Tuesday, February 22, 2011

ജോണ്‍ എന്നും വ്യത്യസ്തന്‍

കേരളം കണ്ട തീര്‍ത്തും വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു എം.എ.ജോണ്‍. വിപുലമായ വായന അദ്ദേഹത്തിന്റെ സമ്പത്തായിരുന്നു. അതുകൊണ്ടുതന്നെ ഒന്നിനും പൊരുത്തപ്പെടാനാകാതെ ആ രാഷ്ര്ട്രീയജീവിതം അവസാനിച്ചു. പനമ്പിള്ളി ഗോവിന്ദമേനോനും സി. കേശവനും ശേഷം യുക്തിബോധം ഉണ്ടായിരുന്ന അപൂര്‍വം ദേശീയപ്രസ്ഥാനക്കാരനായിരുന്നു അദ്ദേഹം. മകരജ്യോതി ഒരു തട്ടിപ്പാണെന്ന് തുറന്നുപറഞ്ഞ ഏക ഖദര്‍ ധാരി. ഈയിടെ കൊല്ലത്ത് നടന്ന യുക്തിവാദി സെമിനാറില്‍ ദേവസ്വം ബോര്‍ഡും മറ്റ് സര്‍ക്കാര്‍വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ കബളിപ്പിക്കലിനെ അദ്ദേഹം തുറന്നുകാട്ടി.
കോളജ് വിദ്യാഭ്യാസകാലത്ത് എം.എ.ജോണിനെ എനിക്ക്  പരിചയമുണ്ടായിരുന്നു. അദ്ദേഹം നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്  പരിവര്‍ത്തനവാദികള്‍ എന്ന സംഘടന അടിയന്തരാവസ്ഥയെ നിശിതമായി എതിര്‍ത്തു. ആ സംഘടനയിലെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. ഇരുപതിനപരിപാടി,  ഇലക്ഷന്‍ തട്ടിപ്പ്,  ഇന്ദിരയുടെ അടിയന്തരം തുടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകവഴി അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കാനും ഒളിവില്‍ കഴിയാനുമുള്ള സന്ദര്‍ഭമുണ്ടായത് അഭിമാനകരമായ ഒരു ജീവിതാധ്യായമായി ഞാന്‍ കരുതുന്നു. ഈ ലഘുലേഖ തയാറാക്കിയത് എം.എ.ജോണും പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.രാജനും അഭിഭാഷകന്‍ വി.രാമചന്ദ്രനും ആയിരുന്നു. കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച അന്നത്തെ  ഇടതുപക്ഷമുന്നണിയില്‍ അംഗവുമായിരുന്നു.
എം.എ.ജോണിന്റെ കുര്യനാട്ടുള്ള വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്. ആ വീട്ടിലെ ഗ്രന്ഥശേഖരം വിദ്യാര്‍ഥിയായിരുന്ന എന്നെ അദ്ഭുതപ്പെടുത്തുകയുണ്ടായി. എം.എ.ജോണും  മറ്റ് ദേശീയ നേതാക്കന്മാരും ചൈനയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മറ്റും ക്ലാസുകള്‍ എടുത്തിരുന്ന സമയത്ത് ഞാന്‍ ആ ലൈബ്രറിയില്‍ ഇരുന്ന് അഭിജ്ഞാനശാകുന്തളത്തിലെ ഒരു ശ്ലോകം കാണാതെ പഠിച്ചു.
കാന്താംഗി നാലടി നടന്നു നിന്നുകൊണ്ടാള്‍
കാലില്‍ തറച്ചിതു കുശാങ്കുരം എന്ന് കാന്തേ
ക്ഷീരത്തവൃക്ഷ നിടപത്തില്‍ ഉടക്കിയല്ലെന്നാലും
വിടര്‍ത്തുവതിനായി മുഖവും തിരിച്ചാള്‍
ഇതായിരുന്നു  ഇപ്പോഴും എന്റെ ഓര്‍മയിലുള്ള ആ ശ്ലോകം . ഒരു  രാഷ്ട്രീക്കാരന്റെ വീട്ടില്‍നിന്ന് അഭിജ്ഞാന ശാകുന്തളം കണ്ടെത്തുക ഇപ്പോഴും അദ്ഭുതകരമായ ഒരു കാര്യമാണ്.
യുക്തിവാദിസംഘത്തിന്റെ യോഗങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയക്കാരെ സാധാരണ കാണാറില്ല. എന്നാല്‍ എം.എ.ജോണ്‍ യുക്തിവാദി സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ജാതി-മത-ദൈവ രഹിതമായ തന്റെ ജീവിതനിലപാട് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. സമൂഹത്തെ രക്ഷിക്കാന്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് എം.എ.ജോണ്‍ പറഞ്ഞിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളെ പിന്തുടരാന്‍ ബാധ്യതയുള്ള ഖദര്‍ധാരികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാകുന്നു മതം രോഗവും, വര്‍ഗീയത രോഗലക്ഷണവുമാണെന്ന്  വിശ്വസിച്ചിരുന്ന എം.എ.ജോണ്‍.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...