മൊയ്തീന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വന്തം കാഞ്ചന എങ്ങനെ ജീവിച്ചു? അവര്‍ ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു? തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന 'എന്ന് നിന്റെ മൊയ്തീന്‍' കണ്ടിറങ്ങുന്നവര്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. ഇതാ ഇന്നത്തെ കാഞ്ചനമാല. അതേ ശക്തിയോടെ, നന്മയോടെ...

തിയേറ്ററുകളില്‍ 'എന്ന് നിന്റെ മൊയ്തീന്‍' സിനിമ നിറഞ്ഞോടുകയാണ്. ലൈലയെയും മജ്‌നുവിനെയുംപോലെ, രമണനെയും ചന്ദ്രികയെയും പോലെ അനശ്വര പ്രണയത്തിന്റെ പുതിയ പ്രതീകങ്ങളായി മൊയ്തീനും കാഞ്ചനമാലയും മലയാളി മനസ്സുകളില്‍ സ്ഥാനം നേടിക്കഴിഞ്ഞു. നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന രണ്ടുപേരുടെ അവിശ്വസനീയമായ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. നായകനുവേണ്ടി മൂന്ന് വ്യാഴവട്ടം നീണ്ട പ്രണയകാലം മുഴുവന്‍ കാത്തിരുന്ന നായിക. കഥയവസാനിക്കുമ്പോള്‍ നായകനില്ല. കാഞ്ചനമാല എന്ന നായിക മാത്രം അവശേഷിക്കുന്നു. യഥാര്‍ഥ കാഞ്ചനമാല ഇവിടെയുണ്ട്.തിരശ്ശീലയുടെ പുറത്ത് കോഴിക്കോട് നഗരത്തിന്റെ തിരക്കുകളില്‍നിന്ന് ഒരു മണിക്കൂര്‍ മാത്രം നീളുന്ന യാത്രാദൂരത്തിനരികെ മുക്കം എന്ന മനോഹരമായ ഗ്രാമത്തില്‍ കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത മൊയ്തീന്റെ പെണ്ണായി. എന്നാല്‍ ഇന്നവര്‍ നമ്മള്‍കണ്ട സിനിമയിലെ കാമുകീരൂപമല്ല, മുക്കത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ ആള്‍രൂപമാണ്.
 
അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ബി.പി.മൊയ്തീന്‍ സേവാമന്ദിരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പുസ്തകങ്ങളും മറ്റുസാധനങ്ങളും
തൃക്കുടമണ്ണ അമ്പലത്തിന് പിറകില്‍വെച്ച് ഇരുവഴിയായി പിരിഞ്ഞ് വീണ്ടും ഒന്നായി ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ പോലെത്തന്നെയായിരുന്നു കാഞ്ചനയും മൊയ്തീനും. കുഞ്ഞുനാളില്‍ സ്‌കൂളിലേക്കുള്ള യാത്രയില്‍ കണ്ണുകള്‍ ഉടക്കിയതുമുതലുള്ള പ്രണയം. പ്രമാണിമാരും സുഹൃത്തുക്കളുമായിരുന്നു ഇരുവരുടെയും പിതാക്കന്മാര്‍. മക്കളുടെ പ്രണയം സഫലമായാല്‍ അത് നാട്ടില്‍ മതലഹളയ്ക്ക് വഴിയൊരുക്കുമെന്ന് വിശ്വസിച്ചിരുന്നവര്‍. ഇഷ്ടം വീട്ടിലറിഞ്ഞപ്പോള്‍ പത്തുവര്‍ഷത്തോളം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു കാഞ്ചനയ്ക്ക്. ഒടുവില്‍ ഒന്നിച്ചുജീവിക്കാമെന്ന് വിശ്വസിച്ചിരുന്ന നാളുകളിലൊന്നില്‍ കടവിലെ തോണിയപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന മൊയ്തീനെ മരണം കൂട്ടിക്കൊണ്ടുപോയി. ഇരുവഴിഞ്ഞിപ്പുഴയിലൂടെ കാലം പിന്നീടും ഒരുപാട് ഒഴുകിപ്പോയി. മൊയ്തീന്റെ മരണശേഷം കാഞ്ചന എങ്ങനെ ജീവിച്ചു? ആ കഥ സിനിമയിലില്ല. അതല്ല സിനിമയുടെ പ്രമേയവും. എന്നാലും ആ ചോദ്യം സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്തുണ്ട്. അതിനാല്‍തന്നെ കാഞ്ചനയെത്തേടിയുള്ള ഈ യാത്രയ്ക്കും അതേ ആകാംക്ഷയായിരുന്നു ഇന്ധനം. കാഞ്ചനമാലയെ തേടിയുള്ള യാത്ര അവസാനിച്ചത് മുക്കം അങ്ങാടിക്കടുത്തുള്ള ഒരു ചെറിയ ഷെഡ്ഡിനുമുമ്പിലാണ്. സിമന്റ് കട്ടകള്‍ക്കും തകരഷീറ്റിനുമിടയിലെ ചെറിയ ഗ്രില്ലുകള്‍ക്കിടയിലൂടെ വെളിച്ചം ഒളിഞ്ഞുനോക്കുന്ന ഒറ്റമുറി. ഷെഡ്ഡിനുപുറത്തുള്ള മഞ്ഞബോര്‍ഡിലെ കറുത്ത അക്ഷരങ്ങളില്‍ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു: 'ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍'.
ഉള്ളിലേക്ക് കയറുമ്പോള്‍ അഞ്ചോ ആറോ ഇരുമ്പ് അലമാരകളില്‍ നിറയെ പുസ്തകങ്ങള്‍. നിലത്തും തട്ടിലുമായി ചിതറിക്കിടക്കുന്ന ചില പുസ്തകങ്ങള്‍ വേറെയും. തുരുമ്പ് വന്നുതുടങ്ങിയ രണ്ട് തയ്യല്‍മെഷീനുകള്‍ സ്ഥലപരിമിതിയില്‍ ഞെങ്ങിഞെരുങ്ങിയിരിക്കുന്നു. മേശപ്പുറത്ത് പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍. മഞ്ഞഫുട്‌ബോള്‍ ജേഴ്‌സിയില്‍ ചിരിച്ചുനില്‍ക്കുന്ന ബി.പി. മൊയ്തീന്റെ കട്ടൗട്ടിനു സമീപം കസേരയില്‍ നിറഞ്ഞ ചിരിയും മുഖം നിറയെ സ്‌നേഹവുമായി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല. സിനിമകണ്ട് തന്നെ കാണാനെത്തുന്നവരോട് പരിഭവിക്കാതെ കഥകള്‍ പറയുന്ന കാഞ്ചന. പരാതികളില്ലാതെ, ആരേയും കുറ്റപ്പെടുത്താതെ അന്ന് മൊയ്തീനെ വര്‍ഷങ്ങളോളം കാത്തിരുന്ന അതേ പ്രതീക്ഷാത്തിളക്കമുള്ള കണ്ണുകളുമായി ഒരു പാവം വൃദ്ധ.
ചലച്ചിത്രത്തിന്റെ രണ്ടരമണിക്കൂര്‍ നീളുന്ന കഥനത്തിനിപ്പുറം കാഞ്ചന പിന്നെയും നീന്തുകയായിരുന്നു. ഒഴുക്കിനെതിരെയും കണ്ണീര്‍ കുടിച്ചും കുടിക്കാതെയും. വെല്ലുവിളികളും പ്രതിസന്ധികളും ഏറെ നേരിട്ട ആ ജീവിതത്തിന്റെ പിന്നീടുള്ള നേര്‍ക്കാഴ്ചകള്‍ ഒരു ചലച്ചിത്രത്തിലും ഒതുക്കാന്‍ സാധിക്കുന്നതല്ല! മനോഹരമായ ഒരു കവിതപോലെ ചലച്ചിത്രം മനസ്സുകളില്‍ വികാരങ്ങളുടെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരശ്ശീലയ്ക്ക് പുറത്ത് ഇവിടെ
74ാം വയസ്സിലും കാഞ്ചനമാല തന്റെ ജീവിതലക്ഷ്യത്തിനായി പോരാട്ടം തുടരുകയാണ്.
ഒരു കാലത്ത് മുക്കത്തെ സ്ത്രീകളുടെ അഭയകേന്ദ്രമായിരുന്നു ബി.പി. മൊയ്തീന്‍ സേവാകേന്ദ്രം. ഏത് പാതിരാത്രിയിലും ചെന്നുകയറാന്‍ സ്ത്രീകള്‍ക്ക് ഒരു കേന്ദ്രം. കോഴിക്കോട്ടുനിന്നുപോലും സ്ത്രീകള്‍ അഭയംതേടി എത്തിയിരുന്ന കാലം. ആ സേവാകേന്ദ്രത്തിന്റെ ഇന്നത്തെ അവസ്ഥയിലും കാഞ്ചന പ്രതികരിക്കാന്‍ തയ്യാറല്ല. ഇല്ല, ആരേയും കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല! 

മൊയ്തീനും ഉമ്മയും മരണംവരെ ജീവിച്ച വീടായിരുന്നു സേവാമന്ദിറിന്റെ കേന്ദ്രം. മൊയ്തീന്റെ മരണശേഷം കാഞ്ചനമാലയെ മൊയ്തീന്റെ ഉമ്മ എ.എം. ഫാത്തിമ കൈപിടിച്ചു കയറ്റിയ വീട്. മൊയ്തീന്‍ ബാക്കിയാക്കിയ ഒരുപിടി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത നല്‍കാന്‍ കാഞ്ചനവേണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഉമ്മ മരിച്ചശേഷം കാഞ്ചന പൂര്‍ണ ഉത്തരവാദിത്വത്തോടെതന്നെ സേവാമന്ദിരം മുന്നോട്ടുകൊണ്ടുപോയി. നാലുവര്‍ഷം മുമ്പ് കാഞ്ചന മൊയ്തീന്റെ ആരുമല്ലെന്ന് കോടതി പറയുന്നതുവരെ!
  ലക്ഷങ്ങള്‍ വിലവരുന്ന മൊയ്തീന്റെ സ്വത്തിന് അവകാശികള്‍ വന്നു. എങ്കിലും മൊയ്തീന്റെ മണമുള്ള ആ വീടും
ഒപ്പം അഞ്ചുസെന്റെങ്കിലും സ്ഥലവും തന്റെ പ്രിയതമന്റെ പേരിലുള്ള സേവനകേന്ദ്രത്തിനായി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു കാഞ്ചനയും അവരെ സ്‌നേഹിക്കുന്ന നാട്ടുകാരില്‍ നല്ലൊരു വിഭാഗവും. കേസ് മുന്നോട്ടുപോയി. മൊയ്തീന്റെ ആരുമല്ലാത്ത ഒരാള്‍ക്ക് വീടുനല്‍കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചപ്പോള്‍ കാഞ്ചനമാല ഒരിക്കല്‍ക്കൂടി ജീവിതത്തെ നോക്കി കയ്ക്കുന്ന ഒരു ചിരി ചിരിച്ചിരിക്കണം.

ശരിയാണ്, താന്‍ മൊയ്തീന്റേതാണെന്ന് തെളിയിക്കാന്‍ എന്തുണ്ട് തന്റെ കൈയില്‍ തെളിവ്? സ്‌നേഹത്തിന് ഒരു ജന്മം മുഴുവന്‍ മൊയ്തീനുവേണ്ടി മാറ്റിവെച്ച കാഞ്ചനയുടെ ഹൃദയവായ്പിന് കോടതിയില്‍ എന്ത് പ്രസക്തി? എന്നാല്‍ മൊയ്തീന്റെ സ്വത്തല്ല കാഞ്ചനയ്ക്ക് വേണ്ടിയിരുന്നത്. മൊയ്തീന്‍ ജീവിച്ചുമരിച്ച വീടും അഞ്ചുസെന്റ് സ്ഥലവും മാത്രമായിരുന്നു. അതും തനിക്ക് ജീവിക്കാനല്ല, ഒരു നാടിനുവേണ്ടി ജീവിച്ചുമരിച്ച മൊയ്തീന്റെ ഓര്‍മകള്‍ക്ക് സേവനത്തിന്റെ നിറം പകരാന്‍ കെല്‍പ്പുള്ള ബി.പി.മൊയ്തീന്‍ സേവാകേന്ദ്രത്തിനായി; അതിന്റെ
നടത്തിപ്പിനായി.
ബി.പി.മൊയ്തീന്‍ സേവാമന്ദിരത്തില്‍ നിന്നും
ലൈബ്രറിമാത്രമായി തുടങ്ങിയ സ്ഥാപനം പിന്നീട് മുക്കത്തെ സ്ത്രീകളുടെ അഭയകേന്ദ്രമായി മാറിയത് കാഞ്ചനയുടെ പോരാട്ടങ്ങളുടെ വിജയമായിരുന്നു. സ്ത്രീ രക്ഷാകേന്ദ്രം, സ്ത്രീ അഭയകേന്ദ്രം, അനിതാ വിമന്‍സ് ക്ലബ്ബ്, സൗജന്യ
പോളികോഴ്‌സുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് സമൂഹത്തിനുവേണ്ടി നിലകൊണ്ടിരുന്ന യഥാര്‍ഥ സേവനകേന്ദ്രമായിരുന്നു അത്. രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷനുകീഴിലുള്ള 'എ' ഗ്രേഡ് ലൈബ്രറിയാണ് അന്ന് ആ കെട്ടിടത്തില്‍
 
പ്രവര്‍ത്തിച്ചിരുന്നത്. 13,000ത്തോളം പുസ്തകങ്ങളും നാല് കമ്പ്യൂട്ടര്‍ സിസ്റ്റവുമുള്ള മികച്ച ലൈബ്രറി. വിദ്യാര്‍ഥികളടക്കം രണ്ടായിരത്തോളം വരുന്ന അംഗസംഖ്യ. എന്നാല്‍ കെട്ടിടം നഷ്ടമായതോടെ പുസ്തകങ്ങളും
കമ്പ്യൂട്ടറുകളും വെക്കാന്‍ ഇടമില്ലാതായി. ഇപ്പോഴത്തെ ഷെഡ്ഢില്‍ സുരക്ഷിതമല്ലാത്തതിനാല്‍ കമ്പ്യൂട്ടറുകളും ഇവിടെ കൊള്ളാത്ത പുസ്തകങ്ങളും തത്കാലം പരിചയക്കാരുടെ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ബി.പി. മൊയ്തീന്‍ സേവാമന്ദിരം. കോഴിക്കോട് ജില്ലയില്‍ത്തന്നെ സൗജന്യ പോളിടെക്‌നിക് കോഴ്‌സുകള്‍ ആദ്യമായി കിട്ടിയ ഇടമാണിത്. പ്രീ പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സും ഇവിടെയുണ്ടായിരുന്നു. ജെ.എസ്.എസ്സിന് കീഴില്‍ കോഴിക്കോട്ട് ആദ്യമായി ടീച്ചേഴ്‌സ്
കോഴ്‌സ് അനുവദിച്ചതും ഈ സേവാമന്ദിറിനുവേണ്ടിത്തന്നെ. കെട്ടിടം പൊളിക്കുന്നതുവരെ ഒമ്പതുവര്‍ഷം തുടര്‍ച്ചയായി ഇവിടെ പ്രീപ്രൈമറി കോഴ്‌സ് നടന്നിരുന്നു. കെട്ടിടം പൊളിച്ചതോടെ കോഴ്‌സുകളുടെ അംഗീകാരം ഓരോന്നായി നഷ്ടപ്പെട്ടു. ആദ്യം നഷ്ടമായത് പ്രീപ്രൈമറി കോഴ്‌സാണ്. അത് തൊട്ടടുത്തുള്ള പ്രൈവറ്റ് സ്ഥാപനത്തിന് നല്‍കി. പോളി കോഴ്‌സുകളും പിന്നീട് നഷ്ടമായി. സേവാമന്ദിരത്തിന് കെട്ടിടം നഷ്ടമായി എന്നതിനൊപ്പം നാടിന് നഷ്ടപ്പെട്ടത് പാവപ്പെട്ട വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനുള്ള ആസ്ഥാനകേന്ദ്രം കൂടിയാണ്.

എട്ട് തയ്യല്‍മെഷീനായിരുന്നു സേവാമന്ദിരത്തിനുണ്ടായിരുന്നത്. തയ്യല്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥിനികളും ധാരാളമുണ്ടായിരുന്നു. സ്ഥലപരിമിതികാരണം ഇപ്പോള്‍ ഇത് ഒരു തയ്യല്‍മെഷീനായി മാറിയിരിക്കുന്നു. മെഷീനുമായി ടീച്ചര്‍ ഇരുന്നാല്‍ കുട്ടികള്‍ക്ക് നില്‍ക്കാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയാണിന്ന്. അക്കാലത്ത് പോലീസ് സ്റ്റേഷനുകളില്‍ അഭയം തേടിയെത്തുന്ന സ്ത്രീകളെ താമസിപ്പിച്ചിരുന്നത് സേവാമന്ദിരത്തിലാണ്. സ്റ്റേഷനുകളില്‍ വനിതാ പോലീസില്ലാത്തതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. ഒരുപാട് സ്ത്രീകള്‍ക്ക് പോലീസ് വഴിയും അല്ലാതെയും കാഞ്ചനമാലയുടെ സേവാമന്ദിര്‍ അഭയമായി. സ്ത്രീപീഡനത്തിനെതിരെ പ്രചാരണപരിപാടികളും റാലികളും ബോധവത്കരണ ക്ലാസ്സുകളുമൊക്കെയായി കാഞ്ചനമാല മുക്കത്ത് നിറഞ്ഞുനിന്നു. വനിതാ കൗണ്‍സലിങ് സെന്ററും ഇവിടെയുണ്ടായിരുന്നു.
 
നാലുവര്‍ഷം മുമ്പുള്ള ജൂലായ് മുക്കത്തുകാര്‍ക്ക് ഇന്നും ഓര്‍മയുണ്ട്. വൃദ്ധസദനത്തില്‍നിന്നുള്ള നടക്കാന്‍പോലും ശേഷിയില്ലാത്ത രണ്ട് അമ്മമാരും ഒരു പൂര്‍ണഗര്‍ഭിണിയും അന്ന് സേവാമന്ദിരത്തില്‍ അഭയം തേടിയിരുന്നു. അഞ്ചുമണിക്കാണ് കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടിയിരുന്നത്. പുസ്തകങ്ങളെല്ലാം സമയത്തിന് മാറ്റാന്‍ സാധിക്കാതെവന്നു. കെട്ടിടം ഒഴിയില്ലെന്ന പേടിയില്‍ മനുഷ്യത്വം മറന്ന കാഴ്ചകളായിരുന്നു പിന്നീട് അവിടെ നടന്നതെന്ന്
സേവാമന്ദിറിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിലര്‍ ഒറ്റസ്വരത്തില്‍ പറയുന്നു. സ്‌നേഹത്തിനുമുകളില്‍ പണം പറന്നപ്പോള്‍ കെട്ടിടത്തിന് പുതിയ അവകാശികളെത്തി. അവര്‍ നടക്കാന്‍ കഴിയാത്ത വൃദ്ധകളെ കസേരയോടെ പുറത്തേക്കിരുത്തി. കെട്ടിടത്തിന്റെ ഓടുകളെല്ലാം അപ്പോള്‍ത്തന്നെ ഇളക്കിയെടുത്തു. ഇന്ന് പല കൈമറിഞ്ഞ് അവിടെ പുതിയ കെട്ടിടം ഉയര്‍ന്നുപൊങ്ങിയിരിക്കുന്നു. മൊയ്തീന്റെ വീട്, പഴയ സേവാമന്ദിരം... അതെല്ലാം ഓര്‍മ മാത്രമായിരിക്കുന്നു.
kanchana moideen
ആദ്യകാലത്ത് കാഞ്ചനമാലയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ സമരം
കാഞ്ചനയെ പൂര്‍ണമായി തഴയാന്‍ പക്ഷേ, എവിടെയും ന്യായമില്ലായിരുന്നു. പോരാട്ടങ്ങള്‍ക്കൊടുവില്‍ പഴയ കെട്ടിടത്തിന് പിറകിലായി ഏഴ് സെന്റ് സ്ഥലം സേവാമന്ദിറിനായി എതിര്‍കക്ഷിക്കാര്‍ വിട്ടുകൊടുത്തു. അവിടെ ഒരു നല്ല കെട്ടിടം അതാണ് ഇനി അവരുടെ അടുത്ത ലക്ഷ്യം. അതിനായി മുക്കം പഞ്ചായത്ത് ഓഫീസില്‍ ഇരുനില കെട്ടിടത്തിനുള്ള പ്ലാനും പാസാക്കിയിട്ടുണ്ട്. സേവാമന്ദിറിന്റെ ഇപ്പോഴത്തെ പ്രധാന സേവനം കാഞ്ചനമാലയുടെ കൗണ്‍സലിങ് ക്ലാസ്സുകള്‍ മാത്രമാണ്. ഉള്ള സൗകര്യത്തില്‍ തന്നെക്കൊണ്ടാവുംപോലെ സേവനം ചെയ്യുകയാണ് കാഞ്ചന. നാടിനെയും നാട്ടാരെയും ഏറെ സ്‌നേഹിച്ച, അനീതിക്കെതിരെ നെഞ്ചുവിരിച്ച് പ്രതികരിച്ച, സഹായംചോദിച്ചുവരുന്നവര്‍ക്ക് സ്വന്തം ജീവിതംതന്നെ സമര്‍പ്പിച്ച മൊയ്തീന്റെ പെണ്ണിനും ആ പോരാട്ടം തുടര്‍ന്നേ മതിയാകൂ. സിനിമ കണ്ടിറങ്ങിയ പലരും തിയേറ്ററുകളില്‍നിന്ന് നേരിട്ട് വെച്ചുപിടിക്കുന്നത് മുക്കത്തെ ലക്ഷ്യമാക്കിയാണ്.
  സിനിമയിലെവിടെയും യഥാര്‍ഥ കാഞ്ചനമാലയെപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും ഈ സേവാകേന്ദ്രത്തിന്റെ ഷെഡ്ഢിനുമുന്നില്‍ എന്നും നൂറുകണക്കിന് ആളുകളെത്തുന്നു. സ്‌നേഹത്തിന്റെയും  ത്യാഗത്തിന്റെയും വിപ്ലവത്തിന്റെയും ആ പെണ്‍പോരാളിയെ ഒരുനോക്കുകാണാന്‍. സഹോദരങ്ങളുടെ കൂടെ കഴിയുന്ന കാഞ്ചന രാവിലെ തന്നെ സേവാമന്ദിറില്‍ ഹാജരുണ്ടാകും. ആരേയും മുഷിപ്പിക്കാതെ രാത്രിവരെ അനുഭവങ്ങള്‍ പങ്കിട്ടും സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഒന്നും സംഭവിക്കാത്തപോലെ കാഞ്ചനമാല ഇവിടെയിരുന്ന് കാലത്തെ നോക്കി മന്ദഹസിക്കുന്നു.
  മുക്കം അഭിലാഷ് തിയേറ്ററില്‍നിന്ന് സിനിമയിലെ പാട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്... 'എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണേ...' 
എന്നാല്‍ ഒരു വിളിപ്പാടകലെ ആ പാട്ടിന് കാതോര്‍ക്കാതെ കാഞ്ചനമാല. മുക്കത്തുകാരുടെ സ്വന്തം കാഞ്ചനമാല തകര്‍ത്തോടുന്ന ആ സിനിമ ഇനിയും കണ്ടിട്ടില്ല. കാരണം ഇരുവഴിഞ്ഞിപ്പുഴയില്‍ അന്ന് മൊയ്തീന്‍ താഴ്ന്നുപോയ ആ മരണക്കയത്തേക്കാള്‍ ആയിരം മടങ്ങ് ശക്തമായ ജീവിതത്തിന്റെ കയം ഇന്നും അവര്‍ക്കുചുറ്റുമുണ്ട്.
മൊയ്തീന്റെ ചങ്കില്‍ നിന്നുതിര്‍ന്ന അനശ്വരപ്രണയത്തിന്റെ ഗാനങ്ങള്‍ക്കുമാത്രമേ കാഞ്ചന ചെവികൊടുത്തിട്ടുള്ളൂ... അന്നും എന്നും!   
 
വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌