Sunday, August 16, 2015

ദുഃഖത്തിന് അവസാനമില്ല.... സ്‌നേഹത്തിനും'

'ദുഃഖത്തിന് അവസാനമില്ല.... സ്‌നേഹത്തിനും' 

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-550968

ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (COO) ഷെറില്‍ സാന്‍ഡ്ബര്‍ഗ്, തന്റെ പ്രിയതമന്‍ മരിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണിത്. വ്യായാമത്തിലേര്‍പ്പെടുന്ന വേളയില്‍ ട്രെഡ്മില്ലില്‍നിന്ന് വീണ് അപ്രതീക്ഷിതമായി ഷെറിലിന്റെ ഭര്‍ത്താവ് ഡേവ് മരിക്കുകയായിരുന്നു. ജീവിതത്തെയും മരണത്തെയും ഉപചാരങ്ങളെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഈ കുറിപ്പില്‍ ഷെറിന്‍ ഉന്നയിക്കുന്നു. പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനകം മൂന്നരലക്ഷം പേര്‍ ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തു. 
ഭര്‍ത്താവ് ഡേവ് ഗോള്‍ഡ്ബര്‍ഗിനൊപ്പം ഷെറില്‍ (കടപ്പാട്: ഷെറിലിന്റെ ഫെയ്‌സ്ബുക്ക് പേജ്)


എന്റെ പ്രിയ ഭര്‍ത്താവ് മരണമടഞ്ഞതിന്റെ 30 ദിവസത്തെ ദുഃഖാചരണം ഇന്നവസാനിക്കുകയാണ്. ജൂതമതാചാരം അനുസരിച്ച്, ഒരാളുടെ ശവസംസ്‌കാരം തൊട്ടുള്ള ഏഴുദിവസമാണ് തീവ്രമായ ദുഃഖാചരണം. അതു കഴിഞ്ഞാല്‍ ബന്ധുക്കള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. പക്ഷെ ഭാര്യയുടെ ദുഃഖാചരണം പൂര്‍ണ്ണമാവണമെങ്കില്‍ 30 ദിവസം നീളുന്ന മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാകണം.

ഇപ്പോള്‍ പുരോഹിതനായ ഒരു ബാല്യകാല സുഹൃത്ത് അടുത്തയിടെ എന്നോട് പറഞ്ഞു, അദ്ദേഹം ഇതുവരെ വായിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ പ്രാര്‍ത്ഥന, 'ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്നെ മരിക്കാനനുവദിക്കരുതേ' എന്നതാണെന്ന്. ഡേവിനെ നഷ്ടമാകുംവരെ എനിക്കതിന്റെ അര്‍ഥം മനസാലിയിരുന്നില്ല. ഇപ്പോള്‍ എനിക്ക് മനസിലാകുന്നു.

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അത് നമുക്ക് തിരഞ്ഞെടുപ്പിനുള്ള ഒരു അവസരം കൂടി നല്‍കുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ ശൂന്യതയ്ക്കു വിട്ടുകൊടുക്കാം. നിങ്ങളുടെ ഹൃദയത്തില്‍, ശ്വാസകോശത്തില്‍, നിങ്ങളിലാകെ തന്നെയും ശൂന്യത നിറയ്ക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പലതിന്റെയും അര്‍ത്ഥം/ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. കടന്നുപോയ മുപ്പത് ദിവസങ്ങള്‍ ഞാനത്തരം ശൂന്യതയിലേക്കാണ് എന്നെ കുടഞ്ഞെറിഞ്ഞത്. എനിക്കറിയാം ഇനി അങ്ങോട്ടും ശൂന്യതയുടെ അത്തരം അനേകം വേളകള്‍ എന്നെ കാത്തിരിക്കുന്നുണ്ടെന്ന്.

പക്ഷെ, സാധ്യമെങ്കില്‍ എനിക്ക് ജീവിതവും അതിന്റെ അര്‍ത്ഥങ്ങളും തന്നെ തിരഞ്ഞെടുക്കണം.

എന്റെ 30 ദിവസത്തെ ദുഃഖാചരണം അവസാനിച്ചുവെന്ന് അറിയിക്കാനും, അതോടൊപ്പം മറ്റുള്ളവര്‍ എന്നോടു കാണിച്ച മഹാമനസ്‌കതയിലേയ്ക്കുള്ള കൃതജ്ഞത എന്ന നിലയ്ക്കുമാണ് ഞാനീ കുറിപ്പെഴുതുന്നത്.

ദുഃഖം തീര്‍ത്തും വ്യക്തി പരമാണെങ്കിലും എന്റേതിന് സമാനമായ അനുഭവങ്ങള്‍ തുറന്നു പറയാന്‍ ചിലര്‍ കാണിച്ച ആര്‍ജവം, അതിജീവനത്തിന് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ എന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. മറ്റു ചിലരാവട്ടെ എനിക്കു തീര്‍ത്തും അപരിചതരും. അതുകൊണ്ടുതന്നെ ഞാന്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ മറ്റാരെയെങ്കിലും സഹായിച്ചേക്കാം. ഈ വേദനയ്ക്കും ചില അര്‍ത്ഥങ്ങളുണ്ട് എന്ന പ്രതീക്ഷയിലാണ് ഞാനിത് തുറന്നുപറയുന്നത്.

ഈ മുപ്പത് ദിവസം കൊണ്ട് 30 വര്‍ഷം ഞാന്‍ ജീവിച്ചു. മുപ്പത് വര്‍ഷത്തെ ദുഃഖം എന്റെ ഉള്ളിലുണ്ട്. മുപ്പത് വര്‍ഷത്തെ വിവേകം എന്നില്‍ നിറയുന്നു.

എന്റെ മക്കള്‍ കരയുന്നത് കാണുമ്പോഴും എന്റെ വേദന എന്റെ അമ്മ ഉള്‍ക്കൊള്ളുന്നതുകാണുമ്പോഴും അമ്മ എന്ന അവസ്ഥയെ ഞാന്‍ സമഗ്രമായി മനസിലാക്കുന്നു. എന്റെ കിടക്കയിലെ ശൂന്യമായ പകുതിയെ കടമെടുത്തുകൊണ്ട്, ഓരോ രാത്രിയിലും കരഞ്ഞു തളരുന്ന എന്നെ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു അമ്മ. എന്റെ കണ്ണീര്‍പ്പെയ്ത്തിനെ ഏറ്റുവാങ്ങാന്‍ വേണ്ടി അമ്മ അവരുടെ കണ്ണീരിനെ തടഞ്ഞുവെച്ചു. അമ്മ എന്നോടു പറയുന്നു. എന്റെ വേദനകള്‍ എന്റേതുമാത്രമല്ല, എന്റെ മക്കളുടേത് കൂടിയാണെന്ന്. അമ്മയുടെ കണ്ണുകളിലെ സങ്കടം അത് ശരിവെയ്ക്കുന്നു.

മറ്റുള്ളവര്‍ തകര്‍ന്നിരിക്കുമ്പോള്‍, അവരോടെന്ത് സംസാരിക്കണമെന്ന് എനിക്കറിയില്ലായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ശുഭാപ്തിവിശ്വാസമാണ് അവര്‍ക്കു കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല കാര്യമെന്ന് കരുതി. ഞാന്‍ അവരോടു പറയും, എല്ലാം ശരിയാവും എന്ന്. എനിക്കു തെറ്റുപറ്റിയെന്ന് ഇപ്പോള്‍ തോന്നുന്നു. ക്യാന്‍സറിന്റെ അവസാന ഘട്ടത്തിലെത്തിയ ഒരു സുഹൃത്ത് എന്നോടു പറഞ്ഞിരുന്നു, അയാള്‍ ഏറ്റവും വെറുക്കുന്നത് ആള്‍ക്കാരുടെ എല്ലാം ശരിയാവും എന്ന ഭംഗിവാക്കാണെന്ന്. അദ്ദേഹത്തിന്റെ ശബ്ദം എന്റെ ഉള്ളില്‍ ആര്‍ത്തലയ്ക്കുന്നു. നിങ്ങള്‍ക്കെങ്ങനെ അറിയാം എല്ലാം ശരിയാകുമെന്ന്, നിങ്ങള്‍ക്കറിയാഞ്ഞിട്ടാണോ ഞാന്‍ ഉടന്‍ മരിക്കുമെന്ന്. അദ്ദേഹം എനിക്കു മനസിലാക്കിതരാന്‍ ശ്രമിച്ചത് എന്താണെന്ന് കഴിഞ്ഞ ഒരു മാസംകൊണ്ട് ഞാന്‍ അറിഞ്ഞു. മറ്റൊരാളുടെ വേദനകൊണ്ട് താദാമ്യം പ്രാപിക്കുന്നത് എല്ലാം ശരിയാവും എന്ന ഭംഗിവാക്ക് പറഞ്ഞിട്ടല്ലാ, മറിച്ച് അങ്ങനെയാവില്ല എന്ന സത്യം ഉള്‍ക്കൊണ്ടിട്ടാണ്, ഏറ്റു പറഞ്ഞിട്ടാണ്. നിനക്കും, കുഞ്ഞുങ്ങള്‍ക്കും സന്തോഷം തിരിച്ചു കിട്ടുമെന്ന് പലരും പറയുമ്പോള്‍, എന്റെ ഉള്ളില്‍ നിന്നാരോ പറയും നിങ്ങള്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എനിക്കറിയാം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സന്തോഷിക്കാന്‍ ഇനി എനിക്കു പറ്റില്ലെന്ന്. മറ്റ് ചിലര്‍ പറയും ഇത്രത്തോളം നല്ലതല്ലെങ്കിലും ഇനിയും ഒരു ജീവിതം നിനക്കുണ്ടാവും. ഒരു പക്ഷെ ഈ വാക്കുകളാവാം എനിക്കു കൂടുതല്‍ ആശ്വാസം തരുന്നത്. കാരണം അവര്‍ എന്നെ ഉള്‍ക്കൊള്ളുന്നു, സത്യം പറയുന്നു.

സുഖമാണോ എന്ന സാധാരണ ചോദ്യം പോലും എന്നെ അസ്വസ്ഥയാക്കുന്നു. അവരോട് പുറമെ നീരസം കാണിക്കാതെ ഉള്ളില്‍ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു. ഒരു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെക്കുറിച്ച് നിങ്ങളെന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. എനിക്കെങ്ങനെയായിരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്. ഇന്നത്തെ ദിവസം എങ്ങനെ എന്ന് എടുത്തു ചോദിക്കുന്നവരുടെ ഉദ്ദ്യേശ ശുദ്ധി ഞാന്‍ മനസിലാക്കുന്നു. അവരെ ഞാന്‍ മാനിക്കുന്നു.

മറ്റനേകം കാര്യങ്ങള്‍ കൂടി ഞാന്‍ പഠിച്ചിരിക്കുന്നു. ഡേവ് വീണ ഉടന്‍ തന്നെ മരണമടഞ്ഞിരുന്നുവെന്ന് ഇപ്പോള്‍ എനിക്കറിയാം. എന്നാല്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ എനിക്കത് അറിയുമായിരുന്നില്ല. ആശുപത്രിയിലേക്കുള്ള യാത്ര ക്ഷമിക്കാവുന്നതിലും അപ്പുറം പതുക്കെയായിരുന്നു. ഞങ്ങള്‍ക്ക് കടന്നുപോകാന്‍ വഴി തരാത്ത വാഹനങ്ങളോടും മനുഷ്യരോടും എനിക്കിപ്പോഴും വെറുപ്പുതോന്നുന്നു. പല സ്ഥലങ്ങളിലും യാത്രചെയ്യുമ്പോള്‍ ഞാനീകാര്യം ശ്രദ്ധിച്ചിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും ഒന്നു വഴി മാറിക്കൊടുക്കാം. ആരുടെയൊക്കെയോ പ്രിയപ്പെട്ടവരുടെ ജീവിതം അതിനെ ആശ്രയിച്ചാണുള്ളത്.

എല്ലാകാര്യങ്ങള്‍ക്കും അല്‍പ്പായുസ് മാത്രമേ ഉള്ളൂ എന്നാണ് ഞാന്‍ മനസിലാക്കിയ മറ്റൊരു കാര്യം. യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മുടെ കാല്‍ച്ചുവട്ടില്‍ നിന്ന് പൊടുന്നനെ മണ്ണ് ഒലിച്ചുപോയേക്കാം. കഴിഞ്ഞ മുപ്പത് ദിവസങ്ങളായി, പങ്കാളി നഷ്ടപ്പെട്ട സ്ത്രീകളുടെ അവര്‍ അനുഭവിക്കേണ്ടി വന്ന നിരവധി പ്രശ്‌നങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. പലരും ആശ്രയിക്കാനാരുമില്ലാതെ, വൈകാരികവും, സാമ്പത്തികവുമായ അരക്ഷിതാവസ്ഥയോട് ഒറ്റയ്ക്കു പൊരുതുന്നു. അത്തരം സ്ത്രീകളെ അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്തുന്നത് വലിയ തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നു.

എന്തൊക്കെ സഹായം എനിക്കാവശ്യമുണ്ടെന്ന് മനസിലാക്കാനും ആ സഹായം മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കാനും ഇപ്പോള്‍ ഞാന്‍ പഠിച്ചിരിക്കുന്നു. എനിക്കിതുവരെ അതൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ എല്ലാത്തിനും പ്രാപ്തയായിരുന്നു. വീട്ടിലെ മൂത്ത സഹോദരി, നല്ല ജോലി, പ്ലാനര്‍ ഒക്കെ ഞാനായിരുന്നു. പക്ഷെ ഇത്തരമൊരു അവസ്ഥ എപ്പോള്‍ സംഭവിക്കുമെന്നോ അപ്പോള്‍ എന്തൊക്കെ ചെയ്യണമെന്നോ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ എനിക്കു കഴിഞ്ഞില്ല. സംഭവിച്ചപ്പോഴും എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ ഉറ്റവര്‍ എല്ലാം ഏറ്റെടുത്തു. അവര്‍ കാര്യങ്ങളൊക്കെ നോക്കിക്കണ്ടു ചെയ്തു. എന്നോട് എവിടെ ഇരിക്കണമെന്നുപോലും അവര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ ഓര്‍മിപ്പിച്ചു. അവര്‍ ഇപ്പോഴും എന്നെയും കുഞ്ഞുങ്ങളെയും സഹായിക്കാന്‍ ആവുന്നതൊക്കെയും ചെയ്യുന്നു.

ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആദം എം. ഗ്രാന്റ് പഴയതുപോലെ ആവാന്‍ എന്നെ മൂന്ന് കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്നാമത്തേത്, എന്റെ കുറ്റം കൊണ്ടല്ല ഇതൊന്നും സംഭവിച്ചത് എന്ന് തിരിച്ചറിയുകയാണ്, ഉള്‍ക്കൊള്ളുകയാണ്. സോറി എന്ന വാക്ക് എന്റെ ശേഖരത്തില്‍ നിന്ന് എടുത്തുകളയാനാണ് അദ്ദേഹം ഉപദേശിച്ചത്. എന്നോടു തന്നെ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. എന്റെ എന്തെങ്കിലും തെറ്റുകൊണ്ടല്ല ഒന്നും സംഭവിച്ചത് എന്നത്. അദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാര്യം ഒന്നും ശാശ്വതമല്ല എന്നതാണ്. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന പലതും, എല്ലാക്കാലത്തും അങ്ങനെ തന്നെ നിലനില്‍ക്കണമെന്നില്ല. ഇപ്പോള്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത കുറഞ്ഞേക്കും. ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കും. മൂന്നാമത്തെകാര്യം, ഈ വേദന ജീവിതത്തിലെ സമസ്ത മേഖലകളെയും കീഴടക്കരുത് എന്നതാണ്. ദുഃഖത്തെ ദുഃഖം മാത്രമായി നിലനിര്‍ത്തണം. അതിനെ ഒരു പ്രത്യേക അറയിലാക്കി അടച്ചു വെയ്ക്കുന്നതാവും നല്ലത്.

ജോലി ശരിക്കും ഒരു രക്ഷയായിരിക്കുന്നു. ആള്‍ക്കാരുമായി ഇടപഴകുന്നത് നന്നാവും എന്നെനിക്കുതോന്നി. പക്ഷെ, അവരുമായുള്ള ബന്ധത്തില്‍പ്പോലും മാറ്റങ്ങള്‍ വന്നിരുന്നു. ഞാന്‍ സമീപിക്കുമ്പോഴൊക്കെ എന്റെ സഹപ്രവര്‍ത്തകരുടെ കണ്ണിലെ ഭയം ഞാന്‍ കണ്ടു. കാരണം എനിക്കറിയാമായിരുന്നു. അവര്‍ക്കെന്നെ സഹായിക്കണമെന്നുണ്ട്. പക്ഷെ അതെങ്ങനെ വേണമെന്നറിയില്ല. ഞാനതാഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല. അവരോടുള്ള അടുപ്പം പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. ഞാന്‍ അവരോടു പഴയതുപോലെ തന്നെ അടുപ്പത്തിലാണെന്നും അവര്‍ക്കെന്നോട് എന്തും തുറന്നുപറയാമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ ഒരു സഹപ്രവര്‍ത്തക പറഞ്ഞു. അവള്‍ എന്റെ വീടിന്റെ വഴിയെ പോകുമ്പോള്‍ വീട്ടില്‍ കയറണമെന്ന് കരുതാറുണ്ട്. പക്ഷെ, ഞാന്‍ എങ്ങനെ പെരുമാറുമെന്ന് ഭയന്ന് കയറിയില്ല എന്ന്. മറ്റൊരാള്‍ക്കാവട്ടെ, അയാള്‍ തെറ്റായ എന്തെങ്കിലും പറയുമോ എന്ന് ഭയന്ന്, ഞാന്‍ സമീപത്തുകൂടി പോകുമ്പോഴൊക്കെ അയാള്‍ സ്തംഭിച്ചുപോകാറുണ്ടത്രേ. എന്തായാലും ഞാന്‍ അവരോടൊക്കെ തുറന്ന് സംസാരിച്ചത് അത്തരം ആശങ്കള്‍ക്ക് വിരാമമിട്ടു.
ഡെവും ഷെറിലും - വിവാഹവേളയിലെടുത്ത ചിത്രം (കടപ്പാട്: ഷെറിലിന്റെ ഫെയ്‌സ്ബുക്ക് പേജ്)


അതേസമയം തന്നെ, എനിക്ക് ആള്‍ക്കാരെ ഒരു പരിധിയില്‍ കഴിഞ്ഞ് അടുപ്പിക്കാന്‍ വയ്യാത്ത സാഹചര്യങ്ങളുമുണ്ടായി. കുട്ടികളുടെ സ്‌കൂളില്‍ ഒരു പരിപാടിക്കുപോയപ്പോള്‍ മറ്റുകുട്ടികളുടെ രക്ഷിതാക്കളുടെ കണ്ണുകളുമായി എന്റെ കണ്ണുകള്‍ ഇടയാതിരിക്കാന്‍ ഞാന്‍ തലതാഴ്ത്തി പിടിച്ച് നടന്നു. അപ്പോള്‍ ഉള്ളിലെ സങ്കടം അണപൊട്ടി പുറത്തു വരുമോ എന്ന് ഞാന്‍ ഭയന്നു. അവര്‍ക്കത് മനസിലായിക്കാണും.

'കൃതജ്ഞത' എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞാന്‍ പഠിച്ചു. താനെ വന്നു ഭവിക്കുന്നത് എന്ന് ഞാന്‍ കരുതിയ കാര്യങ്ങള്‍ക്കാണ് ഏറ്റവുമധികം കൃതജ്ഞത അര്‍പ്പിക്കേണ്ടിയിരുന്നത്. ഉദാഹരണത്തിന് ജീവിതം. സ്വയം തകര്‍ന്നിരിക്കുമ്പോഴും ഞാന്‍ എന്റെ മക്കളെ നല്ല രീതിയില്‍ പരിപാലിക്കുകയും അവരെ ജീവസ്സുറ്റവരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ചെറുപുഞ്ചിരിയേയും ആലിംഗനത്തെയും വരെ ഞാന്‍ അഭിനന്ദിച്ചു. ഓരോ ദിവസവും എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. ജന്മദിനം താന്‍ വെറുക്കുന്നുവെന്നും താന്‍ അത് ആഘോഷിക്കാറില്ലെന്നും പറഞ്ഞ ഒരു സുഹുത്തിനോട് ഞാന്‍ പറഞ്ഞു. ജന്മദിനം ആഘോഷിക്കുക തന്നെ വേണം. കാരണം നീ ഭാഗ്യവാനായതുകൊണ്ടാണ് ഓരോ ജന്മദിനവും നിനക്കു ലഭിക്കുന്നത്. എന്റെ അടുത്ത പിറന്നാള്‍ എനിക്കേറ്റവും വേദനാജനകമായിരിക്കും. പക്ഷെ, കഴിഞ്ഞുപോയ മറ്റേതൊരു ജന്മദിനത്തേക്കാളും ഭംഗിയായി ഹൃദയത്തിനുള്ളില്‍ ഞാനതാഘോഷിക്കും.

എന്നോടു അനുകമ്പ കാണിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത്, എനിക്കു പരിചയം പോലുമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ എനിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ അവര്‍ ഉപേക്ഷിച്ച പഠനം പുനരാരംഭിച്ചുകൊണ്ടാണ് എന്നാണ്. എനിക്കു പരിചയമുള്ളതും അല്ലാത്തതുതമായ ഒരുപാട് പുരുഷന്മാര്‍, ഡേവിന്റെ ജീവിതത്തെ മാനിച്ചുകൊണ്ട് അവരുടെ കൂടുതല്‍ സമയം തങ്ങളുടെ കുടുംബത്തിനുവേണ്ടി മാറ്റി വെയ്ക്കുന്നുവത്രേ.

എല്ലായ്‌പ്പോഴും ഞാന്‍ വീഴാതെ എന്നെ താങ്ങി നിന്ന, ഇനിയുമെന്നും കൂടെ ഉണ്ടാകും എന്നുറപ്പുതരുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാനെങ്ങനെയാണ് നന്ദി രേഖപ്പെടുത്തുക. എന്നില്‍ നിറഞ്ഞു കവിഞ്ഞ ശൂന്യതയില്‍നിന്ന്, മുന്നില്‍ നീണ്ടുകിടക്കുന്ന ശൂന്യമായ മാസങ്ങളില്‍ നിന്നും വര്‍ഷങ്ങളില്‍ നിന്നും, അവ ഉണര്‍ത്തുന്ന ഭയത്തില്‍ നിന്നും, ഒറ്റപ്പെടലില്‍ നിന്നും, എന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് അവരുടെ മുഖങ്ങളാണ്. അവരോടുള്ള എന്റെ കൃതജ്ഞതയ്ക്ക്, സ്‌നേഹത്തിന് അതിരുകളില്ല.

ഡേവിന്റെ അഭാവത്തില്‍, അച്ഛനും മക്കളും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് ഞാനെന്റെ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ഡേവിനു പകരം അച്ഛന്റെ റോള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തു. പക്ഷെ ഞാനദ്ദേഹത്തോട് പറഞ്ഞു: 'എനിക്ക് ഡേവിനെ തന്നെ വേണം എനിക്ക് Option A മാത്രം മതി. ഞാന്‍ കരയുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു. 'Option A നിലവില്‍ ലഭ്യമല്ല. അതുകൊണ്ട് നമുക്ക് Option B യില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കാം'.

ഡേവ് നിന്റെ ഓര്‍മ്മയെ മാനിച്ചുകൊണ്ടു പറയട്ടെ, നിന്റെ മക്കളെ അവരാഗ്രഹിക്കുന്ന, അവര്‍ഹിക്കുന്ന രീതിയില്‍ത്തന്നെ ഞാന്‍ വളര്‍ത്തും. അതിനെനിക്ക് ചെയ്യാന്‍ പറ്റുക Option B യില്‍ നിന്ന് ആവശ്യമുള്ളതൊക്കെ സ്വീകരിക്കുക എന്നതാണ്. 30 ദിവസത്തെ ദുഃഖാചരണം കഴിഞ്ഞെങ്കില്‍ കൂടിയും ഞാന്‍ എന്നും എന്നെന്നും Option A യ്ക്കു വേണ്ടി കരയും, വേദനിക്കും.

ബോണോ പാടിയതുപോലെ 'ദുഃഖത്തിന് അവസാനമില്ല.... സ്‌നേഹത്തിനും...'
I Love You Dave.....

(മൊഴിമാറ്റം: മനീഷ നാരായണ്‍) 

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...