Friday, August 14, 2015

കുട്ടികളാണ് ശരിക്കും വലിയവര്‍

കുട്ടികളാണ് ശരിക്കും വലിയവര്‍
ഡോ.വി.പി ഗംഗാധരന്‍
സഹജീവികളോടുള്ള അടുപ്പത്തിന്റെയും അനൗപചാരിക ഇടപെടലുകളുടെയും ഒക്കെ മനോഭാവത്തിന്റെ ആകെത്തുകയാണ് മനുഷ്യത്വം എന്ന് വിളിക്കുന്ന ഉന്നതമായ സാംസ്‌കാരിക മഹിമ. അത് കാണുന്നത് എപ്പോഴും കുട്ടികളിലാണ്. മുതിരുന്നതോടെ മനുഷ്യരില്‍ നിന്ന് കാര്യമായി വാര്‍ന്നു പോകുന്നതും ആ മാനവികതയുടെ മൂല്യങ്ങള്‍ തന്നെ..

ഒരു നാലു വയസ്സേ കാണൂ അവന്. അസുഖമായി ആശുപത്രിയിലെത്തിയിട്ട് ഒന്നു രണ്ടാഴ്ചയായി. എന്താ മോനേ.. ഭക്ഷണമൊക്കെ കഴിച്ചോ... എന്ന് അന്വേഷിച്ചപ്പോള്‍.. അവന്‍ കണ്ണടച്ചു കാണിച്ചു. ഒന്നും കഴിക്കുന്നില്ല ഡോക്ടറേ എന്ന് അമ്മയുടെ സങ്കടം. എന്തു പറ്റി..? ഭക്ഷണമൊക്കെ കഴിക്കണം.. എന്നാലല്ലേ അസുഖം മാറൂ..

അവന് എറണാകുളത്തെ ഭക്ഷണത്തിന്റെ രുചി പിടിക്കുന്നില്ല എന്നതാണ് പ്രശ്‌നം. മലപ്പുറത്താണ് അവന്റെ നാട്. അവിടെ നിന്ന് ഭക്ഷണം ഉണ്ടാക്കി എറണാകുളത്ത് കൊണ്ടു വരാന്‍ അത്രയെളുപ്പമല്ലല്ലോ! മലപ്പുറത്തെ ഭക്ഷണമൊക്കെ ഇവിടെയും കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, എനിക്ക് വീട്ടിലൊണ്ടാക്കണ ചോറൊക്കെ മതി ഡോക്ടറേ..

എങ്കില്‍ എനിക്കു കൊണ്ടു വന്ന ഭക്ഷണമുണ്ട്. അത് മോന്‍ കഴിച്ചോളൂ... ഞാന്‍ വേറേ കഴിച്ചോളാം...വെറുതേ പറഞ്ഞതാണെങ്കിലും അത് അവന് സമ്മതമായി.ഏതാണ്ട് രണ്ട് ദിവസമായി ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല അവന്‍. എന്തെങ്കിലും കഴിക്കാം എന്ന് കുഞ്ഞ് സമ്മതിച്ചതു തന്നെ അമ്മയ്ക്ക് വലിയ ആശ്വാസമായിരുന്നു. പറഞ്ഞതു പോലെ, എനിക്കായി കൊണ്ടു വന്ന ഭക്ഷണം കുറച്ചാണെങ്കിലും അവന്‍ കഴിക്കുകയും ചെയ്തു.

ആശുപത്രിയില്‍ സഹപ്രവര്‍ത്തകനായ ഡോ. ഇംതിഹാസുമായി കുട്ടികളെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഇക്കാര്യം ഓര്‍മയില്‍ വന്നു. ഒരു കുട്ടിയായതു കൊണ്ടാണ് എന്റെ ഭക്ഷണം കഴിച്ചോളൂ എന്നു പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചത്. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ചാല്‍ മതി എന്ന് താത്പര്യമുള്ള ആളുകള്‍ ഒരുപാടുണ്ടാവും. പ്രത്യേകിച്ച് മുതിര്‍ന്നവരുടെ കൂട്ടത്തില്‍. എന്നാല്‍, അവരോട് ഇതാ എന്റെ പങ്ക് കഴിച്ചോളൂ, ഞാന്‍ വേറെ കഴിച്ചോളാം എന്ന് പറഞ്ഞാല്‍ താത്പര്യത്തോടെ സമ്മതിക്കാന്‍ ആരും തന്നെയുണ്ടാവില്ല.

ഇത് കുട്ടികളുടെ സ്വഭാവത്തിന്റെ ഒരു വലിയ മേന്മയാണ്. അവര്‍ക്ക് വലിയ ഔപചാരികതകളൊന്നും ഉണ്ടാവില്ല. ഭക്ഷണമായാലും കളിപ്പാട്ടമായാലും പുസ്തകമായാലും അവര്‍ക്ക് ഇഷ്ടപ്പെട്ടതു കണ്ടാല്‍ ചോദിക്കും. കൊടുത്താല്‍ വാങ്ങും. അത്രമേല്‍ താത്പര്യമുള്ളവര്‍ക്കേ അവര്‍ ഇത്തരം സാധനങ്ങള്‍ കൊടുക്കുകയുള്ളൂ.

ഡോ. ഇംതിഹാസ് കുട്ടികളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പറഞ്ഞു. ചികിത്സയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന മരുന്ന് പലപ്പോഴും മസ്തിഷ്‌കത്തിലേക്ക് എത്താറില്ല. പരിശോധനയില്‍ അത് കണ്ടെത്തിക്കഴിഞ്ഞാല്‍ തലച്ചോറിലേക്ക് മരുന്ന് എത്തിക്കുന്നതിനായി നട്ടെല്ലിലൂടെ മരുന്ന് കടത്തി വിടുന്ന ഒരു ചികിത്സാ രീതിയുണ്ട്. നാലോ അഞ്ചോ കുട്ടികളെ ഒരുമിച്ച് തീയേറ്ററില്‍ കയറ്റി ചെറിയ തോതില്‍ അനസ്തീഷ്യ കൊടുത്ത് മയക്കി വേദനയൊന്നും അറിയാത്ത വിധത്തിലാണ് മരുന്ന് നല്‍കുക. എന്നാലും, തീയേറ്ററില്‍ കയറുന്നതും കുത്തിവെപ്പ് എടുക്കുന്നതുമൊക്കെ അവര്‍ക്ക് ചിലപ്പോള്‍ കുറച്ച് അസ്വസ്ഥതയുണ്ടാക്കിയെന്നു വരാം.

എന്താണ് ചികിത്സ എന്നും എന്തിനാണെന്നും എങ്ങനെയാണെന്നും ഒക്കെയുള്ള വിവരങ്ങള്‍ കുട്ടികള്‍ക്ക് അറിയാം. എല്ലാം നേരത്തേ പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. ചികിത്സ കഴിഞ്ഞ് ബോധം തെളിഞ്ഞാല്‍ അവര്‍ ആദ്യം ചോദിക്കുക അവന് എങ്ങനെയുണ്ടായിരുന്നു ഡോക്ടര്‍... അല്ലെങ്കില്‍ അവള്‍ക്ക് എങ്ങനെയുണ്ടായിരുന്നു... എന്നായിരിക്കും. കൂടെ ചികിത്സിച്ച കുട്ടികളുടെ വിശേഷങ്ങള്‍ ചോദിക്കാത്ത ഒറ്റ കുട്ടി പോലുമുണ്ടാകാറില്ല.

കൂടെയുള്ളയാളുടെ ചികിത്സ കഴിഞ്ഞിട്ടില്ലെങ്കില്‍ പറയും അവനെ അധികം വേദനിപ്പിക്കരുതു കെട്ടോ ഡോക്ടര്‍ എന്നൊക്കെ. കൂടെ ചികിത്സിച്ചവരുടെ വിശേഷങ്ങള്‍ ആദ്യം അന്വേഷിക്കുന്നത് കുട്ടികളാണ് എന്നല്ല, കുട്ടികള്‍ മാത്രമേ അത് അന്വേഷിക്കുകയുള്ളൂ എന്നതാണ് രസകരമായ കാര്യം.

കുട്ടികളുടെ മനസ്സ് നിഷ്‌കളങ്കമാണ്. സുതാര്യമാണ്. അവര്‍ക്ക് ഒന്നും ഒളിച്ചു വെയ്ക്കാനുണ്ടാവാറില്ല. അവരുടെ പെരുമാറ്റങ്ങള്‍ തികച്ചും സ്വാഭാവികമായിരിക്കും. ഒട്ടും ഫോര്‍മാലിറ്റി ഉണ്ടാവില്ല. എന്നാല്‍, ആളുകള്‍ മുതിരുന്നതോടെ ആ നിഷ്‌കളങ്കതയുടെയും സുതാര്യതയുടെയും സ്ഥാനത്ത് വലിയ സ്വാര്‍ഥതയും മസിലുപിടിത്തമുള്ള വലിയ ഔപചാരികതകളും വക്രബുദ്ധിയുമൊക്കെ വളര്‍ന്നെത്തിയിരിക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ചഎട്ടാം തീയതി എന്റെ പിറന്നാളായിരുന്നു. അത് പറഞ്ഞപ്പോള്‍, വാര്‍ഡിലുണ്ടായിരുന്ന ഒരു കുട്ടി തീരെ ചെറിയ കുട്ടിയല്ല അവള്‍ക്കൊരു 1415 വയസ്സുണ്ട്. രഹസ്യമായി വന്നു പറഞ്ഞു ഡോക്ടറേ എനിക്കൊരു ചെറിയ കഷണം കേക്കും ഒരു ഗ്ലാസ് പായസവും കൊെണ്ടത്തരണം കേട്ടോ എന്ന്. അങ്ങനെ പറയാനുള്ള അവളുടെ ആ നിഷ്‌കളങ്കതയാണ് എന്റെ മനസ്സു നിറച്ചത്.

കുട്ടികളെ നമ്മള്‍ പറഞ്ഞു പഠിപ്പിക്കുന്നതു തന്നെ ആരുടെ കൈയില്‍ നിന്നും ഒന്നും വാങ്ങി കഴിക്കരുത്, ആരോടും വെറുതേ വര്‍ത്തമാനം പറയാന്‍ പോകരുത് എന്നൊെക്കയല്ലേ! സ്വന്തം കാര്യം നോക്കാന്‍ പഠിക്കണം എന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍ അതിനൊപ്പം വളരെ നിഗൂഢമായി നാം പഠിപ്പിക്കുന്നത് മറ്റാരുടെയും ഒരു കാര്യത്തിലും ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നു കൂടിയാണല്ലോ.

സഹജീവികളോടുള്ള ആ അടുപ്പത്തിന്റെയും അനൗപചാരിക ഇടപെടലുകളുടെയും ഒക്കെ മനോഭാവത്തിന്റെ ആകെത്തുകയാണ് മനുഷ്യത്വം എന്ന് നാം വിളിക്കുന്ന ഉന്നതമായ സാംസ്‌കാരിക മഹിമ. അത് കാണുന്നത് എപ്പോഴും കുട്ടികളിലാണ്. മുതിരുന്നതോടെ മനുഷ്യരില്‍ നിന്ന് കാര്യമായി വാര്‍ന്നു പോകുന്നതും ആ മാനവികതയുടെ മൂല്യങ്ങള്‍ തന്നെ.

യേശു ക്രിസ്തുവും മഹാത്മാഗാന്ധിയും മദര്‍ തെരേസയും മുതല്‍ എ.പി.ജെ. അബ്ദുള്‍ കലാം വരെ മനുഷ്യകുലത്തിന്റെ ആചാര്യ സ്ഥാനത്ത് നാം ആദരിക്കുന്ന മഹിത വ്യക്തിത്വങ്ങളൊക്കെ കുട്ടികളോട് പ്രത്യേക താത്പര്യത്തോടെ ഇടപഴകിയിരുന്നത് അതു കൊണ്ടായിരിക്കാം.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...