അതി മനോഹരമായിരുന്നു, സാഹിത്യ വാരഫലം പ്രൊഫ എം.കൃഷ്ണന്‍ നായര്‍ സാറിന്‍റെ ക്ലാസുകള്‍. മഹാരാജാസ് കോളേജില്‍, ഞങ്ങളുടെ ആദ്യ വര്‍ഷ ബി.എ ക്ലാസില്‍ അദ്ധ്യാപകന്‍ ആയിരുന്നു അദ്ദേഹം. സാറാണ് മഹാരാജാസില്‍ അന്നു മലയാള വകുപ്പ് മേധാവി. അന്ന്‍ കാലം 1977 ആണ്. സാറിന്‍റെ കീഴിലും അന്ന്‍ പ്രശസ്തരായ അദ്ധ്യാപകരുണ്ട്. ഡോ.എം. ലീലാവതി. പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം.അച്യതന്‍ തുടങ്ങിയവര്‍. അതിനുശേഷവും എനിക്ക് പ്രഗല്‍ഭരായ അദ്ധ്യാപകരുടെ കീഴില്‍ പഠിക്കുവാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എം. തോമസ് മാത്യൂ, എസ്.രാജശേഖരന്‍, സി.ആര്‍. ഓമനക്കുട്ടന്‍, തുറവൂര്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍.
ഇപ്പോള്‍ രണ്ടായി പകുത്ത മഹാരാജാസിലെ മലയാളം ഹാള്‍ മുഴുവന്‍ അന്ന്‍ ഒറ്റ മലയാളം ഹാള്‍ ആയിരുന്നു. അവിടെ കൃഷ്ണന്‍ നായര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങുമ്പോള്‍ ക്ലാസ് നിറഞ്ഞു കവിയും. മറ്റു ഭാഷകള്‍ പഠിക്കുന്നവരും മറ്റു കോളേജില്‍ പഠിക്കുന്നവരും ആ ക്ലാസ് കേള്‍ക്കാന്‍ ഓടിയെത്തും. നമ്മുടെ ക്ലാസ് ആണെന്നു പറഞ്ഞിട്ടു കാര്യമില്ല. അവിടെ നമ്മള്‍ എത്താന്‍ വൈകിയാല്‍ ക്ലാസില്‍ ഇരിക്കാന്‍ ഇടം കിട്ടില്ല. ക്ലാസിലെ ജാലകപ്പടികള്‍ വരെ കുട്ടികള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ടാകും. അതിന്‍റെ മുന്നിലെ പ്ലാറ്റ്ഫോമില്‍ നിന്നാണ് സാറ് ലക്ചര്‍ ചെയ്യുക. വിദേശ കവിതകള്‍, സംസ്കൃത കവിതകള്‍, മലയാള കവിതകള്‍... ആ ക്ലാസ് അങ്ങനെ ഇമ്പമായി നീണ്ടുപോകും. ആരുടേയും അറ്റന്‍ഡന്‍സ് അദ്ദേഹം എടുക്കില്ല. അദ്ധ്യാപകന്‍, ക്ലാസിന്‍റെ ഗുണനിലവാരം കൊണ്ടാണ്, അല്ലാതെ അറ്റന്‍ഡന്‍സ് കൊണ്ടല്ല, കുട്ടികളെ ആകര്‍ഷിക്കേണ്ടത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ഒരു ദിവസം അദ്ദേഹം സുപ്രീം പോയറ്റിക് അറ്ററന്‍സ് എന്തെന്നു വിശദീകരിക്കുകയായിരുന്നു. ലോക കവിതകള്‍ പലതും ഉദ്ധരിച്ചശേഷം അദ്ദേഹം യാദൃച്ഛികമായി മലയാള കവിതയിലേക്ക് കടന്നു. എന്നിട്ട് വള്ളത്തോളിന്‍റെ ഒരു കാവ്യഭാഗം ഉദ്ധരിച്ചു,
കാലമതിന്‍റെ കനത്ത കരംകൊണ്ടു
ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍
പാടെ, പതറിക്കൊഴിഞ്ഞു പോംബ്രഫ്മാണ്ട
പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും.
ഇന്ന്‍ കൃഷ്ണന്‍ നായര്‍ സാര്‍ ജീവിച്ചിരിപ്പില്ല. ആ പൂവും കൊഴിഞ്ഞുപോയി. എങ്കിലും ഇന്ന്‍, ആ വരികളുടെ അര്‍ത്ഥം കൂടുതലായി എനിക്കു മനസിലാകുന്നുണ്ട്. പില്‍ക്കാലത്തേക്ക് തുറക്കാനുള്ള അര്‍ത്ഥങ്ങളുടെ പല വാതിലുകളും തുറന്നിടുകയായിരുന്നല്ലോ അദ്ദേഹം.
ഒരു സന്ദര്‍ഭത്തില്‍ പരിപൂര്‍ണ്ണമായും ഓര്‍മ്മ നഷ്ടപ്പെട്ടുപോയ എനിക്ക് കൃഷ്ണന്‍ നായര്‍ സാറിന്‍റെ ക്ലാസുകളുടെ സൌന്ദര്യവും ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്! അദ്ദേഹം പരലോകത്തിരുന്ന്‍ ഇപ്പോഴും ഇമ്പമായി കുട്ടികളെ കവിത പഠിപ്പിക്കുകയായിരിക്കും എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
--------------------------------------------------------------------------------------------------------------------
(മഹാരാജാസ്, ഭവതിയെ ഞാൻ പ്രണയിക്കുന്നു.. ഇന്നും ഇപ്പോഴും!!)
No comments:
Post a Comment