ആദ്യം 'കാഞ്ചന'യായത് ആശാ ശരത്; മൊയ്തീനായത് മഹേഷും..
'എന്ന് നിന്റെ മൊയ്തീന്‍' തിരശ്ശീലയില്‍ വിജയേതിഹാസം തീര്‍ക്കുകയാണ്. എന്നാല്‍ ഈ അപൂര്‍വ്വ പ്രണയകഥ ആദ്യം അഭ്രപാളികളിലെത്തിച്ചവരെ ഇന്ന് ആരും ഓര്‍ക്കുന്നില്ല.
1996-ലായിരുന്നു അത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു കഥയായിരുന്ന മൊയ്തീന്‍ നാട്ടിന്‍പുറത്തെ വീരനായകനില്‍ നിന്ന് അക്ഷരമായും ദൃശ്യമായും പുറംലോകത്തെത്തിയത് അന്നാണ്. പ്രശസ്ത കഥാകാരന്‍ എന്‍ മോഹനനിലൂടെ ആദ്യം അക്ഷരരൂപമായും പിന്നീട് ദൂരദര്‍ശനിലൂടെ അതിന്റെ ദൃശ്യാവിഷ്‌കാരമായും.
അന്ന് മൊയ്തീനായത് മഹേഷ് പഞ്ചുവായിരുന്നു. കാഞ്ചനമാല എന്ന കൗസുവിനെ അവതരിപ്പിച്ചത് ഇപ്പോഴത്തെ പ്രശസ്ത താരം ആശാ ശരത്തും. മഹേഷ് പഞ്ചു നിര്‍മ്മിച്ച ടെലിഫിലിം ദൂരദര്‍ശനാണ് സംപ്രേഷണം ചെയ്തത്. സംവിധാനം ഹരിഹരന്റെ അസോസിയേറ്റായിരുന്ന വി എന്‍ മോഹന്‍ദാസ്. ഇപ്പോള്‍ സി ഡിറ്റില്‍ ജോലി ചെയ്യുകയാണ് മഹേഷ് പഞ്ചു.
''അന്നു കലാതിലകമായിരുന്ന ആശാശരത്തിനെ നായികയാക്കുകയായിരുന്നു.'' മഹേഷ് പറഞ്ഞു. ''സര്‍വ്വകലാശാലാ തലത്തില്‍ നിരവധി തവണ ബെസ്റ്റ് ആക്ടറായിരുന്നു ഞാന്‍. അതിന്റെ ബലത്തിലാണ് സ്വന്തമായൊരു ടെലിഫിലിം നിര്‍മ്മിച്ച് അതില്‍ അഭിനയിക്കാമെന്നു കരുതി കഥ തേടി നടക്കുമ്പോഴാണ് മോഹനേട്ടന്റെ മൊയ്തീന്‍ ഓര്‍മ്മയില്‍ വന്നത്. എന്റെ ഭീമഘടോല്‍ക്കചം ബൊമ്മലാട്ടം എന്ന നാടകം കണ്ട് ഇഷ്ടമായി അദ്ദേഹം എന്നെ വിളിപ്പിച്ചിരുന്നു. അന്നു തുടങ്ങിയ സൗഹൃദം മരണം വരെ നിലനിന്നു. ടെലിഫിലിമിന്റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. പ്രതിഫലമായി നല്‍കിയ 3000 രൂപ തിരിച്ചും തന്നു. അന്ന് മൊത്തം 60000 രൂപയായി. സാധാരണ ടെലിഫിലിമുകള്‍ അന്ന് 30000 ത്തിന് തീരുന്ന കാലമാണ്. പുളിയറക്കോണത്തിനു സമീപമുള്ള പുഴയിലായിരുന്നു തോണിയപകടം ഷൂട്ട് ചെയ്തത്. അതിനാണ് കാശ് കുറേ ചെലവായതും. തൊട്ടടുത്തുതന്നെയായിരുന്നു മൊയ്തീന്റെ തറവാടായി കാണിച്ച വീടും. വേണുജിയാണ് മൊയ്തീന്റെ ബാപ്പയായി അഭിനയിച്ചത്. 93 ല്‍ പൂര്‍ത്തിയായ ഫിലിം സംപ്രേഷണം ചെയ്യുന്നത് 96ലാണ്. അതുവരെ ക്യൂവിലായിരുന്നു ഞങ്ങള്‍. എന്‍ മോഹനനനുമായുള്ള എന്റെ സൗഹൃദം കൂടുതല്‍ ദൃഡമായി. അദ്ദേഹത്തെ കുറിച്ച് ആ മഴ ഇന്നും മോഹനം എന്നൊരു ഡോക്യുമെന്ററിയും ഞാന്‍ ചെയ്തിരുന്നു'. മഹേഷ് പഞ്ചു പറഞ്ഞു.
കഥാകാരന്‍ എന്‍.മോഹനനും ചിത്രത്തിലൊരു കഥാപാത്രമാണ്. പത്രപ്രവര്‍ത്തകനായ കെ ജി ജ്യോതിര്‍ഘോഷാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ''നടന്‍ മധുവിന് വെച്ച വേഷമായിരുന്നു. അദ്ദേഹത്തിന് ചില തിരക്കുകാരണം ഷൂട്ടിങ്ങിന് എത്താന്‍ പറ്റിയില്ല. മഹേഷുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഞാനാ വേഷം ചെയ്തത്. ഞങ്ങള്‍ മൂന്നു കഥാപാത്രങ്ങളിലൂടെ വികസിക്കുന്നതായിരുന്നു തിരക്കഥ. അന്നതിനെ കുറിച്ചൊരു നിരൂപണം കലാകൗമുദിയില്‍ വന്നതും ഓര്‍മ്മയുണ്ട്.'' ജ്യോതിര്‍ഘോഷ് പറഞ്ഞു.
എന്‍ മോഹനന്റെ 'ശേഷപത്രം' എന്ന കഥാസമാഹാരത്തിലാണ് മൊയ്തീന്‍ എന്ന കഥ പ്രസിദ്ധീകരിച്ചത്. അതില്‍ കഥാകാരനായ മോഹനനെ കാണാനും പരിചയപ്പെടാനും വന്ന മൊയ്തീന്റെ ജീവിതമായിരുന്നു ഇതിവൃത്തം. കാഞ്ചനമാല കഥയില്‍ നമ്പൂതിരിക്കുട്ടിയായി. കൗസു എന്നായിരുന്നു പേര്. കഥാകാരന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൗസുവിനെ പരിചയപ്പെടുന്നുണ്ട്. പിന്നീട് കൗസുവാണ് മൊയ്തീന്റെ ദുരന്തമരണം വന്ന പത്രവാര്‍ത്ത കഥാകാരന് അയച്ചുകൊടുക്കുന്നത്.
''കോയികൃശി മുതല് കോസ്മാനോട്ട് വരെ താത്പര്യാ ഓന്. രാഷ്ട്രീയക്കാരും പന്തുകളിക്കാരും സിനിമാക്കാരും സാഹിത്യകാരന്‍മാരും എല്ലാം ഓന്റെ ചെങ്ങായികളാ. ഏതിലും എന്തിലും മൂപ്പര്‍ക്കിത്തിരി മെലോഡ്രാമ വേണം. അതുണ്ടോ, മൊയ്തീന്‍ അതിന്റെ നടുക്കുയീത്തന്നെ ഉണ്ടാവും.''മൊയ്തീന്റെ രേഖാചിത്രം ഇങ്ങനെയാണ് കഥയില്‍.
ആ മൊയ്തീന്‍ തികച്ചും നാടകീയമായി തന്നെയാണ് കൗസുവിനെ കഥാകാരന് പരിചയപ്പെടുത്തി കൊടുക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ ആ പെണ്‍കുട്ടിയുടെ അമ്പരന്ന മുഖം കഥാകാരന്‍ ആവിഷ്‌കരിക്കുന്നുണ്ട്. പിന്നെ മൊയ്തീന്റെ മരണവൃത്താന്തമറിഞ്ഞപ്പോള്‍, ''എന്റെ മനസ്സിന്റെ ഹിമാവൃതവീഥിയില്‍, ഇലകളും പൂക്കളും കൊഴിഞ്ഞ ഒരു ഗുല്‍മോഹറിന്റെ ചുവട്ടില്‍, ഒരു ശീതീകൃത നിഴലുപോലെ അവള്‍ ഒറ്റയ്ക്കു കരിവാളിച്ചു നില്‍ക്കുന്നു...' എന്നും കഥാകാരന്‍ എഴുതുന്നു.
'..മൊയ്തീന്‍ മരിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പുഴയുടെ ആഴങ്ങളിലെ വളഞ്ഞ വഴികളിലേതിലോ കൂടി മറ്റേതോ തീരത്തെ നിര്‍ഭാഗ്യ ജീവിതങ്ങളെ തേടി പോയതാവാം, വാടാത്ത പുഞ്ചിരിയുമായി സൗഭാഗ്യത്തിന്റെ താമരയിതളുകള്‍ വിതറാന്‍...'
'ഇരു കരകളുടെ വരുതിക്കൊരിക്കലും വഴങ്ങാത്ത ഇരുവഴിഞ്ഞിപ്പുഴയുടെ പാര്‍ശ്വങ്ങളില്‍ താണു തളര്‍ന്നുലയുന്ന ആറ്റുവഞ്ചികളുടെ കാത്തുകിടപ്പിന്റെ ഭീതിദമായ മൗനഭാരം ചികഞ്ഞുമാറ്റിക്കൊണ്ട് ഒരു മുങ്ങാംകുഴിക്കാരന്റെ ലാഘവത്തോടെ, മരണത്തിന്റെ ജലവിതാനത്തിനു മുകളിലേക്ക് പൊന്തി ഉയരുന്ന മൊയ്തീന്റെ നനഞ്ഞ മുഖവും വെള്ളാരങ്കണ്ണുകളിലെ സ്‌നേഹപ്രദീപ്തിയും എനിക്ക് കാണാനാവുന്നു. ഞാന്‍ കാത്തിരിക്കുകയാണ് മൊയ്തീന്‍! വരാതിരിക്കല്ലേ...!' എന്നാണ് അദ്ദേഹം കഥയ്ക്ക് അപൂര്‍ണ വിരാമമിടുന്നത്.
'ഇരു കരകളുടെ വരുതിക്കൊരിക്കലും വഴങ്ങാത്ത ഇരുവഴിഞ്ഞിപ്പുഴയുടെ പാര്‍ശ്വങ്ങളില്‍ താണു തളര്‍ന്നുലയുന്ന ആറ്റുവഞ്ചികളുടെ കാത്തുകിടപ്പിന്റെ ഭീതിദമായ മൗനഭാരം ചികഞ്ഞുമാറ്റിക്കൊണ്ട് ഒരു മുങ്ങാംകുഴിക്കാരന്റെ ലാഘവത്തോടെ, മരണത്തിന്റെ ജലവിതാനത്തിനു മുകളിലേക്ക് പൊന്തി ഉയരുന്ന മൊയ്തീന്റെ നനഞ്ഞ മുഖവും വെള്ളാരങ്കണ്ണുകളിലെ സ്‌നേഹപ്രദീപ്തിയും എനിക്ക് കാണാനാവുന്നു. ഞാന്‍ കാത്തിരിക്കുകയാണ് മൊയ്തീന്‍! വരാതിരിക്കല്ലേ...!' എന്നാണ് അദ്ദേഹം കഥയ്ക്ക് അപൂര്‍ണ വിരാമമിടുന്നത്.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ഫീച്ചറാവുന്നത് പിന്നീട് കേരളകൗമൂദിയിലാണ്. മോഹന്‍ എന്ന ലേഖകനാണ് അതെഴുതിയത്. പിന്നീട് വി ആര്‍ ജ്യോതിഷ് വനിതയിലും സജി ജെംയിസ് മലയാളം വാരികയിലും ഫീച്ചര്‍ ചെയ്തു. ഇപ്പോള്‍ സിനിമയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ആര്‍ എസ് വിമല്‍ 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. പിന്നീട് പി ടി മുഹമ്മദ് സാദിഖ് എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. അങ്ങിനെ മൊയ്തീനും കാഞ്ചനമാലയും അക്ഷര നക്ഷത്രങ്ങളായി. ഇപ്പോള്‍ അവരെ അവതരിപ്പിച്ചതിലൂടെ പൃഥിരാജും പാര്‍വ്വതിയും തിരശ്ശീലയിലെ എക്കാലത്തേയും പ്രണയതാരകങ്ങളും.
No comments:
Post a Comment