എന്ന് സ്വന്തം ഇരുവഴിഞ്ഞി
ഇരുവഴി പിരിഞ്ഞ് വീണ്ടും ഒന്നായ് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ പോലെത്തന്നെയാണ് കാഞ്ചനയും മൊയ്തീനും. പുഴ സാക്ഷിയാക്കി ഒരുകാലത്ത് അവര്‍ നെയ്ത ജീവിതത്തില്‍ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ഏടുകളുണ്ട്. മൊയ്തീന്റെ വെള്ളാരം കണ്ണുകളില്‍ കാഞ്ചനയുടെ രൂപം പതിഞ്ഞതുമുതല്‍ തെയ്യത്തുംകടവില്‍ മൊയ്തീന്റെ ജീവന്‍ പൊലിയുന്നതുവരെയുളള നാളുകളില്‍ അവര്‍ നടന്ന വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. അവിടുന്നങ്ങോട്ട് കാഞ്ചനമാല ഒറ്റക്ക് നടത്തിയ പോരാട്ടത്തിന്റെ വഴികള്‍ തുടങ്ങുന്നതും ചെന്നെത്തുന്നതും മൊയ്തീന്റെ വീട്ടുവളപ്പില്‍ത്തന്നെ...
കാഞ്ചനയും മൊയ്തീനും നടന്ന വഴികളിലൂടെ ഒരു ചിത്രയാത്ര...
എഴുത്ത്: അഞ്ജന ശശി
ചിത്രങ്ങള്‍: ഷമീഷ് കാവുങ്ങല്‍
October 14, 2015, 12:34 PM IST
തിരുവനന്തപുരം കളിയക്കാവില ശ്രീ കാളീശ്വരി തീയേറ്ററില്‍ സെക്കന്റ് സെക്കന്റ്‌ഷോക്കു പോയതാണ് ദിലീപും ശ്രീജിത്തും. സിനിമ കണ്ടിറങ്ങി നേരെ വണ്ടിയില്‍ കയറി ഇരുന്നു. രാവിലെ കോഴിക്കോടെത്തി. അവിടെനിന്ന് മുക്കത്തേക്ക്. ബി.പി.മൊയ്തീന്‍ സ്മാരക മന്ദിരം തേടിപ്പിടിച്ചുചെന്നു. എന്നുനിന്റെ മൊയ്തീന്‍ കണ്ടിറങ്ങിയപ്പോ തോന്നിയതാണ്.. ഇപ്പോള്‍ത്തന്നെ കാഞ്ചനമാലയെ കാണണം. ഒന്നുംനോക്കിയില്ല. ഇപ്പോഴിതാ സിനിമയ്ക്ക് പുറത്തെ യഥാര്‍ത്ഥ കാഞ്ചനമാല മുന്നില്‍.
ബി.പി.മൊയ്തീന്‍ സേവാമന്ദിര്‍ ഇപ്പോള്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കാസര്‍കോഡുമുതല്‍ തിരുവനന്തപുരം വരെയല്ല.. കടലും കടന്ന് അമേരിക്കയില്‍നിന്നുവരെ മലയാളികളെത്തുന്നു കാഞ്ചനയെ കാണാന്‍. ഒരുഷെഡ് മാത്രമായി ഒതുങ്ങിപ്പോയ സേവാമന്ദിറിനുള്ളിലെ ഇടുങ്ങിയ സൗകര്യങ്ങളില്‍ യഥാര്‍ത്ഥ കാഞ്ചനമാലയും കുറെ വിദ്യാര്‍ഥികളും. പുറത്ത് ഊഴം കാത്ത് നില്‍ക്കുന്നവര്‍. ആരെയും മടുപ്പിക്കാതെ കഥകള്‍ പറഞ്ഞ് മൊയ്തീന്റെ സ്വന്തം കാഞ്ചനമാല.
സിനിമ കണ്ട ആവേശത്തിലെത്തിയ കുട്ടികള്‍ക്ക് ജീവിതകഥയിലെ കേള്‍ക്കാത്ത ഏടുകള്‍ പറഞ്ഞുകൊടുക്കാന്‍ കാഞ്ചനയ്ക്കും സന്തോഷം. വരുന്നവരെല്ലാം ഓട്ടോഗ്രാഫിനും ഫോട്ടോഗ്രാഫിനും വേണ്ടിയുള്ള തിരക്കിലാണ്. അവരെക്കുറിച്ചുള്ള പുസ്തകത്തില്‍ അവര്‍ മൊയ്തീനെഴുതിയ ലിപിയില്‍ത്തന്നെ എന്തെങ്കിലും എഴുതിത്തരണമെന്ന ആവശ്യത്തിനുമുന്നില്‍ നിറചിരിയോടെ സമ്മതിച്ചും ഫോട്ടോക്കു പോസ് ചെയ്തും കാഞ്ചനമാല ഇരിക്കുന്നു.
മൊയ്തീനും ഉമ്മയും താമസിച്ചിരുന്ന വീട് ഇന്നില്ല. മൊയ്തീന്‍ മരിച്ചശേഷം ഉമ്മ കാഞ്ചനയെ കൂട്ടിക്കൊണ്ടുപോയ വീട്. പിന്നീട് ബി.പി.മൊയ്തീന്‍ സ്മാരകമന്ദിരം നിന്നിരുന്ന വീട്. കോടതി ഉത്തരവില്‍ ആ വീട് കാഞ്ചനയക്ക് നഷ്ടമായപ്പോള്‍ അടുത്ത് ഒരു കുഞ്ഞുഷെഡ്ഡിലേക്ക് സ്മാരകമന്ദിരം പറിച്ചുനട്ടു. മികച്ച വായനശാല സ്വന്തമായിരുന്ന സ്മാരകമന്ദിരത്തിലെ പുസ്തകങ്ങളില്‍ കുറച്ച് ചില്ല് അലമാരകളില്‍ ഇരിപ്പുണ്ട്. ബാക്കിയുള്ളവ തട്ടിനുപുറത്തും മേശപ്പുറത്തും അടുക്കിയിട്ടിരിക്കുന്നു.
ഇത്രയും അസൗകര്യങ്ങളുണ്ടായിട്ടും വായനശാലയിലെ പതിവുസന്ദര്‍ശകര്‍ ഇവിടെ പുസ്തകത്തിനായി എത്തുന്നു. മുപ്പതിനായിരത്തോളം പുസ്തകങ്ങളാണ് സേവാമന്ദിറിനു സ്വന്തമായുണ്ടായുള്ളത്. മഴക്കാലത്ത് നനയാതിരിക്കാന്‍ ഷീറ്റുകള്‍ മാത്രമാണ് ഇന്ന് അഭയം.
തൊട്ടപ്പുറത്തെ മേശപ്പുറത്ത് മൊയ്തീന്റെ ജീവസ്സുറ്റുനില്‍ക്കുന്ന ചിത്രവും ഛായാചിത്രവും മറ്റുചിത്രങ്ങളും. പഴയ സേവാമന്ദിറില്‍ തൂക്കിയിട്ടിരുന്ന ചിത്രങ്ങളാണിത്.
രണ്ടായിരത്തോളം കുട്ടികള്‍ പല കോഴ്‌സുകളിലായി ഇവിടെ പഠിച്ചിരുന്നു. കെട്ടിടം പോയതോടെ കോഴ്‌സുകളുടെ അംഗീകാരവും നഷ്ടമായി. തയ്യല്‍ക്ലാസിലുണ്ടായിരുന്ന പതിനഞ്ചോളം തയ്യല്‍ മെഷീനുകളില്‍ രണ്ടെണ്ണം അവിടെയുണ്ട്. അത് വെക്കാനുള്ള സ്ഥലംപോലും കഷ്ടി.
കാണാനെത്തിയ കുട്ടികള്‍ക്കുമുമ്പില്‍ നിരത്തിവെച്ചിരിക്കുന്ന നോട്ടുപുസ്തകങ്ങളില്‍ ലോകത്തിന് അപരിചിതമായ അവരുടെ പ്രണയഭാഷ. ഒരു പുസ്തകത്തിലെ വാചകമെടുത്ത് കാഞ്ചന വായിച്ചു. ഇത് നമ്മുടെ 104-ാമത്തെ പുസ്തകമാണ്. കേട്ടിരുന്ന പുതുതലമുറയിലെ കുഞ്ഞുങ്ങളുടെ മുഖത്ത് അത്ഭുതം. സിനിമയ്ക്ക് പുറത്തും ഈ ജീവിതം സത്യംതന്നെയായിരുന്നു എന്നറിഞ്ഞതിന്റെ ആശ്ചര്യം. മേശപ്പുറത്തെ പുസ്തകങ്ങള്‍ സംസാരിച്ചത് അവരുടെ പ്രണയകാലത്തെ കുറിച്ച് മാത്രമായിരുന്നില്ല. അക്കാലത്തെ ചരിത്രവും അതില്‍ തലയെടുത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്നത്തെകാലത്ത് മുക്കത്ത് നടന്ന രാഷ്ട്രീയ മാറ്റങ്ങള്‍, വിപ്ലവങ്ങള്‍, പ്രമാണിമാരുടെ ധിക്കാരങ്ങള്‍..വിഷയങ്ങള്‍ ഏറെ.
മൊയ്തീന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന മുക്കം അങ്ങാടിയും പരിസരവും. അങ്ങാടി ഇന്ന് ഏറെ മാറി. എങ്കിലും അന്നും ഇന്നും സാംസ്‌കാരിക പരിപാടികള്‍ക്ക് സാക്ഷിയായി ആ വലിയ ആല്‍മരം അവിടെയുണ്ട്. മൊയ്തീന്റെ കവലപ്രസംഗങ്ങള്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല റോഡിനു നടുവില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അരയാല്‍.
കാഞ്ചന ജനിച്ചുവളര്‍ന്ന വീടുമുതല്‍ തുടങ്ങുന്നു അവരുടെ ഓര്‍മകളുടെ യാത്ര. ആ വീടും അതിനുമുമ്പിലുള്ള അമ്പലവും ഇന്നും അവിടെയുണ്ട്. ....... മൊയ്തീനുമായുള്ള പ്രണയമറിഞ്ഞ ശേഷം ഈ വീടിന്റെ മുകളിലത്തെ നിലയില്‍ വര്‍ഷങ്ങളോളം തടവിലായിരുന്നു കാഞ്ചന. അവിടെനിന്നും പലര്‍ വഴിയും കൈമാറിയിരുന്ന കത്തുകള്‍ മാത്രമായിരുന്നു അവരെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്.
മുക്കംവിട്ട് പുറത്തുപോവുന്ന സമയങ്ങളില്‍ കാറിന്റെ ഹോണടിക്കുന്നതിന്റെ എണ്ണമനുസരിച്ചാണ് മൊയ്തീന്‍ സഞ്ചരിക്കുന്ന ദൂരം കാഞ്ചന മനസ്സിലാക്കിയിരുന്നത്. ആറുതവണയില്‍ കൂടുതല്‍ അടിച്ചാല്‍ കോഴിക്കോട് വിട്ട് പോവുകയാണെന്ന സൂചന. ചെറുതായടിച്ചാല്‍ മുക്കത്തിനു സമീപം. അങ്ങനെ അവര്‍ക്കുമാത്രമറിയുന്ന പ്രണയത്തിന്റെ വേറിട്ട ഭാഷ. വീടിന്റെ മുകളില്‍നിന്ന് നോക്കുമ്പോള്‍ കണ്ണെത്താ ദൂരം വയലായിരുന്നു. ഇന്നവിടെ വയലായി ശേഷിക്കുന്നത് ഒരുതുണ്ട് ഭൂമി മാത്രം. മറ്റെല്ലായിടത്തും വീടുകള്‍ വന്നുകഴിഞ്ഞു.
കാഞ്ചനയുടെ തറവാട് വക സ്‌കൂള്‍ ഇന്നും മുക്കത്തുണ്ട്. അഗസ്ത്യമുഴിയിലെ ഈ സ്‌കൂളിലേക്ക് പോകുംവഴിയാണ് മൊയ്തീന്‍ കാഞ്ചനയെ ആദ്യം ശ്രദ്ധിക്കുന്നത്. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ മണ്‍പാതയിലൂടെ നടന്നുപോകുന്ന കാഞ്ചനയെ മൊയ്തീനും വെള്ളാരംകണ്ണുള്ള മൊയ്തീനെ കാഞ്ചനയും അന്നാണ് ആദ്യമായി ശ്രദ്ധിക്കുന്നത്.
അഗസ്ത്യമുഴിയില്‍ സ്‌കൂളിലിന് അരികിലായി പലതിനും സാക്ഷിയായ അരയാല്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ..... മെയ്തീന്റെ ജീവിതത്തിനുമേല്‍ പടര്‍ന്നുനില്‍ക്കുന്ന ആലുകള്‍ക്ക് സംസാരിക്കാനായിരുന്നെങ്കില്‍ ഒരുപക്ഷേ മനുഷ്യരേക്കാളേറെ കഥകള്‍ പറഞ്ഞുതരാനാവുമായിരുന്നു.
മൊയ്തീനും കാഞ്ചനയും ഒന്നിച്ചു പഠിച്ച മുക്കം സ്‌കൂള്‍ ഇന്ന് ഹയര്‍സെക്കന്ററി സ്‌കൂളായി മാറിയിരിക്കുന്നു്. അവിടേക്ക് ചെന്നെത്താന്‍ വഴിചോദിച്ചുതന്നെ പോവേണ്ടിവരും ഇന്നും. ഒരു ബോര്‍ഡുപോലും സ്വന്തമായി ഇല്ലാത്ത ഈ സ്‌കൂളിലേക്ക് മികച്ച സ്‌കൂളിനുള്ള സംസ്ഥാന അവാര്ഡ് പോലും ഒരുകാലത്ത് ചെന്നെത്തിയിരുന്നു. മൊയ്തീനും കാഞ്ചനയും പഠിച്ച ക്ലാസും നടന്നവഴികളും ഇപ്പോഴും കഥകള്‍ മറന്നുകാണില്ല.
അഗസ്ത്യമുഴിയില്‍ിന്നും മുക്കത്തേക്ക് പോകും വഴി കടവുണ്ടായിരുന്നു പണ്ട്. ഇന്നവിടെ തൂക്കുപാലം വന്നു. ആ കടവും കടന്ന് ചെന്നാല്‍ തൃക്കുടമണ്ണ ശിവക്ഷേത്രമാണ്. കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രം. ഇരുവഴിഞ്ഞിപ്പുഴ ഈ ക്ഷേത്രത്തിനുചുറ്റുമായി രണ്ടായി പിരിഞ്ഞ് ഒഴുകുന്നു. ആലുവ ശിവക്ഷേത്രത്തിനു സമാനമായ ഈ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കേള്‍വികേട്ടതാണ്. കടുത്ത മഴക്കാലത്ത് ക്ഷേത്രം മുഴുവനായും ഇരുവഴിഞ്ഞിപ്പുഴയ്ക്ക് അടിയില്‍ സുരക്ഷിതമായി ഒളിച്ചിരിക്കും.
പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ മുക്കത്തിന്റെ സൗന്ദര്യറാണി ഇരുവഴിഞ്ഞി തന്നെയാണ്. ഈ പുഴയുടെ ഓരോ കടവിനുമുണ്ട് മൊയ്തീന്റേയും കാഞ്ചനമായലുയുടേയും ജീവിതവുമായി ബന്ധം.
മൊയ്തീന്റെ ജീവിതത്തില്‍ മുക്കം അഭിലാഷ് തീയറ്ററിനുമുണ്ട് ഒരു സ്ഥാനം. അത് ഉദ്ഘാടനം ചെയ്യാനായി നടി സീമയെ കൊണ്ടുവന്നത് മൊയ്തീനാണ്. ഇന്ന് മൊയ്തീന്റെ പ്രണയകഥ മുക്കത്തുകാര്‍ക്ക് ദൃശ്യക്കാഴ്ചയായി പകര്‍ന്നുനല്‍കുന്നതും മുക്കം അഭിലാഷ് തീയറ്റര്‍ തന്നെ.
വര്‍ഷങ്ങളോളം പരസ്പരം കാണാതിരുന്നിട്ടും ഒട്ടും കുറയാത്ത പ്രണയമായിരുന്നു അവരുടേത്. പത്തുവര്‍ഷത്തിനുശേഷം മൊയ്തീന്‍ പിന്നെ കാഞ്ചനയെ കാണുന്നത് മണന്തലക്കടവില്‍ വെച്ചാണ്. കാഞ്ചനയക്കൊപ്പം ചേച്ചിയും ഭര്‍ത്താവുമുണ്ടായിരുന്നു. ബസ്സില്‍നിന്നിറങ്ങി കടവിലെത്തുവോളം മൊയ്തീന്‍ കാഞ്ചനയെ പിന്തുടര്‍ന്നു. തോണിയില്‍ കയറി തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെനിന്നും ഒരുപിടി മണ്ണുവാരുന്ന മൊയ്തീനെയാണ് കാഞ്ചന കണ്ടത്. 'നിന്റെ കാല്‍പാദം പതിഞ്ഞ മണ്ണ് ഞാന്‍ സൂക്ഷിക്കും' എന്നാണ് മൊയ്തീന്‍ ഇതിനെക്കുറിച്ച് പിന്നീട് കത്തില്‍ എഴുതിയത്.
ചേന്ദമംഗല്ലൂരിലാണ് ദുരന്തം തോണിയപടകത്തിന്റെ രൂപത്തിലെത്തിയ തെയ്യത്തുംകടവ്. കടവിനപ്പുറം മൊയ്തീന്റെ ഉമ്മവീടായ കൊടിയത്തൂരിലെ ഉള്ളാട്ടില്‍ വീട്. അന്നത്തെ മലവെള്ള പാച്ചിലില്‍ കരകവിഞ്ഞൊഴുകിയ ഇരുവഴിഞ്ഞിപ്പുഴയുടെ രൗദ്രഭാവം ഇപ്പോള്‍ ഈ കടവിന് അറിയില്ല. പുഴയ്ക്ക് കുറുകെ പുതിയ പാലം വന്നു. ഈ കടവില്‍വെച്ചാണ് മൊയ്തീനെ പുഴ സ്വന്തമാക്കിയത്. കടവില്‍ നിന്നും 100 മീറ്റര്‍ അകലെയായി മറിഞ്ഞ തോണിയില്‍നിന്ന് ആള്‍ക്കാരെ രക്ഷിക്കുന്ന തിരക്കിലായിരുന്നു അന്ന് മൊയ്തീന്‍. കുത്തിയൊഴുകുന്ന പുഴയുടെ ശക്തിയോട്് മല്ലിടിച്ച് കുറെ ജീവനുകള്‍ അന്നുമൊയ്തീന്‍ രക്ഷിച്ചു. ഒടുവില്‍ ശക്തമായ അടിയൊഴുക്കില്‍ സ്വന്തം ജീവന്‍ പകരം നല്‍കി.
അടുത്തിടെയാണ് തെയ്യത്തും കടവില്‍ പാലം വന്നത്. ഈ പാലത്തിന് മൊയ്തീന്റെ പേര് ഇടണമെന്ന ശക്തമായ വാദം നിലവിലുണ്ടായിരുന്നു.
ആ കടവില്‍നിന്നും താഴേക്ക് മാറി കൂളിമാടിനുത്ത കടവില്‍വെച്ചാണ് മൊയ്തീന്റെ ശരീരം കിട്ടുന്നത്. ഇന്ന് ആ കടവും അവിടെയില്ല. മണല്‍വാരുന്ന തോണികള്‍ മാത്രം അവിടിവിടെ നിര്‍ത്തിയിട്ടിരിക്കുന്നു. മണല്‍ത്തിട്ടകള്‍ അപ്രത്യക്ഷമായ കടവും പുഴയുടെ അടിത്തട്ടും. പുഴയ്ക്ക് ഭംഗി നഷ്ടപ്പെട്ട് ചെളിവെള്ളം കുത്തിയൊഴുകുന്നു. അതിന് കുറുകെ മനോഹരമായ തൂക്കുപാലവും വന്നിരിക്കുന്നു.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു മൊയ്തീന്റെ ഉമ്മ എ.എം.ഫാത്തിമ. മൊയ്തീന്റെ ശരികള്‍ക്കുവേണ്ടി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയവര്‍. അന്നത്തെക്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന പെണ്ണത്തത്തിന്റെ ആള്‍രൂപം. ഉറച്ച ചിന്തകളും വ്യക്തമായ കാഴ്ചപ്പാടുമുണ്ടായിരുന്നു ഫാത്തിമയ്ക്ക്. മൊയ്തീന്റെ മരണശേഷം കാഞ്ചനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്ന് പുതിയ ജീവിതം കാണിച്ചുകൊടുത്തത് ഉമ്മയാണ്. മൊയ്തീന്‍ പൂര്‍ത്തിയാക്കാതെ പോയ അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണത നല്‍കേണ്ടത് കാഞ്ചനമാലയാണെന്ന് അവരെ ഓര്‍മിപ്പിച്ചത് ഉമ്മയാണ്.
സിനിമയുടെ കഥ ഇവിടെ അവസാനിക്കുമ്പോള്‍ തുടങ്ങുന്നത് കാഞ്ചനയുടെ മറ്റൊരു ജീവിതമാണ്. മൊയ്തീന്റെ മരണശേഷം കാഞ്ചനയും മൊയ്തീന്റെ ഉമ്മയും ചേര്‍ന്ന് തുടങ്ങിയ ബി.പി.മൊയ്തീന്‍ സ്മാരക മന്ദിരത്തിലൂടെ മൊയ്തീന്‍ പുനര്‍ജ്ജനിച്ചു. പിന്നീടങ്ങോട്ട് കാഞ്ചനമാല എന്ന വിപ്ലവകാരിയുടെ പോരാട്ടമായിരുന്നു.
സ്ത്രീപീഡനത്തിനെതിരെയും സമൂഹത്തിന്റെ തെറ്റായ ചിന്താധാരകള്‍ക്കെതിരെയുമുള്ള പോരാട്ടമായി കാഞ്ചനയുടെ പിന്നീടുള്ള ജീവിതം. മുക്കത്തെ ജനതയ്ക്കുവേണ്ടി മൊയ്തീന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ അതിനൊപ്പമോ അതിലേറെയോ ആയി കാഞ്ചന നിര്‍വഹിച്ചു.
മുക്കത്തെ സ്ത്രീകള്‍ക്കുവേണ്ടി എന്നും കാഞ്ചനമാലയുണ്ട്. ഒരുപാടുപേര്‍ക്ക് തണലായി.. കുട്ടികള്‍ക്ക് വഴികാട്ടിയായി... സമരമുഖങ്ങളിലൂടെയും ബോധവത്കരണ ക്ലാസുകളിലൂടെയും മുക്കത്തെ സ്ത്രീ പ്രസ്ഥാനത്തിന്റെ മുഖമായി കാഞ്ചനമാറി. ഇന്നും എഴുപത്തിനാലാം വയസ്സിലും മൊയ്തീന്‍ പകര്‍ന്നു നല്‍കിയ വിപ്ലവവീര്യത്തിന്റെ പ്രതിരൂപമായി, അതിനേക്കാള്‍ എത്രയോ ഇരട്ടി ശക്തിയോടെ കാഞ്ചന നില്‍ക്കുന്നു.. മാറ്റങ്ങള്‍ ഇനിയും വരുത്താനുണ്ടെന്ന വിശ്വാസവുമായി.
No comments:
Post a Comment