Sunday, February 13, 2011

പ്രണയമെഴുത്തുകള്‍ വായിക്കാം,കേള്‍ക്കാം



പ്രണയമെഴുത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍


പേര്‍ത്തുമെന്‍ കണ്ണില്‍ നിന്നെപ്പോഴു വീഴുന്ന
നീര്‍ത്തുള്ളി പിച്ചകമാകുമെങ്കില്‍ ..
തങ്കമേ, ഞാനൊരു മാലയായ്‌ക്കോര്‍ക്കത്തതു
നിന്‍ കരിക്കൂന്തലില്‍ച്ചാര്‍ത്തിയേനേ..-ഉള്ളൂര്‍

ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ -നന്ദിത

ചാടിമരിക്കുവാന്‍ ആഴങ്ങളിലേക്ക് നോക്കും പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാനിരുന്നു. വികൃതിയായ ഒരു സ്‌കൂള്‍കുട്ടിയെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിഞ്ഞ മാന്ത്രികനായനങ്ങള്‍. അവയുടെ നക്ഷത്രവെളിച്ചം എന്റെ ശൂന്യാകാശങ്ങളില്‍ നിറഞ്ഞൊഴുകി- ബാലചന്ദ്രന്‍ ചുള്ളിക്കാട്

രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി. അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി. രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.-പത്മരാജന്‍

നമുക്ക് വയലുകളിലേക്ക് പോയി ഗ്രാമങ്ങളില്‍ രാപാര്‍ക്കാം. അതിരാവിലെയെഴുന്നേറ്റ് മുന്തിരിത്തോട്ടത്തില്‍ ചെല്ലാം. അവ തഴച്ച് വളര്‍ന്നോയെന്നും മുന്തിരിപ്പൂക്കള്‍ വിടര്‍ന്നുവോയെന്നും നോക്കാം. മാതളനാരകംപൂവിട്ടോയെന്നും നോക്കാം. എന്നിട്ട്, അവിടെ വെച്ച് നിനക്ക് ഞാന്‍ എന്റെ പ്രേണയം നല്കും- സോളമന്റെ പ്രണയഗീതങ്ങള്‍

ചാലില്‍ കഴുത്തോളം വെള്ളത്തില്‍ നില്ക്കുന്ന
ചേലുറ്റ വെള്ളാമ്പല്‍ കൊണ്ടുനല്‍കാന്‍
വന്‍ ചെളിയെത്ര ചവിട്ടി ഞാന്‍, തീരത്തു
പുഞ്ചിരിയൊന്നു വിരിഞ്ഞുകാണാന്‍ ..
എന്‍ തോഴി ചൊല്ലുകില്‍ ചന്ദ്രനെക്കൂടിയും
തണ്ടോടറുത്തു ഞാന്‍ കൊണ്ടുചെല്ലും.. വൈലോപ്പിള്ളി

ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാല്‍
അവളെ കല്ലിനുള്ളില്‍നിന്ന്
ഉയിര്‍ത്തെഴുന്നേല്പിക്കുകയെന്നാണര്‍ത്ഥം
അടിതൊട്ടു മുടിവരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണര്‍ത്ഥം
ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാല്‍
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വര്‍ഗ്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുകയെന്നാണ്
രാത്രി ആ തളര്‍ന്ന ചിറകുകള്‍ക്കു ചേക്കേറാന്‍
ചുമല്‍ കുനിച്ചു നില്ക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്
ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാല്‍
കാറ്റും കോളും നിറഞ്ഞ കടലില്‍
മേഘങ്ങള്‍ക്കു കീഴില്‍ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണര്‍ത്ഥം
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വന്‍കരയില്‍
കൊണ്ടുചെന്നു നട്ടുപിടിപ്പിക്കുകയെന്നാണര്‍ത്ഥം -സച്ചിദാനന്ദന്‍

യാത്രയാക്കുന്നൂ സഖീ
നിന്നെ ഞാന്‍ മൗനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍പൊട്ടിച്ചിതറും
പദങ്ങളാല്‍ ..
വാക്കിനു വിലപിടിപ്പേറുമിസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക വല്ലപ്പോഴും
എന്നല്ലാതെന്തോതും ഞാന്‍ ... - പി.ഭാസ്‌കരന്‍

മേലിലുച്ചലംവാനം താണു
വന്നതായ് തോന്നി
ഭൂമിയെന്‍കാല്‍ക്കല്‍ കുതിച്ചോള
മാര്‍ന്നതായ് തോന്നി
താരകളൊരുപിടിപ്പൂവായി വന്നെന്‍
മാറില്‍
പാറിവീണതായ് തോന്നി ഞാനൊരു
വെറും കാറ്റായ്
മാറിയുല്‍ക്കടമേതോ സുഗന്ധമൂര്‍ച്ഛ
യ്ക്കുള്ളി-
ലാകെ വീണലിഞ്ഞതായ് മാഞ്ഞു
പോയതായ് തോന്നി- സുഗതകുമാരി

ഒരു കൊല്ലം
അടി തേഞ്ഞ്
അകം തേഞ്ഞ്
വള്ളി പൊട്ടി.
ഇനി നിനക്ക്
എന്റെ കാലില്‍ നടക്കാം.
ഒരു കൊല്ലം കഴിഞ്ഞ്
ചെരിപ്പിന്റെയും പ്രേമത്തിന്റെയും
വ്യത്യാസം അവസാനിക്കുന്നില്ലെങ്കില്‍
എനിക്ക് നിന്റെ കാലില്‍ നടക്കാം.- ഡി.വിനയചന്ദ്രന്‍

ഇന്നലെ പുതുമഴ പെയ്തു
വീട്ടിലേക്കുള്ള വഴിയില്‍
വയല്‍വരമ്പില്‍
എന്റെ കാല്‍വഴുതി,
ഇന്നു ഞാന്‍ നിന്നെ കണ്ടു
മുളംകാടുകള്‍ക്കിടയില്‍
ഇന്നോളം വരാത്ത വഴിയില്‍
ഞാനിതാ, ആകാശം നോക്കി
കണ്‍തുറക്കുന്നു.- ടി.പി.രാജീവന്‍


ഇത്രനാള്‍ നാമിണങ്ങീ പരസ്​പരം
അത്രമാത്രം പ്രപഞ്ചം മധുരിതം
അത്രമാത്രമേ നമ്മുടെ ജീവനും
അര്‍ഥമുള്ളെന്‍ പ്രിയങ്കരതാരമേ. - അയ്യപ്പപ്പണിക്കര്‍

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...