Tuesday, February 22, 2011

പുസ്തകങ്ങളെ സ്‌നേഹിച്ച രാഷ്ട്രീയക്കാരന്‍

കോട്ടയം: കുര്യനാട്ടെ മറ്റത്തില്‍ മനുവള്ളിയില്‍ എത്തുന്ന ആര്‍ക്കും എം.എ. ജോണിന്റെ ലൈബ്രറി കാണാതെ പോകാന്‍ കഴിയില്ല. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറിയുടെ ഉടമയായിരുന്നു ജോണ്‍.
രണ്ടുമുറികളിലായി അലമാരകളില്‍ വിവിധ ഭാഷകളിലെ പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണദ്ദേഹത്തിനുള്ളത്. ലഘുലേഖകള്‍, സ്വാതന്ത്ര്യത്തിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പുറത്തിറക്കിയ പ്രകടന പത്രികകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവയുടെ പ്രത്യേകശേഖരവും ഇതിലുണ്ട്. 'ഇന്ദിരയാണ് ഇന്ത്യ' എന്ന ഡി.കെ. ബറുവയുടെ വിവാദപുസ്തകം മുതല്‍ എന്റെ രക്തം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് മരണത്തിന് തൊട്ടുമുമ്പ് ഇന്ദിര എഴുതിയ ലഘുപുസ്തകം വരെ അലമാരകളില്‍ സ്ഥാനം പിടിച്ചു. ബൈബ്ള്‍, ഖുര്‍ആന്‍, ഭഗവത്ഗീത, മഹാഭാരതം, രാമായണം തുടങ്ങിയ മത ഗ്രന്ഥങ്ങളും ഇതിഹാസങ്ങളും ശേഖരത്തില്‍ ഇടംപിടിച്ചു.
എന്‍.ഇ. ബലറാമിന്റെയും സി. അച്യുതമേനോന്റെയും ഇ.കെ. നായനാരുടെയും സമ്പൂര്‍ണ കൃതികള്‍ക്ക് പുറമേ, മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്മാരുടെ കഥകളുടെയും നോവലുകളുടെയും വലിയൊരു ശേഖരവും ലൈബ്രറിയെ സമ്പന്നമാക്കി. പുസ്തകങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ലൈബ്രറിയുടെ സാന്നിധ്യം കിടപ്പുമുറിയിലുമെത്തി. ചരിത്രവിദ്യാര്‍ഥികള്‍ ഗവേഷണവുമായി ബന്ധപ്പെട്ട് എം.എ. ജോണിന്റെ ലൈബ്രറിയില്‍ എത്തുന്നത് പതിവായിരുന്നു. ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പല പുസ്തകങ്ങളുടെയും റഫറന്‍സിന് ഉപയോഗിച്ചതും ഈ ലൈബ്രറിയെയാണ്. ദിവസങ്ങളോളം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിക്കുമായിരുന്നു. പുസ്തകങ്ങള്‍ പരിശോധിക്കാനും പഠിക്കാനും അവസരം നല്‍കിയിരുന്ന ജോണ്‍ വിജ്ഞാനദാഹികളായി എത്തുന്നവര്‍ക്കൊപ്പം ചരിത്രത്തിലേക്കുള്ള പിന്‍നടത്തത്തിനും അവസരം ഒരുക്കിയിരുന്നു.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...