Wednesday, October 21, 2015

ഖസാക്കില്‍, ഓര്‍മകളുടെ മഴയില്‍...

ഖസാക്കില്‍, ഓര്‍മകളുടെ മഴയില്‍...
ഖസാക്കിന്റെ ഇതിഹാസമുദ്രകള്‍  തേടി 'യാത്ര'യ്ക്കുവേണ്ടി മഹാനടന്റെ  സ്വപ്നസഞ്ചാരം. കാലം തളംകെട്ടി  നില്‍ക്കുന്ന  നാട്ടുവഴികളിലൂടെ  തസ്രാക്കിലേക്ക്,  മമ്മൂട്ടി...
Mammooty----Maduraj-0028.jpg
"പൂട്ടിയടഞ്ഞ വാതിലില്‍ രവി ഇത്തിരി നേരം നോക്കി. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് രവി കണ്ണുകള്‍ ചിമ്മി. സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്..."
മനസില്‍ കൊത്തിവെച്ചതുപോലെ ഇപ്പോഴുമുണ്ട് ആ വരികള്‍. 
ഇതാ, ഒരിക്കല്‍ കൂടി മടക്കയാത്ര. തസ്രാക്കിലേക്ക്, കിഴക്കന്‍ കാറ്റും പെരുമഴയും കന്നിനിലമൊരുക്കിയ കഥയിലേക്ക്, ഖസാക്കിലേക്ക്.



Mammooty----Maduraj-0020.jpg
കാറ്റില്‍, പൊടിയില്‍ ആറാടി ഖസാക്ക്...
പാലക്കാടു നിന്ന് പുതുനഗരത്തേക്കുള്ള വഴി. തസ്രാക്കിലേക്ക് 10 കിലോമീറ്റര്‍ ദൂരമേയുള്ളൂ. കനാല്‍പ്പാലം ബസ്‌സ്റ്റോപ്പിന് അരികില്‍ വിളര്‍ത്ത നിറത്തില്‍ ബോര്‍ഡ്  ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം...
തസ്രാക്ക്. ഓര്‍മത്തെറ്റുപോലെ മണ്ണില്‍ വീണുപോയ സ്ഥലരാശി. ഉഴുതുമറിച്ച നിലങ്ങളില്‍ നിന്ന് കരിമ്പനത്തലപ്പുകളിലേക്ക് കയറിവരുന്ന പൊടി പുരണ്ട കാറ്റ്. കാറ്റിന് കാതോര്‍ക്കുന്ന തെങ്ങുകള്‍. പറന്നിറങ്ങുന്ന വയല്‍ക്കൊറ്റികള്‍, നാട്ടുവര്‍ത്തമാനം പറഞ്ഞ് സ്ത്രീകള്‍...
    ,

Mammooty----Maduraj-0019.jpg
യാത്രികാ... വഴികള്‍ അവസാനിക്കുന്നതെവിടെയാണ്?
തസ്രാക്ക് ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും സാഹിത്യ പ്രണയികള്‍ വന്നു കൊണ്ടേയിരിക്കുന്നു. മലയാളികള്‍ മാത്രമല്ല മറുനാട്ടുകാരും. ഇപ്പോള്‍ അവരില്‍ ഒരാളായി ഞാനും. തസ്രാക്കിന് ഇതൊക്കെ പഴക്കമായിക്കഴിഞ്ഞു. വിസ്മയം തേടുന്ന കണ്ണുകളുമായി എത്തുന്ന സഞ്ചാരികള്‍ക്ക് എല്ലാം പറഞ്ഞുകൊടുക്കാന്‍ നാട്ടുകാര്‍ക്കറിയാം... 


Mammooty----Maduraj-0024.jpg
ഓര്‍മകളുടെ ഏകാന്തസ്ഥലികളില്‍, തനിയെ...
ഓര്‍മ്മകള്‍ ഞാന്‍ ഒന്നുകൂടി ചേര്‍ത്തു വെച്ചു. തസ്രാക്ക്. ഗ്രാമത്തിന്റെ സ്ഥലരാശിയില്‍ കാലത്തിന്റെ കുസൃതികള്‍. വര്‍ഷം കുളിര്‍പ്പിച്ച, കിഴക്കന്‍ കാറ്റ് വീശുന്ന കരിമ്പനക്കൂട്ടങ്ങള്‍ ഇന്ന് ഏറെയില്ല. കാലത്തിന്റെ മിടിപ്പുകള്‍ എവിടെയോ പതറിത്തെറിച്ച് നില്‍ക്കുംപോലെ. ഇരുള്‍ മൂടിയ രാജാവിന്റെ പള്ളിയില്‍ പുക ചുറ്റിയ കണ്ണുകളുമായി നൈസാമലി നില്‍ക്കുന്നുണ്ടോ? കുളപ്പടവുകള്‍ കയറി ഈറനുടുത്ത് മൈമൂന വരുന്നുണ്ടോ? ആകാശങ്ങള്‍ക്കപ്പുറത്തുനിന്ന് അള്ളാപ്പിച്ച മൊല്ലാക്കയുടെ ബാങ്കുവിളി കേള്‍ക്കുന്നുണ്ടോ...?

Mammooty----Maduraj-0009.jpg
ഖസാക്കിലെ ഏകാന്ത സഞ്ചാരികള്‍..
പകരാനും പകര്‍ത്താനുമാവാത്ത അനുഭവങ്ങളാണ് ഖസാക്ക് . ഖസാക്കിലെ ഏകാന്തമൂകമായ സന്ധ്യയില്‍ കണ്ട ഈ കാഴ്ചയുടെ ഭംഗി ആരോടു വിവരിക്കും?
ഏകാന്തയാത്രകള്‍ എനിക്ക് മുഷിയും. ആരെങ്കിലും ഒപ്പം വേണം. നമ്മെ സ്‌നേഹിക്കുന്ന, ഒരു സുന്ദരദൃശ്യം പരസ്പരം കാട്ടിക്കൊടുക്കാവുന്ന ഒരാള്‍. അതിനാല്‍ ക്യാമറ യാത്രയില്‍ മറക്കില്ല. ഒരു ചിത്രം മതി ഒരു യാത്ര മുഴുവന്‍ ഓര്‍ത്തെടുക്കാന്‍... 

Mammooty----Maduraj-0016.jpg
ഓര്‍മകളില്‍ നനഞ്ഞ്, ഖസാക്ക്...
കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍ക്കിടയിലൂടെ  ഒരു സ്വപ്നാടകനെപ്പോലെ ഞാന്‍ നടന്നു. മണ്ണിന്റെ വാത്സല്യം നനുത്ത പുല്‍നാമ്പുകളായി  എന്നെ തൊട്ടു. തലയുയര്‍ത്തിനില്‍ക്കുന്ന ഒറ്റയാന്‍ കരിമ്പനകള്‍ക്കു പിന്നില്‍ സൂര്യന്‍ പതിയെ മറയുകയാണ്. 
Mammooty----Maduraj-0001.jpg
സ്മൃതിഭ്രംശങ്ങളുടെ ഞാറ്റുപുര
കാലങ്ങള്‍ക്ക് സാക്ഷി: ഇതാണ് ഖസാക്കിന്റെ ഗര്‍ഭഗൃഹം. ഈ ഞാറ്റുപുരയില്‍ കഴിയുമ്പോഴാണ് 'ഖസാക്കിന്റെ ഇതിഹാസം' ഒ.വി. വിജയന്റെ മനസ്സില്‍ മുളപൊട്ടിയത് . 
മുറവും ചൂലുമൊക്കെ അടുക്കി വെച്ച ഉമ്മറത്തേക്ക് കയറുമ്പോള്‍ വാതില്‍പ്പഴുതില്‍ നിന്ന് ഗൗളികള്‍ പിടച്ചോടി. മാറാല നീക്കുമ്പോള്‍ പ്രാചീനമായ ഒരു ഗന്ധം വന്നു പൊതിയുന്നു. തുരുമ്പിച്ച ആ വാതില്‍പ്പൂട്ടില്‍ പതിയെ ഞാന്‍ തൊട്ടു. ധ്യാനപൂര്‍ണമായ ഒരു മഹാമൗനത്തിനൊടുവില്‍ ഇവിടെവെച്ചാണല്ലോ ആ മനസ്സില്‍ ഖസാക്ക് പിറന്നത്...

Mammooty----Maduraj-0007.jpg
അള്ളാപ്പിച്ചാ മൊല്ലാക്കയുടെ വീട്ടില്‍...
പഠിക്കുന്ന കാലത്താണ് 'ഖസാക്കിന്റെ ഇതിഹാസം' ആദ്യം വായിച്ചത്, പടിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വന്നു വീഴുന്ന ആ പുലരികളായിരുന്നു വായനയില്‍ എന്റെ സൂര്യോദയങ്ങള്‍. പുനര്‍വായനകളില്‍ ഖസാക്ക് പിന്നെയും പിന്നെയും വിസ്മയിപ്പിച്ചു. 
രവിയും നൈസാമലിയും അള്ളാപ്പിച്ച മൊല്ലാക്കയും കുഞ്ഞാമിനയുമെല്ലാം ഓര്‍മകളില്‍ ഖസാക്കിലെ കാറ്റു പോലെ ചുറ്റിത്തിരിയുന്നു... മുന്നില്‍, ഇതാ, അള്ളാപ്പിച്ചാ മൊല്ലാക്കയുടെ മകള്‍ പാത്തുമ്മ... പൊടുന്നനെ കാലം നിശ്ചലമായതു പോലെ എനിക്കു തോന്നി...


Mammooty----Maduraj-0031.jpg
ഗ്രാമത്തിന്റെ കുശലം: തസ്രാക്കിലെ ഓരോ ജീവജാലങ്ങളിലുമുണ്ട് ആ പഴയ കനിവും കരുതലും
മുന്നില്‍ നോക്കെത്താദൂരത്തേക്ക് പരന്നു കിടക്കുന്ന ഗ്രാമവിശാലത. അപ്പുറം നേര്‍ത്ത നിഴലുപോലെ മലനിരകള്‍. തെല്ലുമുമ്പു പെയ്ത വേനല്‍ മഴയില്‍ തസ്രാക്ക് നനഞ്ഞു കിടന്നു. പെയ്യാന്‍ വെമ്പുന്ന മേഘക്കീറുകള്‍ക്കിടയില്‍ സൂര്യന്‍ ചുവന്നു കലങ്ങുന്നു. 
സാന്ദ്രത ഘനീഭവിച്ച മരണത്തിന്റെ ജലരാശി പോലെ ഖസാക്കിലെ പള്ളിക്കുളം. കുളക്കരയിലെത്തിയ എന്നെ വരവേറ്റത് ലോകത്തൊരിടത്തും എന്നെ സ്വീകരിച്ചിട്ടില്ലാത്ത മൂന്ന് ആതിഥേയരായിരുന്നു. വൈക്കോല്‍ കൂനയുടെ മറവില്‍ നിന്നും തസ്രാക്കിന്റെ കുശലവും കരുതലുമായി തേടിയെത്തിയ മൂന്ന് അരയന്നങ്ങള്‍!


Mammooty----Maduraj-0040.jpg
കാലത്തിന്റെ ബാങ്കുവിളികള്‍..
അള്ളാപ്പിച്ച മൊല്ലാക്കയുടെ വീട് തേടി വെള്ളം നിറഞ്ഞ് കുണ്ടും കുഴിയുമായിക്കിടക്കുന്ന ചെറിയ നാട്ടുവഴിയിലൂടെ നീങ്ങുമ്പോള്‍ മാഞ്ചുവട്ടില്‍ കളിക്കുന്ന കുട്ടികള്‍ കൈവീശി ഓടിയെത്തുന്നു. 

Mammooty----Maduraj-0012.jpg
ഖസാക്കിലെ കുഞ്ഞാമിനമാര്‍...

വഴിയരികില്‍ത്തന്നെയാണ് മൊല്ലാക്കയുടെ വീട്. എല്ലാം പഴയതുപോലെ. മേല്‍ക്കൂര മാത്രം മാറി. പനമ്പട്ടക്ക് പകരം ഓട്. നാട്ടുപൂക്കള്‍ പടര്‍ന്ന മുള്ളുവേലി കടന്നാല്‍ ഓര്‍മകളുടെ ഒരു പകല്‍വീട്... തൊടിയില്‍ ആരെയും ശ്രദ്ധിക്കാതെ കളിയില്‍ മുഴുകുന്ന ഖസാക്കിലെ പ്രിയപ്പെട്ട കുഞ്ഞാമിനമാരും അപ്പുക്കിളിമാരും...



Mammooty----Maduraj-0022.jpg
സ്മൃതിഭ്രംശങ്ങളുടെ ഞാറ്റുപുര
വര്‍ഷങ്ങളുടെ പ്രകാശവേഗം ഖസാക്ക് അറിയാത്തതുപോലെ. ഇതിഹാസത്തിന് ഈറ്റുനിലമൊരുക്കിയ ഞാറ്റുപുര ഇന്നും അതേപടി! പുല്ലു നിറഞ്ഞ തൊടിയുടെ നടുവില്‍ അതൊരു പുരാതന സ്മാരകംപോലെ തോന്നിച്ചു. നരച്ച മരത്തൂണുകള്‍ക്കപ്പുറം കുമ്മായച്ചുമരില്‍ കുട്ടികള്‍ കളര്‍ ചോക്കിലെഴുതിയ കളിവാക്കുകള്‍...
Mammooty----Maduraj-0005.jpg
ചെമ്പില്‍ നിന്ന് ഖസാക്കിലേക്ക് എത്ര ദൂരം...
ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ എന്റെ നാട് ഓര്‍മ്മവരും. നാട്ടിടവഴികളും പച്ചപ്പു നിറഞ്ഞ തൊടികളുമൊക്കെയായി എന്റെ ഗ്രാമമായ ചെമ്പ്. അന്നൊക്കെ നിറനിലാവുതൂവുന്ന രാത്രിയില്‍ കായല്‍പ്പരപ്പിലൂടെ വഞ്ചിയില്‍ പോവുക എന്റെ രസമായിരുന്നു.

Mammooty----Maduraj-0004.jpg
ഓര്‍മയിലെ നാട്ടിടവഴികള്‍..
നാട്ടു കവലകളിലെ ഓരോ തിരിവും ദേശത്തിന്റെ മനസ്സിലേക്കുള്ള വഴിയാണ്. ഭാഷപോലും. ഓണാട്ടുകരയ്ക്കും ഏറനാടിനും കടത്തനാടിനുമൊക്കെ തനതായ താളങ്ങള്‍. വള്ളുവനാടിന്റെ ഈണം ചുറ്റും നിറഞ്ഞ സന്ധ്യ...
Mammooty----Maduraj-0109.jpg
വിട, തസ്രാക്കിന്റെ സ്‌നേഹവും എഴുത്തുകാരന്റെ ഓര്‍മകളുമായി...
സന്ധ്യ. പിരിയാറായി. വന്നിറങ്ങുമ്പോഴും തിരിച്ചു പോകുമ്പോഴും കൂമന്‍കാവിലെ ബസ് സ്റ്റോപ്പില്‍ രവി തനിച്ചായിരുന്നു. എനിക്കു ചുറ്റും സ്‌നേഹവാക്കുകളുമായി ഖസാക്ക് നിറയുന്നു. ഗ്രാമവിശുദ്ധിയുടെ നിറവോടെ പുഞ്ചിരിക്കുന്ന ഒരുപാട് മുഖങ്ങള്‍.
കാര്‍ പതിയെ നീങ്ങി. പിന്നില്‍ ഖസാക്ക് മഴയ്ക്കായി കാത്തു കിടന്നു.
സായാഹ്നയാത്രകളുടെ അച്ഛാ, വിട... പ്രിയഗ്രാമമേ, നന്ദി!

മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്, കെ. ഉണ്ണികൃഷ്ണനും മധുരാജിനുമൊപ്പം.




No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...