ്റൊരു ശബ്ദവും കേള്‍ക്കാന്‍ അവള് അപ്പോള്‍ ഇഷ്ടപ്പെട്ടില്ല. കുന്നിന്ചെരുവിലെ പുല്‍ക്കാടുകള്‍ ചാഞ്ഞും ചരിഞ്ഞും നൃത്തം ചെയ്യുകയാണ്. കാറ്റിനു തണുപ്പേറിവരുന്നു. സായാഹ്നത്തിന്റെ താഴ്വരയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് എസ്തേര്‍ അല്പനേരം മുകള്‍പ്പരപ്പില്‍ നിശ്ചലം നിന്നു. താഴേയുള്ള വീടുകളില്‍നിന്ന് പുകയുടെ വള്ളികള്‍ ആകാശത്തിലേക്കു പടര്‍ന്നുകയറി കാണാതാവുന്നു. അന്തരീക്ഷത്തില്‍ പൊന്നിറം മങ്ങുകയും ചുവപ്പുരാശിയേറുകയും കറുപ്പു വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വീടുകളില്‍ ഒറ്റയൊറ്റയായി വിളക്കുകള്‍ തെളിഞ്ഞുതുടങ്ങി. ആകാശച്ചെരിവില്‍ ഒരൊറ്റ നക്ഷത്രം അപൂര്‍വശോഭയോടെ തിളങ്ങിക്കൊണ്ടിരുന്നു.
ശൂശന്നഗരത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവുപോലെ യഹൂദരുടെ തകര്‍ക്കപ്പെട്ട ദേവാലയം! ദേവാലയത്തിന്റെ വലതുവശം ചേര്‍ന്നൊഴുകുന്ന നദിയിലെ വെള്ളം രക്തംപോലെ ചുവന്നിരിക്കുന്നു. ഏറെ നാളായിട്ടില്ല ദേവാലയം തകര്‍ക്കപ്പെട്ടിട്ട്. യഹൂദരുടെ ശത്രുക്കളായ അമാലേക്യരാണ് ദേവാലയം തകര്‍ത്തത്. കൈയില്‍ കനത്ത ചുറ്റികകളും കുന്തങ്ങളും കവിണകളും കമ്പിപ്പാരകളുമായി ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഇരുനൂറോളം വരുന്ന ഒരാള്‍ക്കൂട്ടം ചുറ്റുമതില്‍ തകര്‍ത്ത് ദേവാലയത്തിലേക്കിരച്ചുകയറി. കണ്ണില്‍ക്കണ്ടതെല്ലാം അവര്‍ അടിച്ചുതകര്‍ത്തു. ദേവാലയത്തിന്റെ മുകളിലേക്ക് ഓടിക്കയറി അതിന്റെ ഉന്നതമകുടം തല്ലിപ്പൊളിച്ചു. ശൂശനില്‍ അപ്പോള്‍ യഹൂദരുടെ എണ്ണം കുറവായിരുന്നു. ഉള്ളവര്‍ പല പ്രവിശ്യകളിലായി ചിതറിക്കിടന്നു. ശൂശന്‍ രാജാവായ അഹശ്വേറോസിന്റെ അധീനത്തിലുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലും യഹൂദരുണ്ട്. ദുഃഖസന്ദര്‍ഭങ്ങളില്‍ ഒന്നിച്ചുകൂടാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദേവാലയം തകര്‍ക്കപ്പെട്ടപ്പോള്‍ മൊര്‍ദെഖായി അവന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി മേലാകെ ചാരംപൂശി ചാക്കുടുത്തുകൊണ്ട് നഗരത്തിനു നടുവില്‍ വന്നുനിന്നു വിലപിച്ചു. യഹൂദരുടെ ദേവാലയം പണിയാന്‍ ചുമന്ന ഓരോ കല്ലിനെപ്പറ്റിയും അവന് നിലവിളിച്ചു. ശത്രുക്കളെ ഭയന്ന് ഒളിഞ്ഞും പതുങ്ങിയും രാത്രികാലങ്ങളില്‍ ഒന്നിച്ചുകൂടി നിലാവിന്റെ വെളിച്ചത്തില്‍ പണിതതാണ് ശൂശനിലെ ആ ചെറിയ ദേവാലയം.
''യഹോവേ, ഏക ദൈവമേ, ഞങ്ങള്‍ വിഗ്രഹാരാധകരല്ല...' നെഞ്ചത്തടിച്ചുകൊണ്ട് മൊര്‍ദെഖായി വിളിച്ചുപറഞ്ഞു. യഹൂദര്‍ ഓരോരുത്തരായി താന്താങ്ങളുടെ വീടുകളിലും കച്ചവടസ്ഥലങ്ങളിലും ചന്തയിലും നിന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി മുഖത്ത് ചാരവും കണ്ണീരും പൂശി ചാക്കുടുത്ത് തെരുവിലേക്കിറങ്ങി. വിലാപയാത്രയായി അവര്‍ രാജാവിന്റെ കൊട്ടാരവാതില്ക്കലേക്കു നീങ്ങി. കൊട്ടാരം പടിക്കാവല്ക്കാര് അമാലേക്യരെപ്പോലെത്തന്നെ യഹൂദരുടെ ശത്രുക്കളായ ഫെലിസ്ത്യരായിരുന്നു. അവര്‍ മൊര്‍ദെഖായിയെ അകത്തേക്കു കടത്തുകയോ അവരുടെ വിലാപം രാജാവിന്റെ ചെവിയിലെത്താന്‍ അനുവദിക്കുകയോ ചെയ്തില്ല. അത് എന്തുകൊണ്ടെന്ന് മൊര്‍ദെഖായി എസ്തേറിനു പറഞ്ഞുകൊടുത്തിരുന്നു. നോഹയുടെ മധ്യമപുത്രനായ ഹാമിന്റെ വംശപരമ്പരക്കാരായിരുന്നു ഫെലിസ്ത്യര്‍. മൊര്‍ദെഖായിയും നോഹയുടെ പരമ്പരയില്പ്പെട്ടവന്തന്നെ. എന്നാല്‍, ഹാം ശപിക്കപ്പെട്ടവനായിരുന്നു. യാദൃച്ഛികമായി അവന് സ്വന്തം അപ്പന്റെ നഗ്നത കാണാനിടയായി. അയാള്‍ അതിരറ്റ് വീഞ്ഞു കുടിച്ച് ബോധംകെട്ടു കിടക്കുകയായിരുന്നു. മകന് തന്നെ പൂര്‍ണനഗ്നനായി കണ്ടു എന്നതില്‍ കുപിതനായി അവനും അവന്റെ തലമുറകളും ഒരുകാലത്തും ഗതിപിടിക്കാതെ പോകട്ടെ എന്ന് നോഹ ശപിച്ചു.
തെറ്റൊന്നും ചെയ്യാതെ അത്തരമൊരു ക്രൂരശാപം തലയിലേറ്റി ജീവിക്കേണ്ടിവന്ന ഹാമിനും അപമാനിതരായ സന്തതിപരമ്പരകള്‍ക്കും ഉണ്ടായ അമര്‍ഷം അവരെ അക്രമികളാക്കി. യുദ്ധവെറിയന്മാരും ആയുധം നിര്‍മിക്കുന്നവരും വില്ക്കുന്നവരുമാക്കി. നോഹയുടെ ദൈവമായ യഹോവയെ അവര്‍ ആരാധിച്ചില്ല. നോഹയുടെ മറ്റു മക്കളായ ശാമും യാഫെത്തും അപ്പന്റെ പാതയിലൂടെ യഹോവയുടെ കല്പനകള്‍ക്കൊത്തു ജീവിച്ചപ്പോള്‍ ഹാം അതിനു വിപരീതമായി ജീവിച്ചു. കൊല്ലരുതെന്ന് യഹോവ കല്പിച്ചതിനെയൊക്കെ കൊല്ലുകയും തിന്നരുതെന്നു കല്പിച്ചതിനെയൊക്കെ തിന്നുകയും ചെയ്തു. യഹോവയുടെ കാലം, നീതി, സത്യം ഇതൊന്നും ഫെലിസ്ത്യര്‍ അംഗീകരിച്ചില്ല. നോഹയുടെ പരമ്പരയില്‍പ്പെട്ടവരും യഹോവയുടെ അനുയായികളുമായ യഹൂദരെയും അവര്‍ ശത്രുപക്ഷത്തു നിര്‍ത്തി. അവരെ ആക്രമിക്കാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും അവര്‍ പാഴാക്കിയില്ല. 'യഹൂദരുടെ വലതുകണ്ണു ചൂഴ്ന്നെടുക്കുക!' അവര്‍ ആക്രോശിച്ചു. അനേകം യഹൂദരുടെ വലതുകണ്ണുകള് അവര്‍ ചൂഴ്ന്നെടുക്കുകയും ചെയ്തിട്ടുണ്ട്. മൊര്‍ദെഖായി യാക്കോബിന്റെ മകനായ ബെന്യാമിന്റെ ഗോത്രത്തില്പ്പെട്ടവന്‍. ശൂശന്‍ രാജാവിന്റെ പടിവാതില്‍ കാക്കുന്ന ഫെലിസ്ത്യന്മാര് അവന്റെ വലതുകണ്ണു ചൂഴ്ന്നെടുക്കുന്നതിനു തക്കംപാര്‍ത്തിരുന്നവര്‍.
'യഹോവ എന്നോടുകൂടെയുണ്ടെങ്കില്‍ ശൂശനിലെ ദേവാലയം ഞാന്‍ പുതുക്കിപ്പണിയും. തകര്‍ക്കപ്പെട്ട യരൂശലേം ദേവാലയത്തിന്റെ ചുറ്റുമതില്‍ നെഹമ്യാവ് അന്‍പത്തിരണ്ടു ദിവസംകൊണ്ട് പുതുക്കിപ്പണിതതുപോലെ യഹോവയുടെ ഭവനം ഞാനും പുതുക്കിപ്പണിയും,' ഫെലിസ്ത്യരെ വെല്ലുവിളിച്ചുകൊണ്ട് മൊര്‍ദെഖായി പറഞ്ഞു. കൊട്ടാരവാതില്ക്കല് മുട്ടുകുത്തിനിന്ന് യഹൂദര്‍ വലംകൈകൊണ്ട് ഇടംനെഞ്ചിലിടിച്ചു നിലവിളിച്ചു. ഫെലിസ്ത്യന്മാര് കൊട്ടാരവാതില്‍ അടച്ചു കുറ്റിയിട്ടു.
(ശേഷം നാളെ)
സാറ ജോസഫിന്റെ പുസ്തകങ്ങള്‍ വാങ്ങാം
No comments:
Post a Comment