Wednesday, September 09, 2015

ശവകുടീരത്തിൽ നീയുറങ്ങുമ്പൊഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു !


ശവകുടീരത്തിൽ നീയുറങ്ങുമ്പൊഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു !

by ജി.പ്രമോദ്

ടോൾസ്റ്റോയ്
ടോൾസ്റ്റോയ്
മോസ്കോയിൽനിന്നു റോഡുവഴി നാലുമണിക്കൂർ സഞ്ചരിച്ചാലെത്തുന്ന ‘തൂള’ എന്ന ചെറുപട്ടണത്തിലാണ് ‘യാസ്നായപോല്യാന’ – ടോൾസ്റ്റോയിയുടെ തറവാട്. ‘യാസ്നായപോല്യാന’ എന്നാൽ പ്രശാന്തമായ ശാദ്വലതടം എന്നർത്ഥം.
തൂളയിൽ നിന്നു മോസ്കോ വരെ ടോൾസ്റ്റോയ് സൈക്കിളിൽ സഞ്ചരിച്ചിരുന്നു. ഈ ദൂരം സഞ്ചരിക്കാനുപയോഗിച്ചിരുന്ന ആ പഴയ സൈക്കിൾ വീടിന്റെ താഴത്തെ നിലയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് ; അതിന്റെ റിപ്പയറിങ്ങിനുപയോഗിച്ചിരുന്ന സാമഗ്രികളും.
സൈക്കിൾസവാരിക്കാരുടെ ഒരു സംഘടനതന്നെ അന്നുണ്ടായിരുന്നു; ടോൾസ്റ്റോയ് ആയിരുന്നു അതിന്റെ പ്രസിഡന്റ്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രഭുക്കളുടെ വാഹനമായ മൂന്നു കുതിരയെ പൂട്ടിയ ‘ട്രോയിക്ക’യുടെ ആർഭാടത്തേക്കാൾ സൈക്കിളിന്റെ എളിമ ഇഷ്ടപ്പെട്ടിരുന്ന ടോൾസ്റ്റോയ് പ്രഭുക്കൾക്കിടയിലെ വ്യത്യസ്തനായിരുന്നു.
സ്വന്തം പത്നിയായ പ്രഭ്വിയുടെയും കുടുംബാംഗങ്ങളുടെയും കാര്യത്തിലെന്നപോലെയോ അതിൽക്കവിഞ്ഞോ ഉള്ള ഉൽകണ്ഠ തന്റെ കൃഷിഭൂമിയിലെ പണിക്കാരുടെ കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നു.
ടോൾസ്റ്റോയ് നല്ലൊരു ചെരുപ്പുകുത്തിയുമായിരുന്നു. സ്വന്തം കൈ കൊണ്ടു തനിക്കുവേണ്ട ചെരിപ്പുകളുണ്ടാക്കിയിരുന്നയാൾ. അതിനെല്ലാറ്റിനുമുപരി, റഷ്യയിലെ ഏതൊരു സാധാരണ കൃഷിക്കാരനെയുംപോലെ തന്നെയും തികച്ചും അനാർഭാടമായി ആറടി മണ്ണിടലക്കണമെന്നും അവിടെ സ്മാരക മണ്ഡപങ്ങളൊന്നും ഉയർത്തരുതെന്നും നിർദേശിച്ചിരുന്നയാൾ.
‘ഒരു മനുഷ്യനെത്രയടി മണ്ണു വേണം’ എന്ന ടോൾസ്റ്റോയ് കഥ ലോകമെങ്ങും പ്രശസ്തമാണല്ലോ. ഇതിഹാസതുല്യമായ ‘യുദ്ധവും സമാധാനവും’ രചിച്ച കൈ തന്നെയാണ് അവിടെയൊരു മൂലയ്ക്കിരിക്കുന്ന പഴഞ്ചൻ ചെരിപ്പുകളും നിർമിച്ചതെന്ന സത്യം ടോൾസ്റ്റോയ് എന്ന മനുഷ്യന്റെ മഹത്വം നിശ്ശബ്ദം പ്രഖ്യാപിക്കുന്നു.
പ്രകൃതിദുരന്തങ്ങളെപ്പറ്റിയും മനുഷ്യദുരന്തങ്ങളെപ്പറ്റിയും മലയാളിയുടെ ഹൃദയത്തിലിരുന്നു പാടിയ കവി ഒഎൻവി കുറുപ്പ് റഷ്യ സന്ദർശിച്ചപ്പോൾ വിശ്വമഹാനോവലിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ടോൾസ്റ്റോയിയുടെ വീടും സന്ദർശിച്ചു.
മഹാനായ ആ എഴുത്തുകാരനെക്കുറിച്ചു കൂടുതൽ അറിയാനും ആഴത്തിൽ മനസ്സിലാക്കാനും കഴിഞ്ഞപ്പോൾ ഒഎൻവിക്ക് അദ്ദേഹത്തോടു ബഹുമാനവും ആദരവും സ്നേഹവും കൂടുകയായിരുന്നു. മരണത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും റഷ്യയും ലോകജനതയും ടോൾസ്റ്റോയ് എന്ന പ്രതിഭയുടെ ഓർമയ്ക്കു മുന്നിൽ നമ്രശിരസ്കരാകുന്ന കാഴ്ചയ്ക്കാണ് ഒഎൻവി സാക്ഷ്യം വഹിച്ചത്.
നാട്ടിൽ തിരിച്ചെത്തിയിട്ടും മനസ്സിൽ മങ്ങാതെ നിന്ന ഓർമകളെക്കുറിച്ച് കവി എഴുതി ‘ടോൾസ്റ്റോയിയുടെ തറവാട്ടിൽ’. അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നീ നോവലുകളിലൂടെയും അനേകം ചെറുകഥകളിലൂടെയും ദാർശനിക ചിന്തകളിലൂടെയും ഉന്നത ജീവിതത്തിലൂടെയും ലോകത്തെ ആഴത്തിൽ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ ജൻമദിനമാണ് സെപ്റ്റംബർ ഒൻപത്. മഹാനായ ആ എഴുത്തുകാരന്റെ വീട്ടിൽ കവി കണ്ട കാഴ്ചകളും യാത്രയിൽ അറിഞ്ഞ ജീവിതസത്യങ്ങളും ഹൃദയഹാരിയാണ്.
യാസ്നായ പൊല്യാനയിലേക്കുള്ള പ്രവേശനവഴിയുടെ ഇരുപാടും ‘ക്ലിയോൺ’ ചെടികൾ അഞ്ചുവിരലും നിവർത്തിയ കൈപ്പത്തി പോലുള്ള ഇലകളാട്ടിനിൽക്കുന്നു. അവ നിശ്ശബ്ദം അതിഥികളെ ‘വരൂ വരൂ’ എന്നു വരവേൽക്കുംപോലെയാണു ഒഎൻവിക്കു തോന്നിയത്.
ആ പരിസരമാകെ ഒരു തപോവാടത്തിന്റെ പ്രതീതി ജനിപ്പിക്കാൻപോകുന്ന ‘ഭൂർജതരു’ക്കളെപ്പോലെ ബിർച്ചുമരങ്ങൾ നിരന്നു നിൽക്കുന്നു. പേരുകൾ പലതാവാം; പക്ഷേ വൃക്ഷങ്ങൾ വിരിക്കുന്ന പച്ചപ്പും തണലും ഒന്നുതന്നെ. ‘പാശ്ചാത്യർക്കിടയിലൊരു പൗരസ്ത്യൻ’ എന്നു ടോൾസ്റ്റോയിയെക്കുറിച്ചു പറയുന്നത് പുകഴ്ത്തിയായാലും പുച്ഛിച്ചായാലും അതൊരു സത്യം തന്നെ എന്നു കവിക്കു മനസ്സിൽ തോന്നി.
ടോൾസ്റ്റോയിയുടെയും പത്നിയായ പ്രഭ്വിയുടെയും വെവ്വേറെയുള്ള കിടപ്പറകൾ, ഒരേ മേൽക്കുരയ്ക്കു കീഴിൽ സഹവസിച്ച രണ്ടു ജീവിതരീതികളെ പ്രതിനിധീകരിക്കുന്നു. ടോൾസ്റ്റോയിയുടെ എഴുത്തുമുറിയിൽ അന്നാ കരേനിനയുടെ സൃഷ്ടിക്കു മാതൃകയായിരുന്ന സുന്ദരിയായ ഒരു കുലീനയുവതിയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്നു.
വോൾനട്ട് മരത്തിന്റെ തടി കൊണ്ടുണ്ടാക്കിയ എഴുത്തുമേശയും, അതിന്റെ പച്ചവിരിയും മീതെ പേപ്പർവെയ്റ്റായി വച്ചിരുന്ന പിത്തള കൊണ്ടുള്ള ശ്വാനരുപവും ചുവന്ന മാർബിൾ കട്ടയുമെല്ലാം പഴേപടി സൂക്ഷിച്ചിരിക്കുന്നു.
ആ മേശപ്പുറത്താണ് യുദ്ധവും സമാധാനവും അന്നാ കരേനിനയും പിറന്നുവീണത്. പച്ചനിറത്തിലുള്ള ഒരു സ്ഫടികഫലകവും ആ മേശപ്പുറത്തുണ്ടായിരുന്നു. കണ്ടാലൊരു പേപ്പർവെയ്റ്റ് പോലെ, പക്ഷേ അതിൻമേൽ റഷ്യൻ ഭാഷയിലൊരു കുറിപ്പുണ്ട്.
വലിയ പുരോഹിതൻമാരും പണ്ഡിതൻമാരും അങ്ങേയ്ക്ക് വിലക്ക് കൽപിച്ചോട്ടെ. പക്ഷേ, ഞങ്ങൾക്കെത്രയും പ്രിയപ്പെട്ട മഹാനായ അങ്ങയെയോർത്ത് റഷ്യൻ ജനത എന്നും അഭിമാനം കൊള്ളും.
റഷ്യയിലെ ഒരു പ്രമുഖ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളികൾ സമ്മാനിച്ചതാണാ ഫലകം. 1901– ൽ ടോൾസ്റ്റോയിക്ക് പള്ളിവിലക്ക് കൽപിച്ചപ്പോൾ അദ്ദേഹം പ്രഭുത്വത്തിന്റെ പൊള്ളയായ ആചാരങ്ങളെ തള്ളിപ്പറയുകയും സാധാരണ കൃഷിക്കാരുടെ മനസ്സിൽ സത്യത്തിന്റെ പ്രകാശം കണ്ടെത്തുകയും, പരിവേഷങ്ങളഴിച്ചുമാറ്റി ക്രിസ്തുമതത്തെ പുനർനിർവചിക്കാൻ ശ്രമിക്കുകയും ചെയ്തു.
പള്ളിക്കുറ്റം ചുമത്തിയവർക്ക് അദ്ദേഹം മറപടി എഴുതി: ചൈതന്യമായും സ്നേഹമായും എല്ലാറ്റിനുമുറവിടവുമായുള്ള ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. മനുഷ്യന്റെ യഥാർത്ഥമായ ശ്രേയസ്സ് കുടികൊള്ളുന്നത്, ദൈവഹിതം സാക്ഷാത്കരിക്കുന്നതിലാണ്. ദൈവഹിതമാവട്ടെ മനുഷ്യർ തമ്മിൽ സ്നേഹമുള്ളവരാവണമെന്നും അതുകൊണ്ടു മറ്റുള്ളവർ തങ്ങളോടു ചെയ്യാനാഗ്രഹിക്കുന്നത് അവർ മറ്റുള്ളവരോടു ചെയ്യണമെന്നുമാണ്.
എൺപത്തിരണ്ടാം വയസ്സിൽ ഒരു രാത്രി, ടോൾസ്റ്റോയ് തന്റെ പത്നി അറിയാതെ, തറവാട്ടിലെ മറ്റാരുമറിയാതെ, ഇരുളിലൂടെ കൊടും തണുപ്പിലൂടെ, സ്വന്തം ആത്മാവിന്റെ സ്വാതന്ത്ര്യമന്വേഷിച്ച്, ക്ഷുദ്രബന്ധങ്ങളിൽനിന്നുള്ള വിമുക്തിയന്വേഷിച്ച് വിടുവിട്ടിറങ്ങിപ്പോയി.
ഏതു റഷ്യക്കാരനും അനായാസം തിരിച്ചറിയാൻ കഴിയുന്ന ആ വലിയ മനുഷ്യന് അധികദൂരം അങ്ങനെ സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല. പോരെങ്കിൽ അദ്ദേഹം രോഗിയുമായിരുന്നു. ശ്വാസകോശത്തിലെ നീർക്കെട്ട്മൂലം ആൾത്തിരക്കില്ലാത്ത ‘അസ്റ്റപ്പോവ’ റെയിൽവേ സ്റ്റേഷനിൽ ആ യാത്ര അവസാനിപ്പിക്കേണ്ടിവന്നു.
1910 നവംബറിലെ ഒരു തണുത്തുറഞ്ഞ പ്രഭാതത്തിൽ, ആ ഗ്രാമീണ റെയിൽവെ സ്റ്റേഷനിലെ വെറുമൊരു ബെഞ്ചിൽ പനിച്ചും വിറച്ചും ശ്വാസം മുട്ടിക്കിടന്ന രോഗിയായ മനുഷ്യൻ ടോൾസ്റ്റോയ് ആണെന്ന് ആദ്യമാരുമറിഞ്ഞില്ല.
അറിഞ്ഞതോടെ ആരാധകരും പത്രപ്രവർത്തകരും സാധാരക്കാരുമെല്ലാം അവിടേക്ക് പാഞ്ഞെത്തി. വിദഗ്ധരായ ഡോക്ടർമാരും വന്നുചേർന്നു. ശുശ്രുഷാനിരതരായി നിൽക്കുന്നവരുടെ സ്നേഹമസൃണമായ മുഖങ്ങൾ നോക്കി ടോൾസ്റ്റോയ് പാടുപെട്ടിങ്ങനെ പറഞ്ഞു: അന്ത്യമടുത്തിരിക്കുന്നു.
ഈ ലോകത്ത് ശുശ്രുഷയർഹിക്കുന്ന എത്രയോ പേരുണ്ട്. എന്നിട്ടും നിങ്ങൾ എന്നെമാത്രം ശുശ്രൂഷിക്കുന്നു... മുഴുമിച്ചില്ല ആ വാക്കുകൾ. അദ്ദേഹത്തിന്റെ പത്നി സോഫിയ നേരത്തെ എത്തിച്ചേർന്നിരുന്നു.
പക്ഷേ, ടോൾസ്റ്റോയിയുടെ അടുത്തേക്ക് ചെല്ലാൻ വളരെ വൈകി മാത്രമാണനുമതി ലഭിച്ചത്. അവർ ഭർത്താവിനരുകിൽ മുട്ടുകുത്തിനിന്ന് കണ്ണീരോടെ പ്രാർഥിച്ചു. മാപ്പപേക്ഷിച്ചു. ടോൾസ്റ്റോയിയുടെ ബോധം കടലിലലിഞ്ഞുതീരുന്ന ഒരു തുരുത്ത് പോലെ മാഞ്ഞുമാഞ്ഞുപോയി.
അവസാനം ആ ചുണ്ടിൽനിന്നുതിർന്ന വാക്കുകൾ: എന്തു ചെയ്യണമെന്നെനിക്കറിയില്ല.ദീർഘവും യാതനാപൂർണ്ണവുമായ ആ സത്യാന്വേഷണയാത്ര 1910 നവംബർ 22 ന് അവസാനിക്കുമ്പോൾ അസ്റ്റപ്പോവായിലെ പുൽമേടുകളിൽ സൂര്യരശ്മികൾ പതിഞ്ഞുതുടങ്ങിയിരുന്നു.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...