Wednesday, March 09, 2011

ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍

എന്‍ . എന്‍. കക്കാട്/ഡോ. എം.എം. ബഷീര്‍
പ്രശസ്ത കവി എന്‍ . എന്‍. കക്കാടുമായി പ്രശസ്ത നിരൂപകന്‍ എം.എം. ബഷീര്‍ 1986-ല്‍ നടത്തിയ അഭിമുഖത്തിന്റെ പുന:പ്രസിദ്ധീകരണം.

ചോദ്യം: മുന്‍കൂട്ടി തീരുമാനിച്ചുറച്ച ഒരു വിഷയത്തെയോ ഭാവത്തെയോ ആവിഷ്‌കരിക്കുകയല്ല, കവിക്കുതന്നെ അവ്യക്തവും സങ്കീര്‍ണ്ണവുമായ ഭാവഗ്രന്ഥികളെ സര്‍ഗപ്രക്രിയയിലൂടെ കണ്ടെത്തുകയാണെന്നും തന്നോടുതന്നെ നീതി ചെയ്യാത്ത കവിക്ക് സമൂഹത്തോട് നീതി ചെയ്യാന്‍ സാദ്ധ്യമല്ലെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടല്ലോ. ആ വിശ്വാസമാണോ താങ്കളുടെ കവിതയില്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്ലാ എന്നു പരാതിപ്പെടാന്‍ അവസരമുണ്ടാക്കുന്നത്?

ഉത്തരം: റോബിന്‍സണ്‍ ക്രൂസോവിന്റെ ദ്വീപ് സാങ്കല്‍പ്പികം മാത്രമാണ്. സമൂഹമില്ലാതെ ഞാനുണ്ടോ? ജീവശാസ്ത്രപരമായ ചില ചോദനകളും വാസനകളും ഒഴിച്ചാല്‍ എന്നിലുള്ളതൊക്കെ സമൂഹത്തില്‍ നിന്ന് ലഭിച്ചതല്ലേ? സമൂഹത്തിന്റെ പ്രശ്‌നങ്ങളിന്നിന്നതൊക്കെയാണ്, ഇവയൊക്കെ ഇന്നിന്ന വാക്യങ്ങളില്‍ കവിതയില്‍ വന്നിരിക്കണം എന്നു നേരത്തെക്കൂട്ടി ചിലര്‍ തീരുമാനിച്ചുറപ്പിച്ച മട്ടിലാണ് ഈ വാദം. സമൂഹം എനിക്കു നല്‍കുന്ന അനുഭവങ്ങളെ എന്റെ അനുഭവങ്ങളും കൂട്ടിച്ചേര്‍ത്ത് സമൂഹത്തിനു തിരിച്ചു നല്‍കുകയാണല്ലോ ഞാന്‍, ആ അര്‍ത്ഥത്തില്‍ എല്ലാ എഴുത്തുകാരും, ചെയ്യുന്നത്?

സമൂഹമെന്നത് പാര്‍ട്ടികളും പോഷസകസംഘടനകളും ഘോഷയാത്രകളും പൊതുയോഗങ്ങളും ബന്ദുകളും വോട്ടുകളും മാത്രമാണെന്നു കരുതുന്നവരുണ്ട്. തീര്‍ച്ചയായും അതൊരു പ്രധാന ഭാഗമാണ്. എന്നാല്‍ ഇവയുടെയെല്ലാം അടിത്തട്ടില്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്നുണ്ടാവുന്ന സാംസ്‌കാരിക പ്രതിസന്ധികളും അവയ്ക്കിടയില്‍ ജീവിക്കുന്നവരുടെ വികാരമേഖലയിലെ ന്യൂനമര്‍ദ്ദങ്ങളും സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന്റെ സ്രോതസ്സുകളാണെന്ന് സാമൂഹ്യശാസ്ത്രം മനസ്സിലാക്കിയിട്ടുള്ളവര്‍ക്കൊക്കെ അറിയാം. ഈ ഭാവമേഖല സമൂഹമാറ്റത്തിന്റെ കരുത്തുറ്റ ബീജങ്ങളാണ്. ഈ ഭാവമേഖല ഇന്നതാണെന്ന് കുറേ കിളവന്മാരും ആത്മാവില്‍ വാര്‍ദ്ധക്യം ബാധിച്ച കുറേ കുരുടന്മാരും കൂടിയിരുന്ന് നേരത്തെ തീരുമാനിച്ച് 'സ്രഗ്ദ്ധര'യിലോ 'മഞ്ജരി'യിലോ കോരിനിറയ്ക്കലല്ല കവിതയുടെ പ്രശ്‌നം; അനുഭവങ്ങളെ കടഞ്ഞ് പുറത്തിട്ട് സൃഷ്ടിയിലൂടെ അറിയുകയാണ്, കണ്ടെത്തുകയാണ്. സമൂഹം എന്താണ് എന്നനുഭവിച്ചറിയലാണ് മാറ്റത്തിന്റെ നാന്ദി. കാവ്യഘടകങ്ങളുടെ ടോണില്‍ ഈ ഭാവമേഖല എങ്ങനെ, അവയവാതിരിക്തമായി ലാവണ്യം പ്രകാശിക്കുന്നതുപോലെ, തുടിക്കുന്നു എന്ന കാവ്യപ്രശ്‌നം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സ്വാനുഭവത്തില്‍ കള്ളക്കളി അരുത് എന്നാണ് ഈ പറയുന്നതിന്നര്‍ത്ഥം.

ചോദ്യം: പക്ഷേ, താങ്കളുടെ കവിതകളില്‍ തുടിച്ചുനില്‍ക്കുന്ന അനുഭവതീവ്രത ജീവിതാനുഭവത്തില്‍ നിന്നല്ല, ഭാവനയില്‍ നിന്നാണ് രൂപംകൊണ്ടതെന്ന് വിശ്വസിക്കാനാവുന്നില്ല. ഈ വൈരുദ്ധ്യത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: അനുഭവതീവ്രത തുടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ സംശയിക്കാനില്ല; അതു ഭാവനയില്‍ നിന്നു മാത്രം രൂപംകൊണ്ടതാവാന്‍ വഴിയില്ല. വൈരുദ്ധ്യമുണ്ടെങ്കില്‍ അതു സൃഷ്ടിച്ചെടുത്ത നിരൂപകന്റെ ഗുണനിര്‍ദ്ധാരണ ബുദ്ധിയിലാണ്. അവര്‍തന്നെ അതിനു സമാധാനം കാണണം. അല്ലെങ്കില്‍ ഒരു നല്ല മനോരോഗ ചികിത്സകനെ കാണണം. നിങ്ങള്‍ക്കൊരു വികാസത്തെ ആക്ഷേപിക്കണമോ? വകുപ്പുണ്ട്; പ്രശംസിക്കണമോ? അതിനും വകുപ്പുണ്ട്. രണ്ടും വ്യക്തിപരമായ താത്പര്യങ്ങളാണ്.

തങ്ങള്‍ കുട്ടിക്കാലത്ത് ശീലിച്ചതും ബാല്യകൗതുകത്തെ സന്തര്‍പ്പണം ചെയ്യുന്നതുമായ ചില പഴയ ഘടകങ്ങള്‍ കവിതകളില്‍ കാണാതെ വരുമ്പോള്‍ ജന്മിത്തവ്യവസ്ഥയില്‍ ആസ്വാദനശേഷി ഉറച്ചുപോയവര്‍ക്ക് സഹിക്കില്ല. ഓണത്തിനും വിഷുവിനും കാഴ്ചവരവ് ഇല്ലാതായപ്പോള്‍ ഭൂനിയമ പീഡിത സംഘക്കാരനും സഹിച്ചില്ലല്ലോ? ഇവരും അതുപോലൊരു പീഡിതസംഘം തന്നെ. സഹതാപപൂര്‍വ്വമായ പുനരധിവാസവും പരിചരണവുമാണ് ഇവര്‍ക്കു വേണ്ടത്.

ചോദ്യം: താങ്കളുടെ കവിതയില്‍ ഭാരതീയവും പാശ്ചാത്യവുമായ കാവ്യപാരമ്പര്യങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്. ആധുനിക വിജ്ഞാനധാരകളെ സമീകരിക്കാനും കവിതയില്‍ സമന്വയിക്കാനും താങ്കള്‍ക്കു കഴിയുന്നതെങ്ങിനെ? അതിനു പ്രേരപ്പിക്കുന്ന അനുഭവങ്ങള്‍ താങ്കളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ?

ഉത്തരം: ഞാനൊരു നമ്പൂരിച്ചെക്കനായിട്ടാണ് ബാല്യകൗമാരങ്ങള്‍ കഴിച്ചത്. എന്റെ സമുദായത്തിന്റെയും സംസ്‌കൃതസാഹിത്യവിജ്ഞാനങ്ങളുടെയും പാരമ്പര്യം എന്നിലുണ്ട്. കേരളത്തിന്റെ, ഭാരതത്തിന്റെ പാരമ്പര്യത്തെ നിഷേധിക്കുന്നതിന്നര്‍ത്ഥമില്ല. എനിക്കു കിട്ടിയ ഏറ്റവും ചെറിയ വിദ്യാഭ്യാസം പോലും ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. ആ നിലയ്ക്ക് കിട്ടിയ പാശ്ചാത്യ വിദ്യാഭ്യാസവും ഈ പൊതുഭണ്ഡാരത്തില്‍ തന്നെയാണ് ഞാന്‍ സൂക്ഷിച്ചത്. ഇതില്‍ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അനുഭവവുമുണ്ട്. തുടക്കം സ്വാതന്ത്ര്യസമരവും ഗാന്ധിസവുമായിരുന്നു. 1948ല്‍ വടക്കേ മലബാറില്‍ ആദ്യത്തെ വെടി പൊട്ടിയപ്പോള്‍, ഞാനതിനോട് സലാം പറഞ്ഞു പിരിഞ്ഞു. അങ്ങനെയാണ് സാമൂഹ്യ-സാമ്പത്തിക ശാസ്ത്രങ്ങളും ഇടതുപക്ഷ ചിന്തകളുമായി ബന്ധപ്പെട്ടത്. ഈ അറിവുകളും അനുഭവങ്ങളും ഒരു സമതുലിതത്തില്‍ നിര്‍ത്തുക എന്നത് ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഞാന്‍ നേടേണ്ട 'എക്വിപ്‌മെന്റാണ്'. ഇതിനെന്നെ പ്രാപ്തനാക്കിയത് എന്‍.വി. കൃഷ്ണവാരിയരാണ്. ആ കഥ പറയാം: എനിക്ക് കുട്ടിക്കാലത്ത് മുറിഞ്ഞുമുറിഞ്ഞുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്നൊപ്പം പലപ്പോഴും സ്‌കൂള്‍ വിദ്യാഭ്യാസത്തെ ചവിട്ടിത്താഴ്ത്തിയിട്ടും ലഭിച്ചിരുന്നത് പരമ്പരാഗതമായവിദ്യാഭ്യാസമായിരുന്നു - അല്‍പ്പം സംസ്‌കൃത കാവ്യം, ഇത്തിരി ജ്യോതിഷം, സ്വല്‍പ്പം വൈദിക വിദ്യാഭ്യാസം, കുറെ തന്ത്രദര്‍ശനം - ഇവയൊക്കെ. മഹാഭാരതവും രാമായണവും ഭാഗവതവും ഉപനിഷത്തുക്കളുമൊക്കെ എന്റെ കൗമാരസുഹൃത്തുക്കളായിരുന്നു. പട്ടിണിയും കഷ്ടപ്പാടുകളും രോഗങ്ങളും നിറഞ്ഞ ആ കുട്ടിക്കാലത്ത് എന്നെ നിലനിര്‍ത്തിയതും അവയാണെന്നു പറയാം.

എന്നാല്‍ ഇവയ്ക്കപ്പുറത്തും ലോകമുണ്ടെന്നും സാഹിത്യകലാഭണ്ഡാരങ്ങളുണ്ടെന്നും എന്റെ കൈ പിടിച്ച് നടത്തി കാട്ടിത്തന്നത് എന്‍.വി. ആയിരുന്നു. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ആ മൂന്നുവര്‍ഷം എന്റെ ഭാഗ്യമായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തും വളര്‍ന്നുവരുന്ന ശാസ്ത്രദര്‍ശന ശാഖകളുടെ അത്ഭുതലോകങ്ങള്‍ എനിക്കഭിഗമ്യങ്ങളായത് അദ്ദേഹത്തിന്റെ ശിഷ്യത്വംകൊണ്ടാണ്. ഇന്നും പുതിയ മേഖലകള്‍ തേടിപ്പോകാനും അവയോട് സംവദിക്കാനും കുറേയൊക്കെ സ്വായത്തമാക്കാനും കഴിയുന്നത് അന്ന് ലഭിച്ച മാര്‍ഗ്ഗദര്‍ശനംകൊണ്ടാണ്. ഇതിനെക്കാളൊക്കെ പ്രധാനമായത് ഇരുപതിനായിരം വര്‍ഷങ്ങളായി മനുഷ്യന്‍ ഭൂമുഖത്തുണ്ടാക്കിയ നേട്ടങ്ങളുടെ കള്‍ച്ചറല്‍ പിരമിഡിന്റെ ഉച്ചിയിലാണ് ഞാന്‍ അറിഞ്ഞോ അറിയാതെയോ ഇരിക്കുന്നത് എന്ന കണ്‍മിഴിപ്പിക്കലായിരുന്നു. ''ഈ സമ്പത്തെല്ലാം കുട്ടീ, നിന്റേതാണ്'' എന്നു പറയുന്നമാതിരി. അതില്ലെങ്കില്‍ ഞാനില്ല.

ചോദ്യം: ദയാരഹിതവും ഉദ്ധതവുമായ ആധുനിക നാഗരികതയുടെ പാദാഘാതത്തിനു വിധേയമാകുന്ന ദുര്‍ബ്ബല മനുഷ്യത്വത്തിന്റെ വിമുക്തി കാണാത്ത ദുഃഖമാണല്ലോ താങ്കളുടെ കവിതകളിലെ പ്രധാന പ്രമേയം. ജീവിതം 'അബ്‌സേര്‍ഡ്' എന്ന ചിന്തയാണോ ആ പ്രമേയത്തിനോട് താങ്കള്‍ക്കുള്ള അഗാധ താല്‍പ്പര്യത്തിന് നിദാനം?

ഉത്തരം: ഞാനൊരസംബന്ധവാദിയല്ല. ആവാനെനിക്ക ്കഴിയുകയുമില്ല. ഇതിന്റെ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലം തൊട്ടുമുമ്പത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ അടങ്ങിയിട്ടുണ്ട്. പഴമക്കാര്‍ എന്നെ അങ്ങനെ വിവരിച്ചിട്ടുണ്ട്; പുതുമക്കാര്‍ ചിലര്‍ പഴഞ്ചന്‍ എന്നും. രണ്ടായാലും അസ്തു.

''സോളയമാത്മാ ചതുഷ്പാത്'' (ബ്രഹ്മത്തിനു നാലു പാദങ്ങളുണ്ട്) എന്നു പറയും മാണ്ഡൂക്യോപനിഷത്തില്‍. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഇതുപോലെ നാലു പാദങ്ങളുണ്ട്. അഗാധമായ അനുഭവം, തീക്ഷ്ണമായ അസംതൃപ്തി, ദീപ്തമായ അറിവ്, കഠിനമായ പ്രവൃത്തി. ഇവയില്‍ ആദ്യത്തെ മൂന്നില്ലെങ്കില്‍ നാലാമത്തേതില്ല. മാറ്റവും ഇല്ല. ആദ്യത്തെ മൂന്നും കൂടിയതാണ് അവബോധം. അറിവ്, അറിയുക എന്നത് മാറ്റത്തിന്റെ ആരംഭമാണെന്ന് മാര്‍ക്‌സിസ്റ്റ് നിരൂപകന്മാര്‍ക്കൊഴികെ എല്ലാവര്‍ക്കുമറിയാം.

ചോദ്യം: വിഭ്രാമകമായ രൂപശില്‍പ്പങ്ങളാണ് താങ്കളുടെ പല കവിതകള്‍ക്കുമുള്ളത്. ആധുനിക ജീവിതം ചിത്രീകരിക്കാന്‍ കടംകഥകളെന്തിന്? മിത്തുകള്‍, ചരിത്രകഥകള്‍, ഐതിഹ്യങ്ങള്‍, നാടന്‍പാട്ടുകള്‍-ഈ പഴംപൊരുളുകളെന്തിന്? പുതിയ ജീവിതത്തിന്റെ പുതിയ മിത്തുകള്‍ ആവിഷ്‌കരിക്കുകയോ ഉദ്ദേശം?

ഉത്തരം: രൂപശില്‍പ്പങ്ങള്‍ തുടക്കത്തില്‍ വിഭ്രാമകങ്ങളായിരുന്നു എന്നു സമ്മതിക്കാം. അപ്രതീക്ഷിതമായി ഒരു തൂണുപിളര്‍ന്നു പ്രത്യക്ഷപ്പെടലായിരുന്നുവല്ലോ വായനക്കാരെ സംബന്ധിച്ചിടത്തോളം അത്? എന്നാല്‍ കാല്‍നൂറ്റാണ്ടിനുശേഷം ഇന്നും അവ വിഭ്രാമകങ്ങളാണോ? പഴയ കടങ്കഥകളും മിത്തുകളും ഐതിഹ്യങ്ങളും ചരിത്രകഥകളുമൊക്കെ എന്തിന്ന് എന്ന ചോദ്യം. ഇവയൊക്കെ കാവ്യഭാഷ-ഇതിന്ന് മലയാള-സംസ്‌കൃത-ആംഗലേയ ഭേദങ്ങളില്ല-നേടിയ ആവിഷ്‌കാര സിദ്ധികളാണ്. ഈ സിദ്ധികള്‍ പ്രയോജനപ്പെടുത്തണമോ അതോ ആകെ തിരസ്‌കരിക്കണമോ എന്നത് ഒരു മൗലിക പ്രശ്‌നമാണ്. പാരമ്പര്യത്തോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം എന്ന ചോദ്യംകൂടി അതിലടങ്ങിയിട്ടുണ്ട്. നമ്മുടെ ഏറ്റവും ശക്തമായ ഇതിഹാസപുരാണകൃതികളുടെ - ഭാരത-ഭാഗവതങ്ങളുടേയും ബൈബിളിന്റേയും ഇലിയഡ്, ഒഡീസി എന്നിവയുടേയും ഒക്കെ - ആവിഷ്‌കാര സമ്പ്രദായമാണിത്.

പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും.

ചോദ്യം: താങ്കളുടെ കവിതകള്‍ പലര്‍ക്കും ദുര്‍ഗ്രഹമായി തോന്നാറുണ്ട്. ഉദാഹരണത്തിന് 'വജ്രകുണ്ഡലം' എന്ന കവിതയില്‍ താമസഭാവങ്ങളില്‍ നിന്ന് ഉഴറിയോടുന്ന അശരണമായ മനുഷ്യത്വത്തെ തക്ഷകനില്‍ നിന്ന് വജ്രകുണ്ഡലം രക്ഷിക്കാന്‍ പാടുപെടുന്ന ഉത്തങ്കനിലൂടെ ആവിഷ്‌കരിക്കുന്നുണ്ടല്ലോ. ധര്‍മ്മമൂല്യവും ധനലോഭവും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കാന്‍ ഇത്തരമൊരു കാവ്യബിംബം സ്വീകരിച്ചപ്പോള്‍ അടിസ്ഥാനാശയം സങ്കീര്‍ണ്ണമായിത്തീരുകയല്ലേ ചെയ്യുന്നത്?

ഉത്തരം: ധര്‍മ്മച്യുതി, ധനലോഭം, ഭാവഗ്രന്ഥികള്‍ തുടങ്ങിയവ വളരെ അമൂര്‍ത്തങ്ങളായ അനുഭവ സാമാന്യങ്ങളാണ്. പ്രിയങ്കരവും അമൂല്യവുമായ ഒന്നിനെ നാശത്തില്‍ നിന്നു രക്ഷിക്കാന്‍ ഭ്രാന്തമായി ഓടിയലയുന്ന ഉത്തങ്കനെ അവതരിപ്പിച്ചപ്പോള്‍ അനുഭവസാമാന്യങ്ങള്‍ കൂടുതല്‍ സ്ഫുടമാവുകയല്ലേ ഉണ്ടായത്? ഉത്തങ്കനു പകരം ഒരു പാപ്പച്ചനെ അവതരിപ്പിച്ചാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാകുമോ? ദുര്‍ഗ്രഹതയുടെ പ്രശ്‌നം അതല്ല. നമുക്ക് ഗ്രീസിലേയും ഇറ്റലിയിലേയും അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ചൈനയിലേയും കാര്യങ്ങള്‍ നല്ല നിശ്ചയമാണ്. രാമായണത്തിലേയോ മഹാഭാരതത്തിലേയോ ഭാഗവതത്തിലേയോ ഉപനിഷത്തിലേയോ നമ്മുടെ കൃഷിക്കാര്‍ പാടുന്ന നാടന്‍ പാട്ടിലേയോ ഒരു കഥാംശം അന്യമാണ്, ദുര്‍ഗ്രഹമാണ്. സിസിഫസ്സിനെ നമുക്കെന്തു പരിചയമാണ്! ആ ചെത്തല്ലൂര്‍ക്കാരന്‍ നാറാണത്തിനെ നാമൊട്ടറിയുകയുമില്ല. എന്നിട്ടും ചെത്തല്ലൂരിലെ എല്‍.പി. സ്‌കൂളില്‍ പോയി, മലയില്‍ കല്ലുരുട്ടിക്കേറ്റിയ സിസിഫസ്സിന്റെ മിത്തിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യും.

ചോദ്യം: താങ്കളുടെ മനസ്സില്‍ ഒരു കവിത വിരിയുന്ന സര്‍ഗ്ഗപ്രക്രിയയെ ഒന്നു വിശദീകരിക്കാമോ?

ഉത്തരം: ഇതു 'വജ്രകുണ്ഡല'ത്തിന്റേയും 'തൊള്ളായിരത്തി അറുപത്തിമൂന്ന്' രണ്ടാം പതിപ്പിന്റേയും ആമുഖത്തില്‍ ആവുംമട്ട് വിശദീകരിച്ചിട്ടുണ്ട്. പതുക്കെപ്പതുക്കെ വളര്‍ന്നുവരുന്ന, ഇന്നതെന്നറിയാത്ത ഒരസ്വാസ്ഥ്യത്തിന്റെ ഉച്ചാവസ്ഥയും വിസ്മൃതസര്‍വസ്വമായ ഒരാവിഷ്‌കരണത്തിന്റെയും കഥയാണത്. എഴുതിക്കഴിയുമ്പോഴാണ് അതെന്തായിരുന്നു എന്നറിയുക. പിന്നെ തിരുത്തലാണ്. ചില കവിതകള്‍ പല ആവൃത്തി തിരുത്തിയിട്ടുണ്ട്. 'പാതാളത്തിന്റെ മുഴക്കം' എന്ന കവിതയ്ക്ക് ഇരുപതിലധികം ഭിന്ന പാഠങ്ങളുണ്ടായിരുന്നു എന്നാണോര്‍മ്മ. തിരുത്താന്‍ തുടങ്ങുമ്പോള്‍ പദങ്ങള്‍ അര്‍ത്ഥാനപേക്ഷമായി ഉണര്‍ത്തുന്ന ശബ്ദശില്‍പ്പം മുതല്‍ ബിംബങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന സമഗ്രഭാവശില്‍പ്പത്തിന്റെ വ്യഞ്ജനവരെ എല്ലാം കഠിന ശല്യമാവും. അരുചിയും അതൃപ്തിയുമാണുടനീളം. ഇവിടെ ഭാരതീയ കാവ്യമീമാംസയുടെ സിദ്ധാന്തങ്ങളാണ് രക്ഷയ്‌ക്കെത്തുക. എല്ലാം കഴിഞ്ഞ് ''ഇനി ഇവന്‍ തനിയെ ജീവിച്ചുകൊള്ളും'' എന്നു തിട്ടം വന്നാലേ തിരുത്തല്‍ നില്‍ക്കൂ. അതുകൊണ്ടാവാം എണ്ണത്തില്‍ കുറവാകുന്നത്. കവിത്വശക്തിക്കുറവും ആകാം. 'അമ്പട ഞാനേ!' എന്നു പറയുന്നതിനും വലിയ അര്‍ത്ഥമില്ല.

ചോദ്യം: 'സഫലമീയാത്ര' എന്ന കവിതയില്‍ ജീവിത സാഫല്യത്തെക്കുറിച്ച് താങ്കള്‍ പാടുന്നു. ഇരുണ്ട ജീവിതവിഷാദം പരത്തുന്ന താങ്കളുടെ ചില പൂര്‍വ്വകാല കവിതകളില്‍ നിന്ന് ഭാവത്തില്‍ ഈ കവിതയും ഭിന്നമല്ല. പക്ഷേ, അതുണര്‍ത്തുന്ന സമാധാനവും സ്വാസ്ഥ്യവും ഏത് സഹൃദയനേയും ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയിലെ അര്‍ത്ഥത്തിലേക്കെത്തിക്കും. ഇത് എങ്ങനെ സംഭവിച്ചു?

ഉത്തരം: മൂന്നു വര്‍ഷം മുമ്പ് മാരകമായ ഒരു രോഗത്തിന്റെ പിടിയിലാണ് ഞാന്‍ എന്ന ബോധം കുറച്ചുനേരത്തേക്ക് എന്നെ ആകെ തളര്‍ത്തിക്കളയുകയുണ്ടായി. മുമ്പില്‍ ഒരു കറുത്ത ശൂന്യത സ്​പഷ്ടമായിക്കണ്ടു. നാലടി നടന്നാല്‍ അവിടെ എത്തും എന്നു തോന്നാവുന്നത്ര അടുത്തായിരുന്നു അത്. പിന്നെ പതുക്കെ ആ അസ്വസ്ഥത മാറുകയും സ്വാഭാവികമായ ആ അന്ത്യത്തെ ഭീതിയും ഉല്‍ക്കണ്ഠയും കൂടാതെ മനസ്സില്‍ കാണാന്‍ കഴിയുകയും ചെയ്തു. ഇതെപ്പോഴും എന്റെ കൂടെ പല രൂപത്തില്‍ ഉണ്ടായിരുന്നതല്ലേ? പതുക്കെ അതൊരു പ്രാപ്യസ്ഥാനമായി അനുഭവപ്പെട്ടു. കൃത്യമായ രോഗനിര്‍ണ്ണയത്തിന് ഏതാണ്ട് എട്ടു മാസം മുമ്പായിരുന്നു അത്. ഒരു ഭാവഭേദവും കൂടാതെ, ആരെയും അറിയിക്കാതെ, ഇപ്പോള്‍ പരിചിതമായിക്കഴിഞ്ഞ ആ കറുത്ത തിരശ്ശീലയ്ക്കു മുമ്പില്‍ എനിക്കായി നിര്‍ദ്ദേശിക്കപ്പെട്ട പഴയ വേഷത്തിന്റെ തുടര്‍ച്ച ആകാമെന്ന സ്ഥൈര്യം മനസ്സിന്നു കിട്ടി. ഒരുതരം നിര്‍വൃത്യാത്മകമായ ശാന്തി എന്നു പറഞ്ഞാല്‍ അത്യുക്തിയാകുമോ? അപ്പോഴാണ് കഴിഞ്ഞ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാന്‍, ഒന്നാകെയിടാന്‍ സമയമായി എന്നു തോന്നിയത്. ആ ദിനങ്ങള്‍ അത്ഭുതകരമായിരിക്കുന്നു - ഉത്ക്കണ്ഠയില്ല, ഭീതിയില്ല, ദുഃഖമില്ല, ആഹഌദമില്ല - അവാച്യമായ ഒരു പ്രശമത്തിന്റെ നാളുകള്‍. എല്ലാറ്റിനോടും, നിലാവിനോടും മഞ്ഞിനോടുംകൂടി ഒരുതരം വാത്സല്യം തോന്നിയ ദിനങ്ങള്‍!
കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര.

സഫലമീയാത്ര-കവിതാസമാഹാരം-വാങ്ങാം

സഫലമീയാത്ര-


കക്കാട് - ഓര്‍മ്മ

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...