Tuesday, February 22, 2011

രാഷ്ട്രീയം തൊഴിലാക്കാത്ത നേതാവ്


സാമ്പ്രദായികവീക്ഷണത്തില്‍ എം.എ. ജോണിന്റെ രാഷ്ട്രീയജീവിതം പരാജയമാണെന്ന് കരുതുന്നവരുണ്ടാവാം. എങ്കിലും ജോണിന്റെ തന്നെ വീക്ഷണത്തില്‍ അദ്ദേഹത്തിന്റെ ജീവിതം പരാജയമാണെന്ന് പറയാനാവില്ല. ജോണിന്റെ നേതൃത്വത്തിലുള്ള പരിവര്‍ത്തനവാദികള്‍ പ്രചരിപ്പിച്ചിരുന്നത് പാര്‍ട്ടി പൂജാവിഗ്രഹമല്ലെന്നും പ്രയോഗിക്കാനുള്ള ആയുധമാണെന്നുമായിരുന്നു. പാര്‍ട്ടിയായാലും വ്യക്തികളായാലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യുന്നപക്ഷം രാഷ്ട്രീയകക്ഷികള്‍ വിട്ടുവീഴ്ച തന്നെ പരിപാടിയാക്കുമെന്നാണ് പരിവര്‍ത്തനവാദികള്‍ പറഞ്ഞിരുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു സമരവും പരിവര്‍ത്തനവാദികള്‍ നടത്തിയിട്ടുണ്ട്. അന്ന് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും കെ.പി.സി.സി ഓഫിസിനുമുന്നില്‍ പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ സത്യഗ്രഹം നടത്തി. അഞ്ചാംപദ്ധതിയുടെ അവസാനത്തോടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുമെന്ന് 1964ല്‍ എ.ഐ.സി.സി പ്രമേയം പാസാക്കിയിരുന്നു. ഈ ലക്ഷ്യം നേടുന്നതിനുവേണ്ടി ഒന്നും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് '74ല്‍ പരിവര്‍ത്തനവാദികള്‍ സത്യഗ്രഹം നടത്തിയത്.
വ്യക്തിപരമായ ജീവിതത്തില്‍ സംശുദ്ധി പാലിക്കണമെന്ന് ശഠിച്ചിരുന്ന എം.എ. ജോണ്‍, രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലാക്കരുതെന്നാണ് വാദിച്ചിട്ടുള്ളത്. താന്‍ ഒരു കൃഷിക്കാരനാണെന്നതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിനുനിന്ന അവസരങ്ങളിലായാലും മറ്റ് സന്ദര്‍ഭങ്ങളിലായാലും ജോണ്‍ തന്റെ തൊഴില്‍ കൃഷിയെന്നാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എം.എ. ജോണിന് ആദ്യത്തെ അച്ചടക്ക ലംഘനത്തിന് നോട്ടീസ് കിട്ടുന്നത് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പരസ്യമായി പറഞ്ഞതിനാണ്. അങ്ങനെ ഒരു അഭിപ്രായം പറയാന്‍ അക്കാലത്ത് കോണ്‍ഗ്രസുകാര്‍ എന്നുമാത്രമല്ല, മറ്റ് രാഷ്ട്രീയ കക്ഷികളില്‍പെട്ടവരും ധൈര്യം കാണിക്കുമായിരുന്നില്ല. ഒരാള്‍തന്നെ തുടര്‍ച്ചയായി അധികാരം കൈയാളരുതെന്ന തത്ത്വാധിഷ്ഠിതമായ നിലപാടാണ് നെഹ്‌റുവിന്റെ കാര്യത്തിലും ജോണ്‍ കൈക്കൊണ്ടത്. മൂന്നുതവണ അച്ചടക്കനടപടി ഉണ്ടായിട്ടും പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ കൂട്ടാക്കാതെ കോണ്‍ഗ്രസിലൂടെ പരിവര്‍ത്തനം എന്നാണ് ജോണ്‍ പറഞ്ഞിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസാണ് രാഷ്ട്രീയപരിവര്‍ത്തനത്തിന് പറ്റിയ ഏറ്റവും നല്ല ആയുധമെന്നായിരുന്നു ജോണിന്റെ കാഴ്ചപ്പാട്.
കര്‍ഷകത്തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി അസംഘടിത വിഭാഗത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനുവേണ്ടി ഇന്ത്യയില്‍ ആദ്യം ശബ്ദമുയര്‍ത്തിയത് ജോണിന്റെ നേതൃത്വത്തിലുള്ള പരിവര്‍ത്തനവാദികളാണ്. കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി എന്നതില്‍ കവിഞ്ഞ ആവശ്യമുന്നയിക്കാന്‍ മറ്റാരും തയാറാകാതിരുന്ന കാലത്താണ് ഇതുണ്ടായത്. ഇന്ത്യയില്‍ സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും ചൂഷണത്തിനിരയാകുന്ന അടിസ്ഥാന വര്‍ഗത്തില്‍നിന്ന് തുടങ്ങുമ്പോഴല്ലാതെ പരിവര്‍ത്തനത്തിന് നാന്ദി കുറിക്കാനാവില്ലെന്നായിരുന്നു പരിവര്‍ത്തനവാദികളുടെ പക്ഷം.  മാതൃസംഘടനയായ കോണ്‍ഗ്രസില്‍നിന്ന് വേര്‍പെട്ട് മറ്റൊരു കക്ഷിയുമായി കൂട്ടുകൂടാന്‍ പരിവര്‍ത്തനവാദികള്‍ തയാറാകുന്നത് അടിയന്തരാവസ്ഥയിലാണ്. എം.എ. ജോണിന്റെ പത്രാധിപത്യത്തില്‍ നടത്തിയിരുന്ന 'നിര്‍ണയം' വാരികയില്‍ 'ഇന്ദിരയുടെ അടിയന്തരം' എന്ന പേരില്‍ ഞാന്‍ എഴുതിയ ലഘുലേഖ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് എനിക്കും ജോണിനും വാരിക നടത്തിപ്പുകാര്‍ക്കുമെതിരെ രാജ്യരക്ഷാ ചട്ടമനുസരിച്ച് കേസെടുത്തു. ജാമ്യം തരാതെ രണ്ടുമൂന്ന് മാസം ഞങ്ങളെ തടവിലിടുകയും ചെയ്തു. എം.എ. ജോണിന്റെ നേതൃത്വത്തില്‍ കേരളമൊട്ടാകെ പരിവര്‍ത്തന വാദികളുടെ പേരില്‍ പ്രചരിച്ച മുദ്രാവാക്യങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതുതന്നെയാണ് ജോണിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...