ആയിരത്തോളംപേര്‍ക്ക് ദിവസ സൗജന്യഭക്ഷണം നല്‍കി കണ്ടനാട് ഭദ്രാസനം
Posted on: 06 Sep 2015
തൊടുപുഴ: വിശക്കുന്നവര്‍ക്കായി അപ്പം പകുത്തുനല്‍കിയവന്റെ സന്ദേശം ശിരസ്സിലേറ്റിയ ഒരു വിശ്വാസിസമൂഹം ദിവസവും ഊട്ടുന്നത് ആയിരത്തോളം രോഗികളെ. വിശക്കുന്ന വയറുകള്‍ക്ക് രോഗക്കിടക്കയില്‍ പ്രാര്‍ഥനയെക്കാള്‍ വേണ്ടത് ആഹാരമാണെന്ന തിരിച്ചറിവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള കണ്ടനാട് വെസ്റ്റ് ഭദ്രാസനസമൂഹമാണ് പത്തുവര്‍ഷമായി ഈ പുണ്യകര്‍മത്തിനു നേതൃത്വം നല്‍കുന്നത്.
എറണാകുളം, ഇടുക്കി ജില്ലകളിലായി 14 സര്‍ക്കാര്‍ ആസ്പത്രിയിലാണ് മുടങ്ങാതെ ഉച്ചഭക്ഷണം നല്‍കുന്നത്. വളകോട്, കടയിരുപ്പ്, വാളകം, മൂവാറ്റുപുഴ, വാരപ്പെട്ടി, തൊടുപുഴ, രാമമംഗലം, മണ്ണത്തൂര്‍, പണ്ടപ്പിള്ളി, പാലക്കുഴ, പാലച്ചുവട്, പിറവം, മുളന്തുരുത്തി, പാമ്പാക്കുട എന്നിവിടങ്ങളിലാണ് ഭക്ഷണവിതരണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്നുവേണ്ട, ആസ്പത്രിമുറ്റത്ത് എത്തുന്നവര്‍ക്കെല്ലാം പാത്രംനിറയെ ചൂടുള്ള കഞ്ഞിയും കറിയും അച്ചാറും കിട്ടും.
രാവിലെ പത്തിനും പന്ത്രണ്ടിനുമിടയില്‍ ആസ്പത്രികളില്‍ ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുള്ള വാനുകളെത്തും. പാത്രങ്ങളുമായി കാത്തുനില്‍ക്കുന്നവര്‍ നിരനിരയായി എത്തും. ആരും തിരക്കുണ്ടാക്കാറില്ല. പത്തുവര്‍ഷമായി ഹര്‍ത്താലുകള്‍ക്കുപോലും മുടക്കമില്ലാതെ വാനുകള്‍ രോഗികള്‍ക്കരികിലെത്തും. ഇടമലയാറില്‍ വെള്ളംപൊങ്ങി വഴിയടഞ്ഞ ഒരേയൊരു ദിവസം മാത്രമാണ്, പത്തുവര്‍ഷത്തിനിടയില്‍ ഈ മഹാദാനം മുടങ്ങിയത്.
പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമാണ് ഈ പദ്ധതി. വിശ്വാസികളും സന്മനസ്സുള്ളവരും പണവും അരിയും പയറുമെല്ലാം ട്രസ്റ്റിന് സംഭാവനയായി നല്‍കും. ഇരുപതിനായിരത്തോളം രൂപ ഓരോ ദിവസവും െചലവാകുന്നുണ്ട്. മീന്‍പാറ അരമനയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. കടല, പയര്‍ തുടങ്ങിയ കറികളാണ് കഞ്ഞിക്കൊപ്പം നല്‍കുന്നത്. 2005 നവംബറില്‍ മാത്യൂസ് മാര്‍ സേവേറിയൂസ് തിരുമേനിയാണ് ഈ അന്നദാനത്തിനു തുടക്കമിട്ടത്. കാലംചെയ്ത മാര്‍ പക്കോമിയൂസ് തിരുമേനിയുടെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് നടത്തിപ്പുചുമതല.
ഭിക്ഷയെടുത്തുജീവിക്കുന്ന ഒരു വയോധികന്‍ അഞ്ചുകിലോ അരിയുമായി കഴിഞ്ഞദിവസം അരമനയിലെത്തി. നട്ടെല്ലിനു പരിക്കേറ്റ് ആറുമാസം പിറവത്തെ ആസ്പത്രിയില്‍ കഴിഞ്ഞസമയത്ത് അന്നം നല്‍കിയവരെക്കണ്ട് തന്റെ വലിയ സമ്പാദ്യം ഏല്പിച്ച് നന്ദിപറയാനെത്തിയതായിരുന്നു ആ പാവം. രോഗികള്‍ക്ക് കാരുണ്യത്തിന്റെ രുചി പകരുകയാണ് ഭദ്രാസനം.
No comments:
Post a Comment