മണിനാദം
ഇടപ്പള്ളി രാഘവന്പ്പിള്ള
ഇടപ്പള്ളി രാഘവന്പ്പിള്ള അവസാനകാലത്ത് എഴുതിയ എഴുതിയ കവിത.
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! വരുന്നു ഞാന്!
അനുനയിക്കുവാനെത്തുമെന്കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നില് മറഞ്ഞു മനസ്സാലെന്-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെന് മൗനഗാനത്തില്
മദതരളമാം മാമരക്കൂട്ടമേ!
പിരികയാണിതാ, ഞാനൊരധഃകൃതന്
കരയുവാനായ്പ്പിറന്നൊരു കാമുകന്!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്പ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന് തെല്ലിട!
അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്ത്തുമീ മേടയില്
കഴലൊരല്പമുയര്ത്തിയൂന്നീടുകില്
വഴുതിവീഴാതിരിക്കില്ലൊരിക്കലും.
മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്
സുഖദസുന്ദര സ്വപ്നശതങ്ങള് തന്-
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില് ലീനനായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്പോട്ടുയര്ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്!
മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള് തട്ടിത്തഴമ്പിച്ചതാണു ഞാന്!
തടവെഴാപ്രേമദാരിദ്ര്യബാധയാല്
തടവുകാരനായ്ത്തീര്ന്നവനാണു ഞാന്!
കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്;
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്!
ചിരികള്തോറുമെന്പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെന്-
നടനവിദ്യയും മൂകസംഗീതവും!
വിവിധ രീതിയിലൊറ്റ നിമിഷത്തില്
വിഷമമാണെനിക്കാടുവാന്, പാടുവാന്;
നവരസങ്ങള് സ്ഫുരിക്കണമൊക്കെയു-
മവരവര്ക്കിഷ്ടമായിട്ടിരിക്കണം!
അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാന് പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്
പല ദിനവും നവനവരീതികള്
പരിചയിച്ചു, ഫലിച്ചില്ലൊരല്പവും!
തവിടുപോലെ തകരുമെന്മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!
ചിരി ചൊരിയുവാനായിയെന്ദേശികന്
ശരസി താഡനമേറ്റീ പലപ്പൊഴും.
ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരി മാറി ഞാന് കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്!
ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള് ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന് മേലിലും കേഴണം?
മധുരചിന്തകള് മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്;
ഇരുളിലാരുമറിയാതെയെത്ര നാള്
കരളു നൊന്തു ഞാന് കേഴുമനര്ഗ്ഗളം?
ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെന്-
പുറകില്നിന്നിദം വിങ്ങിക്കരയുവാന്
-സ്മരണയായിപ്പറന്നുവന്നെന്നുമെന്-
മരണശയ്യയില് മാന്തളിര് ചാര്ത്തുവാന്-
സമയമായി, ഞാന്- നീളും നിഴലുകള്
ക്ഷമയളന്നതാ നില്ക്കുന്നു നീളവേ.
പവിഴരേഖയാല് ചുറ്റുമനന്തമാം
ഗഗനസീമയില്, പ്രേമപ്പൊലിമയില്,
കതിര്വിരിച്ചു വിളങ്ങുമക്കാര്ത്തികാ-
കനകതാരമുണ്ടെന്കര്മ്മസാക്ഷിയായ്.
അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:
കഠിനകാലം കദനമൊരല്പമാ-
ക്കവിളിണയില്ക്കലര്ത്താതിരിക്കണേ!
പരിഭവത്തിന് പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്ന്നൊരെന്
ഹൃദയമണ്ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്വിയറ്റുമോ?- യേറ്റാല് ഫലിക്കുമോ?
(മാതൃഭൂമി ആഴ്ചപ്പതിപ്പ്,1936 ജൂലൈ 6)
Subscribe to:
Post Comments (Atom)
Emotional - Leonard Mlodnow
We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that ...
-
Father, it's too late for making up with you The time for debates on honour is over now You won, didn't you? You left me witho...
-
"അത്രമേല് പ്രാണനും പ്രാണനായ് നിന്ന നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണില് വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ?...
-
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും!!!! ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്...
No comments:
Post a Comment