Tuesday, February 22, 2011

എം.എ. ജോണ്‍ അന്തരിച്ചു

എം.എ. ജോണ്‍ അന്തരിച്ചു


എം.എ. ജോണ്‍ അന്തരിച്ചു
കോട്ടയം: അനീതിയോടും അഴിമതിയോടും വിട്ടുവീഴ്ചയില്ലാതെ ജീവിതകാലം മുഴുവന്‍ പോരാടിയ എം.എ. ജോണ്‍ (75) അന്തരിച്ചു.യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു സംഘടനകളുടെ സ്ഥാപക നേതാവും ഗാന്ധിയനും സംശുദ്ധരാഷ്ട്രീയത്തിന് ഉടമയുമായ കുര്യനാട് മറ്റത്തില്‍ മനുവള്ളിയില്‍ എം.എ. ജോണിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കുര്യനാട്ടെ വസതിയിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മോനിപ്പള്ളി എം.യു.എച്ച് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ ലൂസി അമേരിക്കയിലെ മകളുടെ അടുത്തായതിനാല്‍ രണ്ടുമാസത്തോളമായി അദ്ദേഹം ഒറ്റക്കായിരുന്നു. വ്യാഴാഴ്ച ഇവര്‍ എത്തിയ ശേഷമാവും സംസ്‌കാരം.
ചൊവ്വാഴ്ച തൃശൂരില്‍ നടക്കുന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുന്നതിന് ജോണിനെ കൊണ്ടുപോകാന്‍ സംഘാടകര്‍ രാവിലെ ഒമ്പതരയോടെ വീട്ടിലെത്തി. വിളിച്ചിട്ടും കതക് തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. തൃശൂരില്‍നിന്നെത്തിയവരും വീട്ടിലെ പണിക്കാരും സഹോദര പുത്രന്‍ ടോമിയുടെ മകന്‍ ടിജുവിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. ഏതാനും വര്‍ഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ കുര്യനാട് മുണ്ടിയാനിപ്പുറം കുടുംബാംഗമാണ്. മക്കള്‍: ജയശ്രീ (ബംഗളൂരു), ജയന്തി (യു.എസ്.എ). മരുമക്കള്‍: സെന്‍ എബ്രഹാം തോമസ് (യു.എസ്.എ), രഞ്ജന്‍ (ഒറീസ).
സംസ്ഥാനത്ത് കോണ്‍ഗ്രസ് പടുത്തുയര്‍ത്താനും പോഷക സംഘടനകള്‍ സജീവമാക്കാനും ജോണ്‍ വഹിച്ച പങ്ക് ഏറെയാണ്. വിമോചന സമരത്തിലും ഒരണ സമരത്തിലും മുന്‍നിരയിലുണ്ടായിരുന്നു. തികഞ്ഞ ഗാന്ധിയനും ആദര്‍ശവാദിയുമായ ജോണിന് ദേശീയ യുവജന സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോണ്‍ തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതിനെത്തുടര്‍ന്ന് രണ്ടുതവണ അച്ചടക്കനടപടിക്ക് വിധേയനായി. അനീതിയെ എവിടെയും എന്നും ചോദ്യം ചെയ്തിരുന്ന ജോണ്‍ ഓരോ സാഹചര്യത്തിലും പാര്‍ട്ടി നേതൃനിരയുമായി ഭിന്നതയിലായി. ഒരുവേള എ.കെ. ആന്റണിക്കും കെ. കരുണാകരനുമെതിരെ ശക്തമായ നിലപാടും ഇദ്ദേഹം എടുത്തു. ഇരുവരും ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കുകയായിരുന്നെന്ന് ഇദ്ദേഹം പലപ്പോഴൂം കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 12 വര്‍ഷം പാര്‍ട്ടിക്ക് പുറത്തുനില്‍ക്കേണ്ടിവന്നു.
കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ.എസ്.യുവിന്റെ സംസ്ഥാന നേതാവായും യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1961ലാണ് ഇത്. അക്കാലത്ത് യൂത്ത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ മാത്രമേ പ്രസിഡന്റ് ഉണ്ടായിരുന്നുള്ളൂ.
'65ല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമിതി പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാമരാജിന് കത്തെഴുതി ദേശീയതലത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കാനുള്ള നാലംഗ സമിതിയില്‍ അംഗമായി. '68ല്‍ കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. '69ലും '78ലും കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ ജോണിന് നിര്‍ണായക പങ്ക് വഹിക്കേണ്ടിവന്നു. എന്നാല്‍, പാര്‍ട്ടി പദവിയിലെത്തിയിട്ടും അധികാരത്തിന് പിന്നാലെ പോകാന്‍ തയാറായില്ല.
കോണ്‍ഗ്രസ് പിളര്‍പ്പിനിടെ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി അച്ചടക്കലംഘന നടപടിയായി വിലയിരുത്തി അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന എ.കെ. ആന്റണി ജോണിനെ പുറത്താക്കുകയായിരുന്നു. ഇതോടെ, ജോണിന്റെ നേതൃത്വത്തില്‍ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് പരിവര്‍ത്തനവാദി കോണ്‍ഗ്രസിന് രൂപം നല്‍കി. 'അച്ചടക്കം അടിമത്തമല്ല; എം.എ. ജോണ്‍ നമ്മെ നയിക്കും' -എന്ന ചുവരെഴുത്തുകള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടത് ഇക്കാലത്താണ്. പിന്നീട് അടിയന്തരാവസ്ഥ ക്കാലത്തെ ചില നടപടികളില്‍ പ്രതിഷേധിച്ച് പരിവര്‍ത്തനവാദി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ജോണ്‍ തയാറായി. ഇതിനിടെ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കരുണാകരന്റെ പക്ഷത്തേക്ക് ചേക്കേറി.
കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ കോണ്‍ഗ്രസ്-എസില്‍ എത്തിയ ജോണ്‍ ഇതില്‍ സംതൃപ്തനാവാതെ സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്മാറി.
സാംസ്‌കാരിക പരിപാടികളിലും എഴുത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് അന്ത്യം.
വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ പരിധിക്ക് പുറത്തുകടന്ന് നവരാഷ്ട്രീയ ചിന്ത ഉണര്‍ത്തിയ ജോണിന്റെ വിവാഹം 43ാം വയസ്സില്‍ മതപരമായ ചടങ്ങുകളില്ലാതെ സ്വന്തം ഭവനത്തിലാണ് നടത്തിയത്.
സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇക്കാര്യത്തില്‍ കുടുംബാംഗങ്ങള്‍ എത്തിയശേഷം തീരുമാനമെടുക്കും. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്ന് അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നു.

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...