അധികാരത്തോട് മമത പുലര്‍ത്താതിരുന്ന നേതാവ്
രാഷ്ട്രീയത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ആദര്‍ശനിഷ്ഠരുടെ കണ്ണിയില്‍ ഒന്നുകൂടി കൊഴിഞ്ഞു. ചൊവ്വാഴ്ച അന്തരിച്ച എം.എ ജോണ്‍. അധികാരം മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അന്തിമ ലക്ഷ്യമെന്നു കരുതുന്ന പുത്തന്‍ തലമുറയുടെ കണ്ണില്‍ പ്രായോഗിക രാഷ്ട്രീയം മറന്ന വ്യക്തി.കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ജോണ്‍ പില്‍ക്കാലത്ത് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട നിലയിലായി. കെഎസ്‌യു എന്ന സംഘടനയുണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹം ഒപ്പം കൂട്ടിയ പലരും പിന്നീട് മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര നേതാക്കളുമൊക്കെയായി. അപ്പോഴും ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാകാതെ ജോണ്‍ സമാന്തര പാതയില്‍ സഞ്ചരിക്കുകയായിരുന്നു.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വര്‍ത്തമാനകാല രാഷ്ട്രീയം ജോണിന് അംഗീകരിക്കാനാവുന്നതായിരുന്നില്ല. പരിവര്‍ത്തനവാദി കോണ്‍ഗ്രസ് എന്ന പേരില്‍ അദ്ദേഹം രൂപീകരിച്ച പ്രസ്ഥാനം അക്കാലത്ത് കോണ്‍ഗ്രസിന് അങ്കലാപ്പു സൃഷ്ടിച്ചതിനു കാരണം അതിന്റെ നേതാവ് എംഎ ജോണ്‍ ആണെന്നതു മാത്രമായിരുന്നു. അത്രമാത്രം ജനകീയനായിരുന്ന ഒരു നേതാവ് ജനക്കൂട്ടത്തില്‍ നിന്നും ആരവങ്ങളില്‍ നിന്നുമെല്ലാം അകന്നു പോയി. സ്വയം തീരുമാനിച്ചുറച്ച പിന്മാറ്റമായിരുന്നു അത്.
പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി അറിയപ്പെട്ടിരുന്ന കെ.കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്നെങ്കില്‍പ്പോലും ജോണിന് എല്ലാ കാര്യത്തിലും സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു.
അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പോരാട്ടം അന്ത്യം വരെയും തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. പ്രകൃതിജീവനവും പരിസ്ഥിതി പ്രവര്‍ത്തനവുമെല്ലാം ജോണിന്റെ രാഷ്ട്രീയത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടതായിരുന്നില്ല. ഓരോ ഘട്ടത്തിലും രാഷ്ട്രീയ കക്ഷികള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിന്റെ രോഷം അദ്ദേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ പതിവായി നിറയുന്ന നടക്കപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ച് എപ്പോഴും പറഞ്ഞിരുന്ന ജോണ്‍ പ്രകടനപത്രികകളുടെ വലിയൊരു ശേഖരം തന്നെ സൂക്ഷിച്ചിരുന്നു.
സമൂഹത്തിനു മാര്‍ഗദീപം തെളിക്കേണ്ടവരാണു നേതാക്കളെന്നാണ് വയ്പ്. അന്യം നിന്ന അത്തരം നേതാക്കളുടെ പ്രവര്‍ത്തനരീതിയാണ് ജോണിനെ നയിച്ചത്. യൂത്ത് കോണ്‍ഗ്രസിനെ അഖിലേന്ത്യാ തലത്തില്‍ പുനഃസംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട നാലംഗ സമിതിയിലെ അംഗമായിരുന്നു ജോണ്‍. അന്നത്തെ സമിതിയിലെ മറ്റംഗങ്ങളെല്ലാം കേന്ദ്ര മന്ത്രിമാരോ മുഖ്യമന്ത്രിയോ ഒക്കെയായപ്പോഴും ജോണ്‍ അധികാരത്തില്‍ നിന്ന് അകന്നു നിന്നു, അല്ല, അകറ്റപ്പെട്ടു നിന്നു.
അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിലേക്ക് ജോണ്‍ എത്തുന്നത് കോണ്‍ഗ്രസില്‍ അധികമാര്‍ക്കും ഇഷ്ടമായിരുന്നില്ലെന്നതാണു സത്യം. എവിടെയും ജനാഭിമുഖ്യകരമായി സ്വന്തം അഭിപ്രായങ്ങള്‍ രൂപീകരിക്കുകയും അതു തുറന്നു പറയുകയും ചെയ്യുന്ന ജോണ്‍ പലര്‍ക്കും അനഭിമതനായി.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും ജോണ്‍ മുന്നേറിയില്ല. എംഎല്‍എയോ എംപിയോ മന്ത്രിയോ ഒക്കെയായിത്തീര്‍ന്ന സ്വന്തം അനുയായികളുടെ വിജയത്തെ വിജയമായി കാണാനും അദ്ദേഹം ഒരുക്കമായിരുന്നില്ല. പലരുടെയും കാപട്യം നിറഞ്ഞ ആദര്‍ശമുഖംമൂടി പലവട്ടം വലിച്ചു കീറി ഈ നിഷേധിയായ ജനസ്‌നേഹി.
നിലവില്‍ കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരാള്‍ക്കു പോലും അവകാശപ്പെടാനാവാത്തത്ര ആദര്‍ശധീരത അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരക്കസേരയ്ക്കു വേണ്ടി ആദര്‍ശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ച് അദ്ദേഹം രോഷത്തോടെയാണു പ്രതികരിച്ചിരുന്നത്.
ജോണിന്റെ മാര്‍ഗം സ്വീകരിച്ച പഴയകാല നേതാക്കളില്‍ ഇനി അധികമാരും അവശേഷിക്കുന്നില്ല. ബാക്കിയുള്ളവരാകട്ടെ, ആരുമറിയാതെ എവിടെയൊക്കെയോ ജീവിക്കുന്നു. മറ്റുള്ളവന്റെ അധ്വാനഫലം കൊണ്ട് സുഖജീവിതം നയിക്കുകയെന്നത് അദ്ദേഹത്തിനു ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. നേതാക്കള്‍ ചിന്തിക്കേണ്ടതു ജനങ്ങളെക്കുറിച്ചാണെന്നും അധികാരം താനെ വന്നു ചേരുന്ന വലിയൊരു കര്‍ത്തവ്യമാണെന്നുമുള്ള ധാരണ ചെറുപ്പക്കാരിലേക്കു പരത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ലെന്നു തന്നെ പറയാം.
ഉജ്വലനായ വാഗ്മി, മികച്ച സംഘാടകന്‍ എന്നിങ്ങനെ രാഷ്ട്രീയ നേതാവിനു വേണ്ട ഗുണങ്ങളെല്ലാം തികഞ്ഞയാളായിട്ടും പ്രവര്‍ത്തനത്തിലൂടെ
കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ മാറ്റി നിര്‍ത്തപ്പെടാനാവാത്ത നേതാവാണ് എംഎ ജോണ്‍. പാര്‍ട്ടിയുടെയും ഭരണത്തിന്റെയുമെല്ലാം മുന്നണിയില്‍ നിന്ന് ദൂരെ മാറ്റിനിര്‍ത്തപ്പെട്ട അദ്ദേഹത്തിന്റെ സങ്കല്പങ്ങള്‍ പ്രായോഗികതയെക്കുറിച്ച് പ്രസംഗിക്കുന്ന ഇന്നത്തെ നേതാക്കള്‍ക്ക് അംഗീകരിക്കാവുന്നതല്ല. എങ്കിലും, സ്വന്തമായി അധ്വാനിക്കുകയും അധ്വാനവര്‍ഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമെന്ന ആ ചിന്തയ്ക്ക് നാശമുണ്ടാകില്ല.
ഒരു കാലത്ത് കേരളമാകെ നെഞ്ചേറ്റിയ നേതാവിന്റെ അവസാന നാളുകളിലും ചുരുക്കം ചിലരെങ്കിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു എന്നതില്‍ ആശ്വസിക്കാം. വരുംതലമുറ മറവിയുടെ തെറ്റു പറ്റാതെ ഓര്‍മിക്കണം, ഇവിടെ ഇങ്ങനെ ഒരു നേതാവ് ജീവിച്ചിരുന്നു.
No comments:
Post a Comment